''കപിൽ മിശ്രയുടെ പേരുപയോഗിച്ച് കലാപം സൃഷ്ടിച്ചത് ഉമർ ഖാലിദ്''; ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ
''കപിൽ മിശ്ര ചിത്രത്തിൽ പോലുമുണ്ടായിരുന്നില്ല. ഉമർ ഖാലിദ് അദ്ദേഹത്തിന്റെ പേര് അനാവശ്യമായി വലിച്ചിഴച്ച് കലാപത്തിന് ശ്രമിക്കുകയായിരുന്നു'' സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അമിത് പ്രസാദ് കോടതിയെ അറിയിച്ചു.
ബി.ജെ.പി നേതാവ് കപിൽ മിശ്രയുടെ പേരിൽ ഡൽഹിയിൽ സംഘർഷം സൃഷ്ടിച്ചത് ഉമർ ഖാലിദാണെന്ന് പ്രോസിക്യൂഷൻ. ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അമിത് പ്രസാദ് കോടതിയിൽ ഈ ആരോപണമുന്നയിച്ചത്.
''കപിൽ മിശ്ര ചിത്രത്തിൽ പോലുമുണ്ടായിരുന്നില്ല. ഉമർ ഖാലിദ് അദ്ദേഹത്തിന്റെ പേര് അനാവശ്യമായി വലിച്ചിഴച്ച് കലാപത്തിന് ശ്രമിക്കുകയായിരുന്നു'' സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അമിത് പ്രസാദ് കോടതിയെ അറിയിച്ചു.
''വടക്കുകിഴക്കൻ ഡൽഹിയിൽ കപിൽ മിശ്ര എത്തിയെന്ന് പറഞ്ഞാണ് 2020 ഫെബ്രുവരി 17ന് കലാപമുണ്ടാക്കിയത്. പിന്നീട് കപിൽ മിശ്ര എവിടെപ്പോയി? അദ്ദേഹം ഒരിടത്തും വന്നിട്ടില്ല. നിങ്ങൾക്ക് കലാപം സൃഷ്ടിക്കാനുള്ള ഉദ്ദേശമുണ്ടായിരുന്നു. റോഡുകൾ ബ്ലോക്ക് ചെയ്യാനും സംഘർഷം നടത്താനും നിങ്ങൾ തീരുമാനിച്ചിരുന്നു''-അമിത് പ്രസാദ് പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.
2019ന്റെ അവസാനവും 2020ന്റെ തുടക്കത്തിലുമായി നടത്തിയ കലാപശ്രമം പരാജയപ്പെട്ടു. 2020 ഫെബ്രുവരിയിൽ നടത്തിയ കലാപശ്രമം വിജയിച്ചത് കൃത്യമായ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ്. രണ്ട് ഘട്ടത്തിലും കലാപത്തിൽ പങ്കെടുത്തത് ഒരേയാളുകളായിരുന്നു. ഉമർ ഖാലിദും ഷർജീൽ ഇമാമും ഒരുമിച്ചാണ് ഗൂഢാലോചനയിൽ പങ്കെടുക്കുകയും കലാപാഹ്വാനം നടത്തുകയും ചെയ്തതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
2020 ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന കലാപത്തിന്റെ മുഖ്യസൂത്രധാരനെന്ന് ആരോപിച്ചാണ് ഉമർ ഖാലിദ് അടക്കമുള്ളവരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്.
Adjust Story Font
16