സംരക്ഷിതവനത്തിലെ നിരീക്ഷണക്യാമറകളിൽ സ്ത്രീകളുടെ സ്വകാര്യദൃശ്യങ്ങൾ; ക്യാമറ നശിപ്പിച്ച് ഗ്രാമീണർ
ജിം കോർബറ്റ് ദേശീയോദ്യാനത്തിൽ ക്യാമറകളെ ഭയന്ന് ഉൾവനത്തിൽ കയറിയ യുവതിയെ കടുവ പിടിച്ചിരുന്നു
ഉത്തരാഘണ്ഡ്: വന്യജീവികളെ നിരീക്ഷിക്കാനായി ഉപയോഗിക്കുന്ന രഹസ്യ ക്യാമറകൾ വൻതോതിൽ ദുരുപയോഗം ചെയ്യുന്നതോടെ വലഞ്ഞിരിക്കുകയാണ് ഉത്തരാഘണ്ഡിലെ സ്ത്രീകൾ. വന്യജീവി സങ്കേതങ്ങൾക്ക് സമീപം താമസിക്കുന്ന സ്ത്രീകളുടെ രഹസ്യ ദൃശ്യങ്ങൾ ക്യാമറ ട്രാപുകളിൽ ചിത്രീകരിക്കുന്നതും അവ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നതും വ്യാപകമാകുന്നെന്നും കണ്ടെത്തലുണ്ട്.
2017ൽ ഉത്തരാഘണ്ഡിലെ ജിം കോർബറ്റ് ദേശീയോദ്യാനത്തിൽ ഓട്ടിസം ബാധിതയായ യുവതി വനത്തിൽ മൂത്രമൊഴിക്കാൻ പോയ ദൃശ്യങ്ങൾ പ്രദേശത്തെ പുരുഷന്മാർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് വാർത്തയായിരുന്നു. ഇതിന് പിന്നാലെ പ്രദേശത്തെ നിരീക്ഷണക്യാമറകൾ ഗ്രാമീണർ അടിച്ചുതകർത്തിരുന്നു.
യുകെയിലെ കേംബ്രിഡ്ജ് സർവകലാശാലയിൽ ഗവേഷകൻ ത്രിശാന്ത് സിലായ് ജിം കോർബറ്റ് ദേശീയോദ്യാനത്തിൽ വിഷയവുമായി 14 മാസം ഗവേഷണം നടത്തിയിരുന്നു. വനത്തിന് സമീപം താമസിക്കുന്നവർ അവശ്യസംവിധാനങ്ങളുടെ അഭാവത്താൽ വിസർജനത്തിനായി ആശ്രയിക്കുന്നത് വനത്തെയാണ്. കടുവകളുടെ വിഹാരകേന്ദ്രമായ ദേശീയോദ്യാനത്തിൽ അനേകം സംരക്ഷിത ജീവി വിഭാഗങ്ങളുണ്ട്. ഇവയെ നിരീക്ഷിക്കാനായി വൻതോതിൽ നിരീക്ഷണക്യാമറകളും ഡ്രോണുകളും വനംവകുപ്പ് ഉപയോഗിക്കുന്നുണ്ട്. ഇവയിൽ പതിയുന്ന ദൃശ്യങ്ങളിൽ പലപ്പോഴും സ്ത്രീകളും പതിയുന്നുണ്ട്. കാട്ടിൽ വിറക് ശേഖരിക്കാനും സ്ത്രീകൾ പോകാറുണ്ട് ഈ സമയത്ത് ഇവർ പാട്ടുപാടുന്നതും സംസാരിക്കുന്നതും ഈ സംവിധാനങ്ങളുപയോഗിച്ച് പകർത്തപ്പെടുന്നുണ്ട്. പലപ്പോഴും വിറക് ശേഖരിക്കുന്ന സ്ത്രീകളെ ഡ്രോണുകൾ വളരെയടുത്ത് പറത്തി ഭയപ്പെടുത്തുന്ന സംഭവങ്ങളുമുണ്ടാവാറുണ്ട്.
നിരീക്ഷണക്യാമറകൾ വിനയായതോടെ വനത്തിൽ കയറാൻ ഭയമാണെന്നാണ് സ്ത്രീകളുടെ പ്രതികരണം. പ്രദേശത്ത് വനത്തിലൂടെ സഞ്ചരിച്ച ദമ്പതികളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് വൻ വിവാദമായിരുന്നു. അന്വേഷണത്തിന് പിന്നാലെ താൽക്കാലിക വനംവകുപ്പ് ജീവനക്കാരാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർ ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കാനായി വാട്‌സാപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളുണ്ടാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്.
ക്യാമറകളോടുള്ള ഭയം സ്ത്രീകളെ ഉൾവനത്തിലേക്ക് പ്രവേശിക്കാൻ പ്രേരിപ്പിക്കുന്നു. 2019ൽ ഇത്തരത്തിൽ ഉൾവനത്തിലെത്തിയ ഒരു സ്ത്രീയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവവമുണ്ടായിട്ടുണ്ടെന്ന് പഠനം പറയുന്നുണ്ട്. ഇത്തരം സാങ്കേതികവിദ്യകൾ വനംവകുപ്പിന് പരിചയപ്പെടുത്തിയ സംഘടനകൾക്ക് മാത്രമേ വിഷയത്തിൽ നടപടിയെടുക്കാനാവൂ എന്നും പഠനത്തിൽ പറയുന്നുണ്ട്. എന്ത് ദൃശ്യങ്ങൾ പകർത്താം എന്ത് പകർത്തരുത് എന്ന് വ്യക്തമായ മാനദണ്ഡങ്ങളുണ്ടാക്കണമെന്നും, അനധികൃതമായി ദൃശ്യങ്ങൾ പടർത്തി പിടികൂടുന്നനവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പഠനത്തിൽ പറയുന്നു.
Adjust Story Font
16