'നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു, ഭരണഘടനയെ സംരക്ഷിക്കാനുള്ള ശക്തമായ സന്ദേശം രാജ്യത്തിന് നല്‍കി'; യുപിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിനന്ദിച്ച് പ്രിയങ്ക
നിങ്ങൾ വെയിലിലും പൊടിയിലും കഠിനാധ്വാനം ചെയ്യുന്നത് ഞാൻ കണ്ടു
ഡല്‍ഹി: യുപിയിലെ തകര്‍പ്പന്‍ വിജയത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും സംസ്ഥാനത്തെ ജനങ്ങളെയും അഭിനന്ദിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നിങ്ങളെയോര്‍ത്തു അഭിമാനിക്കുന്നുവെന്നും രണഘടനയെ സംരക്ഷിക്കാനുള്ള ശക്തമായ സന്ദേശമാണ് രാജ്യത്തിന് നല്‍കിയെന്നും പ്രിയങ്ക പറഞ്ഞു.
''നിങ്ങൾ വെയിലിലും പൊടിയിലും കഠിനാധ്വാനം ചെയ്യുന്നത് ഞാൻ കണ്ടു, നിങ്ങൾ തലകുനിച്ചില്ല,പിന്നോട്ടു പോയില്ല. കഠിനമായ സമയത്തും പോരാടാൻ നിങ്ങൾ ധൈര്യം കാണിച്ചു.നിങ്ങൾ പീഡിപ്പിക്കപ്പെട്ടു, നിങ്ങൾക്കെതിരെ കള്ളക്കേസുകൾ ചുമത്തി, ജയിലിലടച്ചു. പലതവണ വീട്ടുതടങ്കലിലാക്കിയിട്ടും നിങ്ങൾ ഭയപ്പെട്ടില്ല. പല നേതാക്കളും ഭയന്ന് പോയി, പക്ഷേ നിങ്ങൾ ഉറച്ചുനിന്നു. നിങ്ങളെയും യുപിയിലെ അഭിമാനബോധമുള്ള ജനങ്ങളെയും ഓർത്ത് ഞാൻ അഭിമാനിക്കുന്നു. നമ്മുടെ ഭരണഘടനയെ സംരക്ഷിക്കാനുള്ള ശക്തമായ സന്ദേശമാണ് നിങ്ങൾ ഇന്ത്യയ്ക്കാകെ നൽകിയതെന്നും'' അവർ കൂട്ടിച്ചേർത്തു.ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയത്തിൻ്റെ പഴയ ആദർശങ്ങൾ പുനഃസ്ഥാപിക്കപ്പെട്ടുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
''പഴയ ആദര്‍ശം നിങ്ങള്‍ തിരികെക്കൊണ്ടുവന്നു. പൊതുപ്രശ്നങ്ങള്‍ ശ്രദ്ധിക്കുക പരമപ്രധാനമാണ് . അവ അവഗണിച്ചാല്‍ കനത്ത വില നല്‍കേണ്ടി വരും. തെരഞ്ഞെടുപ്പുകൾ പൊതുജനങ്ങളുടേതാണ്, പോരാടുന്നത് പൊതുജനമാണ്, വിജയിക്കുന്നത് പൊതുജനമാണ്'' പ്രിയങ്ക വിശദീകരിച്ചു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ 63 സീറ്റുകളുണ്ടായിരുന്ന ബി.ജെ.പി 33ലേക്ക് കൂപ്പുകുത്തിയതിന് കാരണം സമാജ്‌വാദി പാർട്ടിയും (എസ്പി) കോൺഗ്രസും ആണെന്ന് സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി) തലവനും സംസ്ഥാന കാബിനറ്റ് മന്ത്രിയുമായ ഓം പ്രകാശ് രാജ്ഭർ പറഞ്ഞു. ഭരണഘടന അപകടത്തിലാണെന്ന് പറഞ്ഞ് അവര്‍ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കിയെന്നും പ്രകാശ് ആരോപിച്ചു. ''ഭരണഘടന അപകടത്തിലാണെന്ന് ആവർത്തിച്ച് പറഞ്ഞ് എസ്പിയും കോൺഗ്രസും ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കി. ഇതൊരു പ്രചാരണ വിഷയമാക്കി, ബഹുജൻ സമാജ് പാർട്ടിയുടെ (ബിഎസ്പി) വോട്ട് വിഹിതവും അവർ തിന്നുതീർത്തു. ഇതുമൂലം ഞങ്ങൾക്ക് സംസ്ഥാനത്ത് നഷ്ടം നേരിടേണ്ടി വന്നു, ”രാജ്ഭർ കൂട്ടിച്ചേര്‍ത്തു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിയില്‍ അപ്രതീക്ഷിത വിജയമാണ് ഇന്‍ഡ്യ മുന്നണി നേടിയത്. ഫൈസാബാദ്, അമേഠി, റായ്ബറേലി എന്നിവ ഉൾപ്പടെയുള്ള സീറ്റുകളാണ് ബി.ജെ.പിക്ക് നഷ്ടമായത്. മറുവശത്ത്, സമാജ്‌വാദി പാർട്ടി 37 സീറ്റുകൾ നേടി, യുപിയില്‍ വന്‍മുന്നേറ്റമുണ്ടാക്കി. എസ്പിയുടെ വോട്ട് വിഹിതം 33.59 ശതമാനമാണ്.
Adjust Story Font
16