Quantcast

തമന്നയെക്കുറിച്ച് പാഠഭാഗം; കുട്ടികൾ വഴിതെറ്റുമെന്ന് രക്ഷിതാക്കൾ, വിവാദം

പാഠഭാഗത്ത് തമന്നയെ കാണുന്ന കുട്ടികൾ അവരെക്കുറിച്ച് ഇന്റർനെറ്റിൽ തിരഞ്ഞാൽ അനുയോജ്യമല്ലാത്ത കണ്ടന്റുകൾ ലഭിക്കുമെന്ന് രക്ഷിതാക്കൾ

MediaOne Logo

Web Desk

  • Published:

    27 Jun 2024 11:02 AM GMT

Private school in Hebbal faces controversy over textbook chapter on actor Tamannaah Bhatia
X

ബംഗളൂരു: തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയയെക്കുറിച്ചുള്ള പാഠഭാഗം ഉൾപ്പെടുത്തിയതിന് സ്വകാര്യ സ്‌കൂളിനെതിരെ പരാതി. ബംഗളൂരുവിലെ ഹെബ്ബാളിലുള്ള സിന്ധി ഹൈസ്‌കൂളിനെതിരെയാണ് രക്ഷിതാക്കളുടെ സംഘടന പരാതി നൽകിയിരിക്കുന്നത്. നടിയെക്കുറിച്ച് ഇന്റർനെറ്റിൽ പരതിയാൽ കുട്ടികൾക്ക് അനുചിതമായ കണ്ടന്റുകൾ ലഭിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

ഏഴാം ക്ലാസിലെ പുസ്തകത്തിൽ സിന്ധ് വിഭാഗത്തെക്കുറിച്ചുള്ള പാഠഭാഗത്താണ് തമന്നയെ കുറിച്ച് പരാമർശമുള്ളത്. സിന്ധികളായ പ്രമുഖരെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന ഭാഗമാണിത്. ബോളിവുഡ് താരം രൺവീർ സിങ് ഉൾപ്പടെയുള്ളവരെ ഇതിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.

തമന്നയുടെ ജീവിതവും കരിയറും ഉൾപ്പെടുത്തിയാണ് കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ തമന്നയെ കുറിച്ചുള്ളതൊന്നും ഏഴാം ക്ലാസ്സിലെ കുട്ടികൾക്ക് പഠിക്കാൻ അനുയോജ്യമല്ലെന്നാണ് രക്ഷിതാക്കളുടെ കണ്ടെത്തൽ. സിന്ധ് വിഭാഗത്തിലെ പ്രമുഖരെ കുറിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിന് തങ്ങൾ എതിരല്ലെന്നും എന്നാൽ തമന്നയെ പാഠഭാഗത്ത് ഉൾപ്പെടുത്തേണ്ട ആവശ്യമില്ലെന്നുമാണ് ഇവർ പറയുന്നത്. പാഠഭാഗത്ത് തമന്നയെ കാണുന്ന കുട്ടികൾ അവരെക്കുറിച്ച് ഇന്റർനെറ്റിൽ തിരഞ്ഞാൽ അനുയോജ്യമല്ലാത്ത കണ്ടന്റുകൾ ലഭിക്കുമെന്നും ഇവർ കൂട്ടിച്ചേർക്കുന്നു.

സംഭവത്തിൽ കർണാടക ശിശുക്ഷേമ വകുപ്പിനും പ്രൈമറി,സെക്കൻഡറി സ്‌കൂൾ അസോസിയേഷനുമാണ് രക്ഷിതാക്കൾ പരാതി നൽകിയിരിക്കുന്നത്. രക്ഷിതാക്കളുടെ നീക്കത്തിനെതിരെ വലിയ രീതിയിൽ വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.

TAGS :

Next Story