Quantcast

​ഗുജറാത്തിൽ ബലാത്സം​ഗശ്രമം ചെറുത്ത ആറ് വയസുകാരിയെ കൊന്ന് സ്കൂളിന് പിന്നിൽ കുഴിച്ചുമൂടി പ്രിൻസിപ്പൽ

എല്ലാ ദിവസവും പ്രിൻസിപ്പലിനൊപ്പമാണ് പെൺകുട്ടി സ്കൂളിൽ പോയിരുന്നതെന്ന് അമ്മ പൊലീസിനോടു പറഞ്ഞു. എന്നാൽ അന്ന് പെൺകുട്ടി സ്‌കൂളിൽ എത്തിയില്ല.

MediaOne Logo

Web Desk

  • Updated:

    2024-09-24 09:24:39.0

Published:

24 Sep 2024 9:20 AM GMT

Principal Kills Girl, 6, For Resisting Rape, Dumps Body In School Compound
X

അഹമ്മദാബാദ്: ബലാത്സം​ഗ ശ്രമം ചെറുത്ത ആറ് വയസുകാരിയെ കൊലപ്പെടുത്തി സ്കൂൾ കോമ്പൗണ്ടിൽ കുഴിച്ചുമൂടി പ്രിൻസിപ്പൽ. ​ഗുജറാത്തിലെ ദാഹോദ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. സ്കൂളിലേക്കു പോയ ഒന്നാം ക്ലാസ് വിദ്യാർഥിനി തിരികെയെത്താത്തതിനെ തുടർന്ന് മാതാവ് നൽകിയ തിരോധാന പരാതിയിൽ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊടുംക്രൂര കൊലപാതകവിവരം പുറത്താവുന്നത്.

സംഭവത്തിൽ 55കാരനായ ​ഗോവിന്ദ് നട്ട് ആണ് അറസ്റ്റിലായത്. പെൺകുട്ടിയെ ശ്വാസംമുട്ടി കൊലപ്പെടുത്തിയ ശേഷം സ്കൂൾ കോമ്പൗണ്ടിൽ കുഴിച്ചുമൂടുകയും ബാ​ഗും ഷൂസും ക്ലാസ് മുറിക്ക് സമീപം ഉപേക്ഷിക്കുകയുമായിരുന്നു. വ്യാഴാഴ്ച സ്കൂൾ കോമ്പൗണ്ടിൽനിന്ന് ആറ് വയസുകാരിയുടെ മൃതദേഹം പുറത്തെടുത്തതോടെയാണ് കൊലപാതകവിവരം നാടാകെയറിഞ്ഞത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്വാസംമുട്ടിയാണ് പെൺകുട്ടി മരിച്ചതെന്ന് കണ്ടെത്തി. സംഭവത്തിൽ പൊലീസ് കേസെടുത്ത് 10 സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

എല്ലാ ദിവസവും പ്രിൻസിപ്പലിനൊപ്പമാണ് പെൺകുട്ടി സ്കൂളിൽ പോയിരുന്നതെന്ന് അമ്മ പൊലീസിനോടു പറഞ്ഞു. എന്നാൽ സംഭവദിവസം, താൻ പെൺകുട്ടിയെ സ്കൂളിൽ വിട്ടശേഷം മറ്റു ചില ജോലികൾക്കായി പോവുകയായിരുന്നു എന്നായിരുന്നു പ്രിൻസിപ്പൽ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഈ വാദം പൊലീസ് വിശ്വസിച്ചില്ല. തുടർന്ന് ഇയാളുടെ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഇയാൾ അന്ന് വൈകിയും സ്‌കൂളിലുണ്ടായിരുന്നെന്ന് മനസിലായി. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ക്രൂരകൃത്യം ചെയ്തത് താനാണെന്ന് പ്രിൻസിപ്പൽ സമ്മതിച്ചു.

'രാവിലെ 10.20ഓടെയാണ് പ്രിൻസിപ്പൽ പെൺകുട്ടിയെ അവളുടെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയത്. ഇയാളുടെ കാറിലായിരുന്നു യാത്ര. എന്നാൽ അന്ന് പെൺകുട്ടി സ്‌കൂളിൽ എത്തിയില്ല. സ്‌കൂളിലെ മറ്റു വിദ്യാർഥികളും അധ്യാപകരും ഇത് സ്ഥിരീകരിച്ചു. വൈകീട്ട് വീട്ടിലുമെത്തിയില്ല. സ്‌കൂളിലേക്കുള്ള വഴിമധ്യേ പ്രിൻസിപ്പൽ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. അവൾ നിലവിളിക്കാൻ തുടങ്ങിയപ്പോൾ പ്രിൻസിപ്പൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു'- മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സ്കൂളിലെത്തിയ ശേഷം ആരും കാണാതിരിക്കാൻ ഒഴിഞ്ഞിയിടത്ത് കാർ പാർക്ക് ചെയ്ത ശേഷം പെൺകുട്ടിയുടെ മൃതദേഹം സീറ്റിനു താഴെയാക്കി വാഹനം ലോക്ക് ചെയ്തു. തുടർന്ന് വൈകീട്ട് അഞ്ച് മണിയോടെ ക്ലാസ് കഴിഞ്ഞ സമയം ഇയാൾ മൃതദേഹം എടുത്ത് സ്കൂൾ കെട്ടിടത്തിനു പിറകിൽ കുഴിച്ചുമൂടുകയും ബാ​ഗും ഷൂസുമടക്കമുള്ളവ ക്ലാസ് മുറിയിൽ ആരും കാണാതെ സൂക്ഷിക്കുകയും ചെയ്തു. ഇക്കാര്യവും ഇയാൾ ആദ്യം നിഷേധിച്ചിരുന്നു. എന്നാൽ സാങ്കേതിക പരിശോധനയിൽ പൊലീസ് എല്ലാം കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ, പ്രതിക്കെതിരെ ഭാരതീയ ന്യായ് സംഹിത, പോക്സോ നിയമങ്ങളിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സമൂഹത്തിന് നാണക്കേടുണ്ടാക്കുന്ന കുറ്റകൃത്യമാണ് ഇതെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി കുബേർ ദിൻഡോർ പറഞ്ഞു. ആ കുട്ടിയുടെ അവസ്ഥയോർത്ത് ഏറെ വേദന തോന്നുന്നു. മൂന്ന് ദിവസം ഞങ്ങൾ ഈ സംഭവത്തിന്റെ പിന്നാലെയായിരുന്നു. ഇതിന്റെ ചുരുളഴിക്കാൻ ഞങ്ങൾ പൊലീസിനോട് പറഞ്ഞിരുന്നു. പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെ ശക്തമായി അപലപിക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ഞങ്ങൾ നടപടികൾ സ്വീകരിക്കും- മന്ത്രി വിശദമാക്കി.

TAGS :

Next Story