Quantcast

ക്ഷേത്രത്തിലെ ജോലി ഒഴിയാൻ കമ്മിറ്റിയുടെ ഭീഷണി; സ്വയം തീകൊളുത്തിയ പൂജാരി മരിച്ചു; നാല് പേർ അറസ്റ്റിൽ

2000 മുതൽ ക്ഷേത്രത്തിൽ മുഖ്യപൂജാരിയായി പ്രവർത്തിച്ചുവരുന്ന ഇദ്ദേഹം പ്രതികളുടെ ഭീഷണിയും സമ്മർദവും മൂലം കുറച്ചുനാളായി കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു.

MediaOne Logo

Web Desk

  • Updated:

    2022-08-19 07:25:12.0

Published:

19 Aug 2022 7:13 AM GMT

ക്ഷേത്രത്തിലെ ജോലി ഒഴിയാൻ കമ്മിറ്റിയുടെ ഭീഷണി; സ്വയം തീകൊളുത്തിയ പൂജാരി മരിച്ചു; നാല് പേർ അറസ്റ്റിൽ
X

ക്ഷേത്രത്തിലെ ജോലിയിൽ നിന്ന് ഒഴിയാൻ കമ്മിറ്റിക്കാർ നിരന്തരം ഭീഷണിപ്പെടുത്തിയതിൽ മനംനൊന്തം സ്വയം തീ കൊളുത്തിയ മുതിർന്ന പൂജാരി മരിച്ചു. രാജസ്ഥാനിലെ ജയ്പൂർ മുർലിപുരയിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. ​ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 60കാരനായ ​ഗിരിരാജ് പ്രസാദ് ശർമയാണ് ഇന്നലെ അർധരാത്രിയോടെ മരണത്തിന് കീഴടങ്ങിയത്.

സംഭവത്തിൽ ഇദ്ദേഹത്തിന്റെ ഭാര്യയുടെ പരാതിപ്രകാരം ഏഴ് പേർക്കെതിരെ കേസെടുക്കുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വികസന സമിതിയം​ഗങ്ങളായ ദിനേശ് ധരിയാൽ, മൂൽചന്ദ് മൻ, സൻവർമൽ അ​ഗർവാൾ, രാം കൃഷ്ണൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത്. ശങ്കർ ജോഷി, അശോക് ഝലാനി, മലിറാം സ്വാമി എന്നിവരാണ് ഇനി അറസ്റ്റിലാവാനുള്ളത്.

2000 മുതൽ ക്ഷേത്രത്തിൽ മുഖ്യപൂജാരിയായി പ്രവർത്തിച്ചുവരുന്ന അദ്ദേഹം പ്രതികളുടെ ഭീഷണിയും സമ്മർദവും മൂലം കുറച്ചുനാളായി കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നെന്ന് ഭാര്യയുടെ പരാതിയിൽ പറയുന്നു. അദ്ദേഹത്തെ പുറത്താക്കാനും ക്ഷേത്രത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും കുറച്ചുകാലമായി പ്രതികൾ ശ്രമിച്ചുവരുന്നതായും ഭാര്യ പറയുന്നു.

പ്രതികൾ നിരന്തരം സം​ഗീതോപകരണങ്ങളുമായി ക്ഷേത്രത്തിലെത്തി ഇവിടുത്തെ ആചാര കർമങ്ങൾ തടസപ്പെടുത്തുക പതിവാണെന്ന് ഭാര്യ വ്യക്തമാക്കി. പൂജാരിയുടെ മരണം പ്രദേശത്ത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. നിരവധി ​ഗ്രാമീണർ പൂജാരിയെ പിന്തുണച്ച് ക്ഷേത്ര പരിസരത്ത് തമ്പടിച്ചിട്ടുണ്ട്. സം​ഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു.

പുലർച്ചെ അഞ്ചോടെ മകനൊപ്പം ക്ഷേത്രത്തിലെത്തിയ ശർമ, ശേഷം സ്വയം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നെന്ന് അഡീഷനൽ ഡിഎസ്പി രാംസിങ് പറഞ്ഞു. തുടർന്ന് തീ കത്തുന്ന നിലയിൽ ഓടിയ ശർമ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പ്രതികളിലൊരാളായ മൂൽചന്ദ് മന്നിന്റെ വീട്ടുമുറ്റത്ത് പോയി വീഴുകയായിരുന്നു.

ക്ഷേത്രത്തിന് സമീപത്തെ ഒരു വാടകവീട്ടിൽ അഞ്ച് മക്കളും ഭാര്യയുമായി താമസിക്കുന്ന ശർമയുടെ സാമ്പത്തികസ്ഥിതി വളരെ മോശമാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ പ്രതികൾക്കെതിരെ പ്രദേശത്തെ അഭിഭാഷകയായ രേഖ ദീക്ഷിത്തും രം​ഗത്തെത്തി. ശർമയ്ക്ക് പ്രതികളിൽ നിന്ന് കടുത്ത സമ്മർദവും ഭീഷണിയും ഉണ്ടായിരുന്നെന്ന് അവർ വ്യക്തമാക്കി. ക്ഷേത്രത്തിന്റെ പൂർണ നിയന്ത്രണം കൈക്കലാൻ ശ്രമിച്ച പ്രതികൾ അദ്ദേഹത്തെ നിരന്തരം മാനസികമായി പീഡിപ്പിക്കുകയായിരുന്നെന്ന് മറ്റൊരു അയൽവാസി പറഞ്ഞു.

ശങ്കർ വിഹാർ കോളനിയിലെ ഒരു പാർക്കിലാണ് ക്ഷേത്രം. ക്ഷേത്രം സ്ഥാപിച്ച കാലത്ത് ഇവിടെ വികസന സമിതി ഉണ്ടായിരുന്നില്ല. പ്രദേശവാസികൾ പണം പിരിച്ചാണ് ക്ഷേത്രത്തിന്റെ പണി പൂർത്തിയാക്കിയത്. പിന്നീട് 2011ലാണ് ചില പ്രദേശവാസികൾ ചേർന്ന് ഒരു കമ്മിറ്റി രൂപീകരിക്കുന്നത്. പ്രദേശത്ത് വലിയ സ്വാധീനമുള്ളവരാണ് പ്രതികളെന്നും അഡീഷനൽ ഡിസിപി അറിയിച്ചു.

TAGS :

Next Story