Quantcast

'സർക്കാർ ഒന്നിൽ നിന്നും ഓടി ഒളിച്ചിട്ടില്ല, പാവങ്ങളുടെ ശാക്തീകരണം കണ്ടില്ലേ'; പ്രതിപക്ഷത്തിന് മറുപടിയുമായി പ്രധാനമന്ത്രി

ജനക്ഷേമമാണ് സർക്കാരിന്റെ നയമെന്നും ജനങ്ങളുടെ ഉന്നമനത്തേക്കാൾ സർക്കാരിന് എന്താണ് വലിയ സന്തോഷമെന്നും മോദി ചോദിച്ചു

MediaOne Logo

Web Desk

  • Updated:

    2023-02-09 11:29:04.0

Published:

9 Feb 2023 9:28 AM GMT

Narendra Modi
X

Narendra Modi

പ്രതിപക്ഷം ഉയർത്തിയ വിവിധ ആരോപണങ്ങൾക്ക് രാജ്യസഭയിൽ നന്ദി പ്രമേയ ചർച്ചക്കിടെ മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. സർക്കാർ ഒന്നിൽ നിന്നും ഓടി ഒളിച്ചിട്ടില്ലെന്നും പാവങ്ങളുടെ ഉന്നമനത്തിനായി നിലകൊള്ളാൻ സർക്കാരിനായെന്നും പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. മോദി-അദാനി ഭായി-ഭായി എന്ന മുദ്രാവാക്യങ്ങൾക്കിടയിലാണ് മോദി സംസാരിച്ചത്.

കർണ്ണാടകയിലെ ജൻ ധൻ അക്കൗണ്ടുകൾ ചൂണ്ടിക്കാട്ടിയാണ് മോദി ഖാർഗെക്ക് മറുപടി നൽകിയത്. പാവങ്ങളുടെ ശാക്തീകരണം കണ്ടില്ലേയെന്ന് ചോദിച്ച പ്രധാനമന്ത്രി ജനം തിരസ്‌കരിച്ചവരുടെ മുതല കണ്ണീരാണ് പ്രതിപക്ഷത്തിന്റേതെന്ന് പരിഹസിച്ചു. ജനക്ഷേമമാണ് സർക്കാരിന്റെ നയമെന്നും ജനങ്ങളുടെ ഉന്നമനത്തേക്കാൾ സർക്കാരിന് എന്താണ് വലിയ സന്തോഷമെന്നും മോദി ചോദിച്ചു. ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കാനായെന്നും അവരുടെ അനുഗ്രഹം സർക്കാരിനുണ്ടെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

ഇന്ന് അതിർത്തി ഗ്രാമങ്ങളിൽ പോലും വൈദ്യുതി എത്തുന്നുണ്ടെന്നും മുടക്കമില്ലാതെ 24 മണിക്കൂറും വൈദ്യുതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഊർജ്ജ രംഗത്ത് രാജ്യം പുരോഗതിയിലാണെന്നും ചൂണ്ടിക്കാട്ടി. ജനതാ ജനാർദ്ദനൻ എന്നതിലൂന്നിയാണ് സർക്കാറിന്റെ വികസന നയമെന്നും മോദി പറഞ്ഞു. എൽ.പി.ജി കണക്ഷനായി എം.പിമാരെ സമീപിക്കുന്ന കാലം മുമ്പുണ്ടായിരുന്നുവെന്നും എന്നാൽ ഇന്ന് ജനങ്ങൾക്ക് നേരിട്ട് കണക്ഷനെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പ്രധാനമന്ത്രി മറുപടി പറയാനായി എഴുന്നേറ്റ് നിന്നത് മുതൽ രാജ്യസഭയിൽ കനത്ത ബഹളമായിരുന്നു. ലോക്‌സഭയെ അപേക്ഷിച്ച് പ്രതിപക്ഷത്തിന് അംഗസംഖ്യ കൂടുതലുള്ള രാജ്യസഭയിൽ മോദി - അദാനി ഭായി ഭായി വിളികളുമായി പ്രതിപക്ഷം ബഹളം വെച്ചു. എന്നാൽ മോദി മോദി വിളികളുമായി ഭരണപക്ഷം അദ്ദേഹത്തിന് പിന്തുണ നൽകി.

പ്രതിപക്ഷ സമീപനം രാജ്യ താൽപര്യം തകർക്കുന്നതാണെന്നും കോൺഗ്രസ് കുടുംബം രാജ്യത്തെ തകർത്തുവെന്നും മോദി കുറ്റപ്പെടുത്തി.കോൺഗ്രസിന് രാഷ്ട്ര ചിന്തയില്ല, രാഷ്ട്രീയ ചിന്ത മാത്രമാണുള്ളതെന്നും പ്രതിപക്ഷം സാങ്കേതിക വിദ്യയ്‌ക്കെതിരാണെന്നും മോദി പറഞ്ഞു. കോൺഗ്രസ് ശാസ്ത്രത്തെയും സാങ്കേതിക വിദ്യയേയും അവഗണിച്ചുവെന്നും വിമർശിച്ചു. അതേസമയം, സർക്കാർ സാങ്കേതിക വിദ്യ സാധാരണക്കാർക്കായി ഉപയോഗിക്കുന്നുവെന്നും പറഞ്ഞു. തൊഴിലും തൊഴിലില്ലായ്മയും തമ്മിലുള്ള വ്യത്യാസം പ്രതിപക്ഷത്തിനറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഈ രാജ്യം ഒരു കുടുംബത്തിന്റെയും സ്വത്തല്ലെന്നും ഗാന്ധിയുടെയും നെഹ്‌റുവിന്റെയും പേരിൽ നിരവധി പദ്ധതികളുണ്ടെന്നും മോദി പറഞ്ഞു. ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ പിരിച്ച് വിട്ടിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. ഭരണ ഘടനയുടെ 356 വകുപ്പ് ദുരുപയോഗിച്ചത് കോൺഗ്രസാണെന്നും ആരോപിച്ചു.

നമ്മുടെ രാജ്യം സാമ്പത്തിക ശക്തിയാകണമെന്നും സംസ്ഥാനങ്ങൾ വികസനത്തിന്റെ പാത തെരഞ്ഞെടുക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രീയം കളിക്കുന്നവർ വികസനത്തെ തുരങ്കം വെയ്ക്കുകയാണെന്ന് വിമർശിച്ചു. ഗുജറാത്തിലെ വിജയം ജനങ്ങൾ തങ്ങൾക്ക് നൽകിയ അംഗീകാരമാണെന്നും കുടിവെള്ള പ്രശ്‌നമടക്കം പരിഹരിക്കുന്ന സർക്കാർ ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Prime Minister Narendra Modi responded to various allegations made by the opposition in the Rajya Sabha

TAGS :

Next Story