നെഹ്‌റു ഉയർത്തിയ ആദ്യ പതാകയുടെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി
1947 ജൂലൈ 22നാണ് ത്രിവർണ ദേശീയ പതാക അംഗീകരിക്കപ്പെട്ടത്
ന്യൂഡൽഹി: ഇന്ത്യയുടെ ദേശീയ പതാക സ്വീകരിച്ച ദിനത്തിൽ, ന്യൂഡൽഹി ആർമി ബാറ്റിൽ ഓണേഴ്‌സ് മെസ്സിൽ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഉയർത്തിയ പതാകയുടെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 1947 ജൂലൈ 22നാണ് ത്രിവർണ ദേശീയ പതാക അംഗീകരിക്കപ്പെട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള ട്വീറ്റിലാണ് ആദ്യ പതാക പ്രധാനമന്ത്രി പങ്കുവെച്ചത്.
'ഇന്ന്, ജൂലൈ 22 ന് നമ്മുടെ ചരിത്രത്തിൽ ഒരു പ്രത്യേക പ്രസക്തിയുണ്ട്. 1947 ലെ ഈ ദിവസമാണ് നമ്മുടെ ദേശീയ പതാക സ്വീകരിച്ചത്. നമ്മുടെ ത്രിവർണ പതാകയുമായി ബന്ധപ്പെട്ട സമിതിയുടെയും പണ്ഡിറ്റ് നെഹ്റു ഉയർത്തിയ ആദ്യത്തെ ത്രിവർണ്ണ പതാകയുടെയും വിശദാംശങ്ങൾ ഉൾപ്പെടെ ചരിത്രത്തിൽ നിന്നുള്ള രസകരമായ ചില കാര്യങ്ങൾ പങ്കിടുന്നു' എന്ന കുറിപ്പും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
അതേസമയം, ആഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിൽ ത്രിവർണ പതാക ഉയർത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളോട് അഭ്യർത്ഥിച്ചിരിക്കുകയാണ്. 'ഈ വർഷം, ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുമ്പോൾ, നമുക്ക് 'ഹർ ഘർ തിരംഗ'പ്രസ്ഥാനത്തെ ശക്തിപ്പെടുത്താം. ആഗസ്റ്റ് 13നും 15നും ഇടയിൽ നിങ്ങളുടെ വീടുകളിൽ ത്രിവർണ്ണ പതാക ഉയർത്തുക. 'ഹർ ഘർ തിരംഗ(എല്ലാ വീട്ടിലും ത്രിവർണം) ദേശീയ പതാകയുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ആഴത്തിലാക്കും' പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. 75ാം സ്വാതന്ത്ര്യ ദിന വാർഷികവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഹർ ഘർ തിരംഗ പരിപാടി സംഘടിപ്പിക്കുകയാണ്.
Prime Minister shared the picture of the first flag hoisted by Nehru
Adjust Story Font
16