ചോദ്യം ചെയ്യാനായി മുംബൈ പൊലീസ് ഡൽഹിയിൽ; നുപൂർ ശർമ ഒളിവിലെന്ന് റിപ്പോർട്ട്
തൃണമൂൽ കോൺഗ്രസ് മൈനോറിറ്റി സെൽ ജനറൽ സെക്രട്ടറി അബ്ദുൽ സുഹൈലിന്റെ പരാതിയിൽ കൊൽക്കത്ത പൊലീസും നുപൂറിനെതിരെ കേസെടുത്തിട്ടുണ്ട്.
ന്യൂഡൽഹി: മുൻ ബിജെപി വക്താവ് നുപൂർ ശർമയെ ചോദ്യം ചെയ്യാനായി മുംബൈ പൊലീസ് ഡൽഹിയിലെത്തി. എന്നാൽ നുപൂർ ഒളിവിലാണെന്നാണ് വിവരം. അഞ്ച് ദിവസമായി മുംബൈ പൊലീസ് സംഘം ഡൽഹിയിൽ തമ്പടിച്ച് അന്വേഷണം നടത്തുന്നുണ്ടെങ്കിലും അവരെ കണ്ടെത്താനായിട്ടില്ല. പ്രവാചക നിന്ദയുടെ പേരിൽ നുപൂർ ശർമക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ കേസുണ്ട്. ഡൽഹി സ്വദേശിയായ ഇർഫാൻ ശൈഖിന്റെ പരാതിയിൽ മെയ് 28നാണ് മുംബൈ പൊലീസ് നുപൂറിനെതിരെ കേസെടുത്തത്. നുപൂറിനെ അറസ്റ്റ് ചെയ്യാൻ ആവശ്യമായ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രാലയത്തെ ഉദ്ദരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
തൃണമൂൽ കോൺഗ്രസ് മൈനോറിറ്റി സെൽ ജനറൽ സെക്രട്ടറി അബ്ദുൽ സുഹൈലിന്റെ പരാതിയിൽ കൊൽക്കത്ത പൊലീസും നുപൂറിനെതിരെ കേസെടുത്തിട്ടുണ്ട്. മൊഴി രേഖപ്പെടുത്തുന്നതിനായി ജൂൺ 20ന് ഹാജരാകാൻ ആവശ്യപ്പെട്ട് കൊൽക്കത്ത പൊലീസ് നുപൂർ ശർമക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഡൽഹി പൊലീസും നുപൂറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് നുപൂർ ശർമ പ്രവാചകനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയത്. ഇതിനിടെ ഗൾഫ് രാജ്യങ്ങൾ അടക്കം വൻ പ്രതിഷേധം ഉയർത്തിയതോടെയാണ് നുപൂർ ശർമയെ പാർട്ടി പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തത്. പ്രതിഷേധം കനത്തതോടെ തന്റെ പ്രസ്താവന നിരുപാധികം പിൻവലിക്കുകയാണെന്നും ക്ഷമചോദിക്കുന്നുവെന്നും നുപൂർ ശർമ പറഞ്ഞിരുന്നു.
Adjust Story Font
16