Quantcast

അശ്ലീല വീഡിയോ കേസ്; പ്രജ്വൽ രേവണ്ണയ്ക്കും പിതാവിനും സമൻസ് അയച്ച് അന്വേഷണ സംഘം

നിലവിൽ ഹാസനിലെ എം.പിയായ പ്രജ്വലും പിതാവും എസ്.പി സീമ ലത്കറിന് മുമ്പാകെ ഹാജരാവണം എന്നാണ് നിർദേശം.

MediaOne Logo

Web Desk

  • Published:

    1 May 2024 2:58 AM GMT

Probe Team Summons Prajwal Revenna in Sex Tape Case
X

ബെം​ഗളൂരു: അശ്ലീല വീഡിയോ കേസിൽ കർണാടക ജെഡിഎസ് എംപിയും എൻഡിഎ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണക്ക് സമൻസ് അയച്ച് അന്വേഷണ സംഘം. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ആണ് നോട്ടീസ് അയച്ചത്. 24 മണിക്കൂറിനകം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവണമെന്നാണ് നോട്ടീസിലെ ആവശ്യം.

ഇയാളെ കൂടാതെ പിതാവും ജെഡിഎസ് ഹോലെനാർസിപുര എംഎൽഎയുമായ എച്ച്.ഡി രേവണ്ണയ്ക്കും പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. എച്ച്.ഡി രേവണ്ണയ്ക്കെതിരെയും ലൈംഗിക പരാതികൾ ഉയർന്നിട്ടുണ്ട്. കേസിലെ രണ്ടാം പ്രതിയാണ് രേവണ്ണ.

നിലവിൽ ഹാസനിലെ എം.പിയായ പ്രജ്വലും പിതാവും എസ്.പി സീമ ലത്കറിന് മുമ്പാകെ ഹാജരാവണം എന്നാണ് നിർദേശം. അശ്ലീല വീഡിയോ കേസ് വിവാദമാവുകയും ദേശീയ വനിതാ കമ്മീഷൻ ഇടപെടുകയും സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോ​ഗിക്കുകയും ചെയ്തതോടെ പ്രജ്വലിനെ ജെഡിഎസ് സസ്പെൻഡ് ചെയ്തിരുന്നു.

കേസിൽ ഇടപെട്ട, ദേശീയ വനിതാ കമ്മീഷൻ മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ കർണാടക പൊലീസിന് നിർദേശം നൽകുകയും ചെയ്തിരുന്നു. വേഗത്തിൽ നടപടിയെടുക്കണമെന്നും രാജ്യം വിട്ടുപോയ പ്രതിയെ വേഗത്തിൽ പിടികൂടണമെന്നും വനിതാ കമ്മീഷൻ ചെയർപേഴ്സൺ രേഖ ശർമ കർണാടക ഡിജിപി അലോക് മോഹന് എഴുതിയ കത്തിൽ ആവശ്യപ്പെട്ടു.

അതേസമയം, സമൻസ് ലഭിക്കുമ്പോഴെല്ലാം അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാവുമെന്ന നിലപാടിലാണ് പ്രജ്വല് രേവണ്ണയുടെ കുടുംബം. എന്നാൽ പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗികാരോപണം ഗൂഢാലോചനയാണെന്ന ആരോപണവുമായി പിതാവ് എച്ച്.ഡി രേവണ്ണ രം​ഗത്തെത്തിയിരുന്നു. 'അശ്ലീല വീഡിയോകൾ'ക്ക് നാലോ അഞ്ചോ പഴക്കമുള്ളതാണെന്നും താൻ 'പേടിച്ച് ഓടിപ്പോവില്ല' എന്നും രേവണ്ണ പറഞ്ഞിരുന്നു.

അശ്ലീല വീഡിയോ കേസിൽ സർക്കാർ നടപടിയിലേക്ക് കടക്കുന്നുവെന്ന് അറിഞ്ഞതോടെ പ്രജ്വൽ ജർമനിയിലേക്ക് മുങ്ങിയിരുന്നു. ജർമനിയിലേക്ക് കടന്ന പ്രജ്വൽ രേവണ്ണയെ നാട്ടിലെത്തിക്കാൻ സർക്കാർ നീക്കം നടത്തുന്നുണ്ട്. പ്രജ്വലിനോട് നാട്ടിലെത്താൻ ആവശ്യപ്പെടുമെന്ന് കർണാടക ആഭ്യന്തമന്ത്രി ജി പരമേശ്വര അറിയിച്ചു. അതേസമയം, കർണാടകയിലെ എൻ.ഡി.എ സഖ്യത്തിന് തലവേദനയായി മാറുകയാണ് നേതാക്കൾക്കെതിരായ ലൈംഗികാതിക്രമകേസ്.

മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് ആചാര്യനുമായ എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വൽ രേവണ്ണ. ഇവരുടെ വീട്ടിൽ ജോലിക്കാരിയായിരുന്ന 47കാരിയാണ് ആദ്യമായി പരാതിയുമായി രംഗത്തെത്തിയത്. വീട്ടുജോലിക്കാരായ സ്ത്രീകളെ പ്രജ്വലും രേവണ്ണയും ചേർന്ന് ബലാത്സംഗം ചെയ്യുകയും വീഡിയോ പകർത്തുകയും ചെയ്‌തെന്നാണ് പരാതിയിലുള്ളത്. വീട്ടുജോലിക്കാരികളും സർക്കാർ ജീവനക്കാരികളും ഉൾപ്പെടെ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തായത്‌.

വീട്ടുജോലിക്കു ചേർന്ന് നാലാം മാസം തന്നെ രേവണ്ണ നിരന്തരം ഫോണിൽ വിളിച്ചു റൂമിൽ വരാൻ നിർബന്ധിക്കുമായിരുന്നുവെന്നും അവിടെ വച്ച് പീഡിപ്പിക്കുമായിരുന്നെന്നും പരാതിക്കാരി പറയുന്നു. രേവണ്ണയുടെ സ്ഥിതി ഇതാണെങ്കിൽ നൂറുകണക്കിനു സ്ത്രീകള ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രജ്വൽ രേവണ്ണയ്‌ക്കെതിരായ പരാതി.

ഇയാൾ നിരവധി സ്ത്രീകളുമായി ശാരീരികബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തായിരുന്നു. സ്ത്രീകളുടെ എതിർപ്പ് വകവയ്ക്കാതെ ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും എല്ലാം വീഡിയോയിൽ പകർത്തുകയുമാണ് പ്രജ്വലിന്റെ പരിപാടിയെന്നാണ് പരാതികളിൽ പറയുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെയാണ് പ്രജ്വൽ രണ്ടാം തവണയും ജനവിധി തേടുന്ന ഹാസനിൽ ഉൾപ്പെടെ വീഡിയോകൾ പുറത്തായത്.






TAGS :

Next Story