Quantcast

പ്രിയ രാജൻ, ചെന്നൈ കോർപ്പറേഷനിൽ ആദ്യ ദലിത് വനിതാ മേയർ

ഇപ്പോഴത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ആരോഗ്യമന്ത്രി മാ സുബ്രഹ്‌മണ്യനുമൊക്കെയിരുന്ന സുപ്രധാന പദവിയിലാണ് പ്രിയയെത്തുന്നത്

MediaOne Logo

Web Desk

  • Updated:

    2022-03-03 11:52:50.0

Published:

3 March 2022 11:09 AM GMT

പ്രിയ രാജൻ, ചെന്നൈ കോർപ്പറേഷനിൽ ആദ്യ ദലിത് വനിതാ മേയർ
X

ദക്ഷിണേന്ത്യയിലെ വൻനഗരമായ ചെന്നൈ കോർപ്പറേഷനിൽ ആദ്യ ദലിത് വനിതാ മേയർ. 28കാരിയും എംകോം ബിരുദദാരിയുമായ പ്രിയാ രാജനെയാണ് പുതിയ മേയറായി ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) തിരഞ്ഞെടുത്തിരിക്കുന്നത്. ഇപ്പോഴത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ആരോഗ്യമന്ത്രി മാ സുബ്രഹ്‌മണ്യനുമൊക്കെയിരുന്ന സുപ്രധാന പദവിയിലാണ് പ്രിയയെത്തുന്നത്. ഇതിനുമുമ്പ് രണ്ടു വനിതകൾ മാത്രമാണ് കോർപ്പറേഷന്റെ തലപ്പത്തിരുന്നിട്ടുള്ളത്. താരാ ചെറിയാൻ, കാമാക്ഷി ജയരാമൻ എന്നിവരാണ് മുമ്പ് മേയറായിരുന്ന വനിതകൾ. നോർത്ത് ചെന്നൈയിലെ തിരു.വി.കാ നഗറിൽനിന്നുള്ള പ്രിയ 74ാം വാർഡിൽ നിന്നാണ് വിജയിച്ചത്.

വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 1296 ഭരണസ്ഥാനങ്ങളിലേക്ക് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഡിഎംകെ തങ്ങളുടെ പ്രതിനിധികളെ നിർദേശിച്ചത്. 169ാം വാർഡിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട മഹേഷ് കുമാറാണ് ഡെപ്യൂട്ടി മേയറായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഗ്രെയിറ്റർ ചെന്നൈ കോർപ്പറേഷനടക്കം 21 മുനിസിപ്പൽ കോർപ്പറേഷനുകളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഡിഎംകെ നേടിയിരുന്നത്. 138 മുനിസിപ്പാലിറ്റികളും 490 ടൗൺ പഞ്ചായത്തുകളും പാർട്ടിയുടെ ഭരണത്തിന്റെ കീഴിലായിരുന്നു. കോർപ്പറേഷനുകളിൽ 952 വാർഡുകളും മുനിസിപ്പാലിറ്റികളിൽ 2360 വാർഡുകളും ഡിഎംകെ നേടിയിരുന്നു. ടൗൺപഞ്ചായത്തുകളിൽ 4389 വാർഡുകളാണ് മുഖ്യമന്ത്രി സ്റ്റാലിന്റെ പാർട്ടി കയ്യിലാക്കിയത്.

മുൻ മുഖ്യമന്ത്രിമാരായ കെ പളനിസ്വാമി (എടപ്പാടി, സേലം ജില്ല), ഒ. പനീർശെൽവം (പെരിയകുളം, തേനി ജില്ല) എന്നിവരുൾപ്പെടെ എഐഎഡിഎംകെ നേതാക്കളുടെ സ്വന്തം തട്ടകങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളിലടക്കം ഡിഎംകെ മുന്നേറ്റം നടത്തിയിരുന്നു.

തമിഴ്‌നാട് തദ്ദേശതെരഞ്ഞെടുപ്പ്; ഡി.എം.കെ സഖ്യത്തിന് മിന്നും ജയം

തമിഴ്‌നാട്ടിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഡി.എം.കെ സഖ്യത്തിന് മിന്നും വിജയം. മുഖ്യ എതിരാളികളായ എ.ഐ.എ.ഡി.എം.കെയുടെ തട്ടകമായ വടക്കൻ തമിഴ്‌നാട്ടിലെ 75 ശതമാനം സീറ്റുകളിലും ഡി.എം.കെ വെന്നിക്കൊടി പാറിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ വടക്കൻ തമിഴ്‌നാടിന് കീഴിലെ കോയമ്പത്തൂർ പ്രദേശത്തെ പത്തു സീറ്റുകളും എ.ഐ.എ.ഡി.എം.കെ തൂത്തുവാരിയിരുന്നു. ഇതുവരെ പുറത്തുവന്ന ഫലം പ്രകാരം കോർപറേഷൻ തെരഞ്ഞെടുപ്പിൽ 425 വാർഡുകളിൽ ഡി.എം.കെയും 75 വാർഡുകളിൽ എ.ഐ.എ.ഡി.എം.കെയും വിജയിച്ചു. മുൻസിപ്പാലിറ്റിയിൽ 1832 സീറ്റുകൾ ഡി.എം.കെ സ്വന്തമാക്കിയപ്പോൾ എ.ഐ.എ.ഡി.എം.കെ 494 സീറ്റുകളിൽ ഒതുങ്ങി. നഗര പഞ്ചായത്തിൽ 4261 സീറ്റുകളുമായി ഡി.എം.കെ മുന്നിലാണ്. എ.ഐ.എ.ഡി.എം.കെ നേടിയത് 1178 സീറ്റുകൾ മാത്രം.

പത്തു വർഷത്തിന് ശേഷമാണ് തമിഴ്നാട്ടില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒൻപതു മാസത്തെ സ്‌റ്റാലിൻ ഭരണത്തിന് ലഭിച്ച പ്രതിഫലമാണ് ഡി.എം.കെയുടെ വിജയമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. ഡി.എം.കെ സര്‍ക്കാരില്‍ പൊതുജനത്തിനുള്ള വിശ്വാസമാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയമെന്നാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറ‍ഞ്ഞത്. അതേസമയം, ജനവിധിക്ക് മുന്നില്‍ തലകുനിക്കുന്നുവെന്നാണ് എ.ഐ.എ.ഡി.എം.കെ നേതാവ് ഒ. പനീര്‍സെല്‍വം പ്രതികരിച്ചത്. ഭരണകക്ഷിയുടെ കൃത്രിമ വിജയമാണിതെന്നും എ.ഐ.എ.ഡി.എം.കെ തിരിച്ചുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും കമൽഹാസന്റെ പാർട്ടിയായ മക്കൾ നീതിമയ്യത്തിനും ചലനമുണ്ടാക്കാനായില്ല.

Priya Rajan, first Dalit woman mayor of the Chennai Corporation, a large city in South India.

TAGS :

Next Story