'മെഡൽ നേടിയപ്പോൾ ചായ കുടിക്കാൻ ക്ഷണിച്ച സർക്കാർ ഇന്നെവിടെ?'; ഗുസ്‌തി താരങ്ങൾക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധി ജന്തർമന്തറിൽ
ഇനിയും കൂടുതൽ ഭാവികൾ നശിപ്പിക്കാതിരിക്കാൻ ബ്രിജ് ഭൂഷണെ പുറത്താക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു
ഡൽഹി: ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ഡബ്ല്യുഎഫ്‌ഐ) തലവൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ജന്തർമന്തറിലെ സമരപ്പന്തലിൽ എത്തിയ പ്രിയങ്ക താരങ്ങളുമായി കൂടിക്കാഴ്ച നടത്തി ഐക്യദാർഢ്യം പ്രകടിപ്പിച്ചു. സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് തുടങ്ങിയ മുൻനിര വനിതാ ഗുസ്തിക്കാരുമായി ചർച്ച നടത്തി.
ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ പകർപ്പ് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട പ്രിയങ്ക ഗാന്ധി കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചു. ബ്രിജ് ഭൂഷണെതിരെ പ്രതിഷേധം ശക്തമാകുമ്പോഴും ഇതിനെതിരെ പ്രതികരിക്കാൻ തയ്യാറാകാത്ത നരേന്ദ്ര മോദി സർക്കാരിൽ യാതൊരു പ്രതീക്ഷയുമില്ലെന്ന് പ്രിയങ്ക തുറന്നടിച്ചു. "ഈ കായിക താരങ്ങളെ കുറിച്ച് ആശങ്കയുണ്ടായിരുന്നുവെങ്കിൽ ഒരിക്കലെങ്കിലും പ്രധാനമന്ത്രി ഇവരോട് സംസാരിക്കുമായിരുന്നു. മെഡലുകൾ നേടിയപ്പോൾ ചായ കുടിക്കാൻ അവരെ ക്ഷണിച്ചില്ലേ, ഇപ്പോൾ എവിടെയാണ് ഈ സർക്കാർ. അവരോട് സംസാരിക്കൂ, നമ്മുടെ കുട്ടികളാണവർ"; പ്രിയങ്ക പറഞ്ഞു.
ബ്രിജ് ഭൂഷണെതിരെ നിലവിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ എന്താണുള്ളതെന്ന് ആർക്കും അറിയില്ല. എന്തുകൊണ്ടാണ് പോലീസത് വെളിപ്പെടുത്താത്തത്? ഗുസ്തിക്കാർ മെഡലുകൾ നേടുമ്പോൾ നാമെല്ലാവരും ട്വീറ്റ് ചെയ്യുകയും അഭിമാനിക്കുകയും ചെയ്യുന്നു. ഇന്നവർ നീതി തേടി തെരുവിലാണ്. ഒരുപാട് കഷ്ടപ്പെട്ട് ഈ നിലയിലെത്തിയവരാണിവർ. എന്തുകൊണ്ടാണ് സർക്കാർ ബ്രിജ് ഭൂഷനെ സംരക്ഷിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല; പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.
ഇനിയും കൂടുതൽ ഭാവികൾ നശിപ്പിക്കാതിരിക്കാൻ ബ്രിജ് ഭൂഷണെ പുറത്താക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ഗുസ്തിക്കാർ ബ്രിജ് ഭൂഷണെതിരെ പ്രതിഷേധം ശക്തമാക്കുകയും അറസ്റ്റ് ചെയ്യുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന നിലപാടെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധി നേരിട്ടെത്തി പിന്തുണ അറിയിച്ചത്.
ഗുസ്തി താരങ്ങളുടെ ലൈംഗിക പരാതിയിൽ ബ്രിജ് ഭൂഷനെതിരെ ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. രണ്ട് എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തത്. ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റുമായിരുന്ന ബ്രിജ്ഭൂഷൻ സിങ്ങിനെതിരായ ലൈംഗിക പീഡന പരാതി കോടതിയിലെത്തിയ സാഹചര്യത്തിലാണ് പൊലീസ് എഫ്.ഐ.ആര്‍ ഇടാൻ തയാറായത്.
Adjust Story Font
16