Quantcast

12 പ്രതിപക്ഷ എം.പിമാർക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കവുമായി രാജ്യസഭാ ചെയർമാൻ

കോൺഗ്രസ്, ആംആദ്മി പാർട്ടി എം. പിമാർക്കെതിരെ അന്വേഷണം നടത്താൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകര്‍ പ്രിവിലേജ് കമ്മിറ്റിക്ക് നിർദേശം നൽകി

MediaOne Logo

Web Desk

  • Published:

    21 Feb 2023 7:10 AM GMT

jagdeep dhankhar
X

ജഗ്ദീപ് ധൻകര്‍

ഡല്‍ഹി: 12 പ്രതിപക്ഷ എം.പിമാർക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കവുമായി രാജ്യസഭാ ചെയർമാൻ . ബജറ്റ് സമ്മേളന കാലയളവിൽ സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച കോൺഗ്രസ്, ആംആദ്മി പാർട്ടി എം. പിമാർക്കെതിരെ അന്വേഷണം നടത്താൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകര്‍ പ്രിവിലേജ് കമ്മിറ്റിക്ക് നിർദേശം നൽകി .

മലയാളിയായ ജെബി മേത്തർ ഉൾപ്പടെയുള്ള 9 കോൺഗ്രസ് എം.പിമാർക്കും 3 ആം ആദ്മി പാർട്ടി എം.പിമാർക്കും എതിരെ ആണ് നടപടി ഉണ്ടാവുക. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിൻ്റെ നന്ദി പ്രമേയ ചർച്ചയ്ക്കിടെ ആണ് എംപിമാർ സഭയുടെ നടുത്തളത്തിൽ ഇറങ്ങിയത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയും വ്യവസായിയായ ഗൗതം അദാനിയും തമ്മിലുള്ള ബന്ധം ആരോപിച്ചായിരുന്നു പ്രതിഷേധം. തുടർച്ചയായി നടുത്തളത്തിൽ ഇറങ്ങിയ ജനപ്രതിനിധികൾക്ക് എതിരെ സഭാധ്യക്ഷനായ ഉപരാഷ്ട്രപതി അന്ന് തന്നെ രംഗത്ത് എത്തിയിരുന്നു. അദാനി- ഹിൻഡൻബർഗ് വിഷയത്തിൽ രാജ്യസഭയിൽ ഭരണപക്ഷവുമായും സഭാധ്യക്ഷൻ ധൻകറുമായും കോൺഗ്രസ് ഏറ്റുമുട്ടി.

സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കവേ പ്രതിപക്ഷം ഉയർത്തിയ പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങൾ ട്വിറ്ററിലിട്ടതിനു കോൺഗ്രസ് എം.പി രജനി പാട്ടിലിനെ ധൻകർ അന്ന് സസ്പെൻഡ് ചെയ്തു. ആരോപണം നേരിടുന്ന 12 എം.പിമാർക്കും എതിരെ അവകാശ ലംഘനത്തിന് അന്വേഷണം വേണമെന്നു ഉപരാഷ്ട്രപതി ആവശ്യപ്പെട്ടതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പാർലമെൻ്റ് ബുള്ളറ്റിൻ വ്യക്തമാക്കി. ആവർത്തിച്ച് നടുത്തളത്തിൽ പ്രവേശിക്കുക, മുദ്രാവാക്യം മുഴക്കുക, നടപടികൾ തടസ്സപ്പെടുത്തുക തുടങ്ങിയ ആരോപണങ്ങളാണ് എം.പിമാർക്ക് എതിരെയുള്ളത്. ശക്തി സിൻഹ് ഗോഹിൽ, നരൻഭായ് ജെ.റാത്‍വ, സയീദ് നസീർ ഹുസൈൻ, കുമാർ കേത്‍‌‌കർ, ഇമ്രാൻ പ്രതാപ്ഗാർഹി, എൽ.ഹനുമന്തയ്യ, ഫുലോ ദേവി നേതം, ജെബി മേത്തർ, രൺജീത് രഞ്ജൻ എന്നീ കോൺഗ്രസ് എംപിമാർക്കും സഞ്ജയ് സിങ്, സുശീൽ കുമാർ ഗുപ്ത, സന്ദീപ് കുമാർ പതക് എന്നീ എ.എ.പി, എം,പിമാർക്കും എതിരെയാണ് ജഗ്ദീപ് ധൻകര്‍ അന്വേഷണം ആവശ്യപ്പെട്ടത്.

TAGS :

Next Story