ശാസ്ത്രതത്വങ്ങൾ ഉത്ഭവിച്ചത് വേദങ്ങളിൽനിന്ന്, പക്ഷേ പുറത്തുവന്നത് പാശ്ചാത്യ കണ്ടുപിടിത്തങ്ങളായി: ഐ.എസ്.ആർ.ഒ ചെയർമാൻ
ഇന്ത്യൻ ശാസ്ത്രജ്ഞർ ഉപയോഗിച്ചത് സംസ്‌കൃതമായിരുന്നു. സംസ്‌കൃതത്തിന് അന്ന് ലിഖിത ലിപി ഇല്ലാത്തതുകൊണ്ടാണ് ഈ കണ്ടുപിടിത്തങ്ങളൊന്നും സ്ഥാപിക്കാനാവാതെ പോയതെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു.
ഉജ്ജയിൻ: ശാസ്ത്രതത്വങ്ങൾ ഉത്ഭവിച്ചത് വേദങ്ങളിൽനിന്നാണെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ്. ബീജഗണിതം, വർഗമൂലങ്ങൾ, സമയത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ, വാസ്തുവിദ്യ, പ്രപഞ്ചഘടന, ലോഹശാസ്ത്രം, വ്യോമയാനം തുടങ്ങിയവയെല്ലാം ആദ്യമായി അവതരിപ്പിക്കപ്പെട്ടത് വേദങ്ങളിൽനിന്നാണ്. ഇതെല്ലാം ഇന്ത്യയിൽനിന്ന് അറബ് രാജ്യങ്ങൾ വഴി യൂറോപ്പിലെത്തി. പിന്നീട് പാശ്ചാത്യലോകത്തിന്റെ കണ്ടുപിടിത്തങ്ങളായി സ്ഥാപിക്കപ്പെടുകയാണെന്ന് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഉജ്ജയിനിയിലെ മഹർഷി പാണിനി സാൻസ്‌ക്രിറ്റ് ആന്റ് വേദിക് യൂണിവേഴ്‌സിറ്റിയുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഐ.എസ്.ആർ.ഒ ചെയർമാൻ.
അന്ന് സംസ്‌കൃത ഭാഷയായിരുന്നു ഇന്ത്യൻ ശാസ്ത്രജ്ഞർ ഉപയോഗിച്ചിരുന്നത്. സംസ്‌കൃതത്തിന് അന്ന് ലിഖിത ലിപിയില്ലായിരുന്നു. അതുകൊണ്ട് തന്നെ ഇതൊന്നും സ്ഥാപിക്കാനായില്ല. കേൾക്കുകയും ഹൃദയംകൊണ്ട് പഠിക്കുകയും ചെയ്താണ് സംസ്‌കൃതം നിലനിന്നത്. പിന്നീടാണ് സംസ്‌കൃതത്തിന് ദേവനാഗരി ലിപി ഉപയോഗിക്കാൻ തുടങ്ങിയതെന്നും സോമനാഥ് പറഞ്ഞു.
ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, വ്യോമയാനശാസ്ത്രം എന്നിവയിലെ പല കണ്ടെത്തലുകളും സംസ്‌കൃതത്തിൽ എഴുതിവെച്ചിട്ടുണ്ട്. എന്നാൽ അവ പൂർണമായി പഠിക്കാനോ ഉപയോഗിക്കാനോ ഇതുവരെ ശ്രമിച്ചിട്ടില്ല. എഞ്ചിനീയർമാരും ശാസ്ത്രജ്ഞൻമാരും സംസ്‌കൃതത്തെ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്. കമ്പ്യൂട്ടർ ഭാഷക്കും ഇത് അനുയോജ്യമാണ്. സംസ്‌കൃതത്തെ സാങ്കേതിക മേഖലയിൽ എങ്ങനെയൊക്കെ ഉപയോഗിക്കാമെന്ന് ഗവേഷണങ്ങൾ നടക്കുന്നുണ്ടെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ പറഞ്ഞു.
Adjust Story Font
16