Quantcast

ഗോത്ര വിഭാഗങ്ങൾക്ക് അനുഭാവം കോൺഗ്രസിനോട്; ചത്തിസ്ഗഡിൽ ബി.ജെ.പിക്ക് ആശങ്ക

തീവ്ര ഹിന്ദുത്വ നിലപാടും ഘർവാപസി നയവും ഛത്തിസ്ഗഡിൽ തിരിച്ചടിയാകുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്

MediaOne Logo

Web Desk

  • Published:

    10 Oct 2023 2:44 AM GMT

Pro-Congress tribals big concern for BJP in Chhattisgarh, Chhattisgarh assembly poll 2023
X

റായ്‍പൂര്: ഛത്തിസ്ഗഡിൽ ഗോത്ര വിഭാഗങ്ങൾക്കിടയിലെ കോൺഗ്രസ് അനുകൂല നിലപാട് ബി.ജെ.പിക്ക് ആശങ്കയാകുന്നു. ഭൂപേഷ് ഭാഗലിന് എതിരായ ഭരണവിരുദ്ധ വികാരം വേണ്ട രീതിയിൽ ഉപയോഗിക്കാൻ സംസ്ഥാന നേതൃത്വത്തിന് കഴിയുന്നില്ലെന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിൻ്റെ വിമർശനം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കേന്ദ്രമന്ത്രിമാരെ താരപ്രചാരകരാക്കി കളത്തിലിറക്കാനാണ് ബി.ജെ.പി നീക്കം.

സംസ്ഥാന രൂപീകരണം തൊട്ട് ഏറ്റവും കൂടുതൽ കാലം ഛത്തിസ്ഗഡ് ഭരിച്ചത് ബി.ജെ.പിയാണ്. 15 വർഷം മുഖ്യമന്ത്രിയായിരുന്ന രമൺ സിങ്ങിനു പോലും ജനങ്ങൾക്കിടയിൽ സ്വീകാര്യത വേണ്ടവിധമില്ലെന്നാണ് സ്വകാര്യ ഏജൻസികൾ നടത്തിയ അഭിപ്രായ സർവേ വ്യക്തമാക്കുന്നത്. ആകെ വോട്ടർമാരിൽ ഭൂരിപക്ഷം വരുന്ന ഗോത്ര വിഭാഗങ്ങൾക്കിടയിലും ബി.ജെ.പിക്ക് വേണ്ട സ്വാധീനമില്ല.

തീവ്ര ഹിന്ദുത്വ നിലപാടും ഘർവാപസി നയവും ഛത്തിസ്ഗഡിൽ തിരിച്ചടിയാകുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്. പിന്നാക്ക വിഭാഗങ്ങൾക്ക് ഉൾപ്പെടെ ഗോത്ര വർഗ പദവി നൽകിയ ഭൂപേഷ് ഭാഗൽ സർക്കാർ, സംവരണേതര വിഭാഗത്തെ ദ്രോഹിക്കുന്നുവെന്ന ബി.ജെ.പി ആരോപണവും ബൂമറാങ് പോലെ പാർട്ടിയെ തിരിച്ചടിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രി ടി.എസ് സിങ് ഡിയോയും മുഖ്യമന്ത്രിയുമായിമുള്ള പിണക്കം സംസ്ഥാന നേതൃത്വത്തിന് വേണ്ടവിധം മുതലെടുക്കാൻ കഴിഞ്ഞില്ലെന്ന വിമർശനം കേന്ദ്ര നേതൃത്വത്തിനുണ്ട്.

ഗോത്രങ്ങളിൽനിന്നും കോൺഗ്രസിനെ അകറ്റാൻ പോന്ന ആയുധമായി അദാനി ഉടമസ്ഥതയിലുള്ള കൽക്കരി ഖനിയും ആയുധമാക്കാൻ ബി.ജെ.പിക്ക് സാധിച്ചില്ല. പരാജയസാധ്യത മുന്നിൽകണ്ടാണ് സംസ്ഥാനത്തെ പ്രചാരണചുമതല കേന്ദ്രമന്ത്രിമാരെ ബി.ജെ.പി ഏൽപ്പിക്കുന്നത്. കേന്ദ്ര നേതാക്കളുടെ ഉപദേശങ്ങള്‍ പിന്തുടർന്നാൽ മാത്രം മതിയെന്നാണ് സംസ്ഥാന നേതൃത്വത്തിന് ബി.ജെ.പി നൽകിയ നിർദേശം. ഉത്തർപ്രദേശിൽനിന്ന് മന്ത്രിമാരെയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെയും സംസ്ഥാനത്തെ താരപ്രചാരകരാക്കാനാണ് ബി.ജെ.പി തീരുമാനിച്ചിരിക്കുന്നത്. വിജ്ഞാപനമിറങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ജാഗ്രത ഒട്ടും കുറയരുതെന്ന് പാർട്ടി പ്രവർത്തകർക്ക് കോൺഗ്രസും നിർദേശം നൽകിയിട്ടുണ്ട്.

Summary: In Chhattisgarh, the pro-Congress stance among the tribal groups is a big concern for BJP

TAGS :

Next Story