മൈസൂരു റോഡിന് സിദ്ധരാമ്മയ്യയുടെ പേര് നൽകാൻ നീക്കവുമായി മൈസൂരു സിറ്റി കോർപ്പറേഷൻ കൗൺസിൽ: വ്യാപക വിമർശനം
ചരിത്രനഗരമായ മൈസൂരിലെ കെആർഎസ് റോഡിന് ‘സിദ്ധരാമയ്യ ആരോഗ്യ മാർഗ’ എന്ന് പേരിടാനുള്ള നടപടി അപലപനീയമെന്ന് ജെഡിഎസ്
സിദ്ധരാമ്മയ്യ
മൈസൂരു: മൈസൂരു റോഡിന് കർണാടക മുഖ്യമന്ത്രി സിദ്ധരാമ്മയ്യയുടെ പേര് നൽകാനുള്ള നീക്കത്തിന്റെ വ്യാപക വിമർശനം. മൈസൂരു സിറ്റി കോർപ്പറേഷൻ കൗൺസിലാണ് റോഡിന് മുഖ്യമന്ത്രിയുടെ പേരിടാനുള്ള നിർദേശം മുന്നോട്ട് വെച്ചത്. നിർദേശം സംസ്ഥാനത്തിന്റെ ചരിത്രത്തോടുള്ള അവഹേളനമാണെന്ന് ജെഡിഎസ് ആരോപിച്ചു.
മുഡ കുംഭകോണകേസിൽ അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് സിദ്ദരാമയ്യയുടെ പേര് റോഡിന് ഇടാനുള്ള നീക്കം. ഇതാണ് വ്യാപകമായ എതിർപ്പിന് വഴിവെച്ചത്. ലക്ഷ്മി വെങ്കിട്ടരമണസ്വാമി ക്ഷേത്രം മുതൽ ഔട്ടർ റിംഗ് ജംഗ്ഷൻ വരെയുള്ള കെആർഎസ് റോഡിൻ്റെ ഒരു ഭാഗത്തിന് 'സിദ്ധരാമ്മയ്യ ആരോഗ്യ മാർഗ' എന്ന് പേര് നൽകാനായിരുന്നു നിർദേശം. ചാമരാജ കോൺഗ്രസ് എംഎൽഎ ഹരീഷ് ഗൗഡയുടെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് നവംബർ 22ന് നടന്ന യോഗത്തിൽ മൈസൂരു സിറ്റി കോർപ്പറേഷൻ തീരുമാനമെടുത്തത്. വിഷയം കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കുന്നതിന് മുമ്പ് മൈസൂരു ഡെപ്യൂട്ടി കമ്മീഷണർക്ക് നിർദേശം സമർപ്പിച്ചിരുന്നു. 30 ദിവസത്തിനുള്ളിൽ ഈ നിർദ്ദേശത്തിൽ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം ക്ഷണിച്ചുകൊണ്ട് എംസിസി ഒരു പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു.
ചരിത്രനഗരമായ മൈസൂരിലെ കെആർഎസ് റോഡിന് ‘സിദ്ധരാമയ്യ ആരോഗ്യ മാർഗ’ എന്ന് പേരിടാനുള്ള നടപടി അപലപനീയമാണെന്ന് ജെഡിഎസ് വിമർശിച്ചു. സിദ്ധരാമയ്യ മുഡ കേസിൽ പ്രതിയാണെന്നും, ലോകായുക്ത പോലീസിന്റെ അന്വേഷണം നേരിടുകയാണെന്നും ജെഡിഎസ് പങ്കുവെച്ച എക്സ് പോസ്റ്റിൽ പറയുന്നു.
"മൈസൂർ സിറ്റി കോർപ്പറേഷനിൽ തെരഞ്ഞടുക്കപ്പെട്ട ഒരു ബോർഡ് ഇല്ല. കോൺഗ്രസ് സർക്കാർ തന്നെ നിയമിച്ച ഉദ്യോഗസ്ഥരാണ് സിദ്ധാരമ്മയ്യയുടെ പേരു നൽകാനുള്ള തീരുമാനമെടുത്തത്. അഴിമതിക്കാരനായ മുഖ്യമന്ത്രിയുടെ പേര് റോഡിന് നൽകുന്നത് മൈസൂരുവിന്റെ ചരിത്രത്തിനോട് മാത്രമല്ല, സംസ്ഥാനത്തോട് മുഴുവനുമുള്ള വഞ്ചനയും അവഹേളനവും ആണ്," ജെഡിഎസ് വിമർശിച്ചു.
മഹാരാജ നൽവാഡി കൃഷ്ണരാജ വാഡിയാർ തന്റെ സഹോദരിയും കുട്ടികളും ടിബി ബാധിച്ച് മരിച്ചതിന്റെ അനുസ്മരണയിൽ ഭൂമി സംഭാവന ചെയ്ത് ടിബി ആശുപത്രി സ്ഥാപിച്ച ചരിത്രമുള്ള റോഡാണ് ഇതെന്ന് വിവരാകാശ പ്രവർത്തകനായ സ്നേഹമയി കൃഷ്ണ ചൂണ്ടിക്കാട്ടി. ഒരുപാട് എതിർപ്പുകൾ ഇതിനകം തന്നെ ഉയർന്നുവന്നുവെന്നും, നീക്കത്തിന്റെ നിയമപരമായി പോരാടുമെന്നും കൃഷ്ണ ചൂണ്ടിക്കാട്ടി.
Adjust Story Font
16