Quantcast

മുഖ്യമന്ത്രിക്കെതിരെ ഡൽഹിയിലും പ്രതിഷേധം

യൂത്ത് കോൺഗ്രസിന്റെ ദേശീയ നേതാക്കളടക്കം കേരള ഹൗസിന് സമീപം പ്രതിഷേധിച്ചു

MediaOne Logo

Web Desk

  • Updated:

    2022-06-12 11:15:36.0

Published:

12 Jun 2022 11:14 AM GMT

മുഖ്യമന്ത്രിക്കെതിരെ ഡൽഹിയിലും പ്രതിഷേധം
X

ന്യൂഡൽഹി: സ്വർണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഡൽഹിയിലും പ്രതിഷേധം കനക്കുന്നു. ഡൽഹി കേരള ഹൗസിന് മുന്നിൽ എൻ.എസ്.യു.ഐ പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രിക്കെതിരെ സംസ്ഥാനത്തും പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.

കേരള ഹൗസ് നിൽക്കുന്ന പ്രദേശം ഗ്രീൻ സോൺ ആയതിനാൽ പ്രതിഷേധികരെ പൊലീസ് അവിടെനിന്നും മാറ്റിയിട്ടുണ്ട്. യൂത്ത് കോൺഗ്രസിന്റെ ദേശീയ നേതാക്കളടക്കം കേരള ഹൗസിന് സമീപം പ്രതിഷേധവുമായി എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാണ് പ്രതിഷേധകരുടെ ആവശ്യം. അതേസമയം മുഖ്യമന്ത്രിയുടെ കോഴിക്കോട്ടെ പരിപാടികളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ് പൊലീസ്. പന്തീരങ്കാവിൽ യുവ മോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. മുഖ്യമന്ത്രിക്കെതിരെ കാരപ്പറമ്പിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട്ടേക്ക് വരുന്ന വഴി കോട്ടയ്ക്കലിൽ യൂത്ത് ലീഗ് പ്രവർത്തകരും കരിങ്കൊടി പ്രതിഷേധവുമായി രംഗത്തെത്തി. ജില്ലയിൽ കരിങ്കൊടി പ്രതിഷേധങ്ങൾക്കുള്ള സാധ്യത ഇനിയും നില നിൽക്കുന്നതിനാൽ മുഖ്യമന്ത്രിയുടെ സുരക്ഷ കർശനമാക്കിയിരിക്കുകയാണ് പൊലീസ്

അതേസമയം മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കുന്നവർ കറുപ്പ് വസ്ത്രവും മാസ്‌കും ധരിക്കരുതെന്ന് പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച നിർദേശം പൊലീസാണ് നൽകിയതെന്ന് സംഘാടകർ വ്യക്തമാക്കി. കറുത്ത മാസ്‌കിന് വിലക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. സുരക്ഷ കർശനമാക്കിയ സാഹചര്യത്തിൽ പൊലീസ് സ്വീകരിച്ചതാവാം അത്തരം നടപടിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദമാക്കി.

കോഴിക്കോട് ജില്ലയിൽ എല്ലായിടത്തും റോഡുകൾ അടച്ചുകൊണ്ടുള്ള സുരക്ഷ നടപടികൾ പൊലീസ് സ്വീകരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ യാത്രാ എളുപ്പമാക്കുന്നതിന് വേണ്ടി കോഴിക്കോട്ടെ പ്രധാന ജംഗ്ഷനുകളിൽ മാത്രമാണ് വാഹനങ്ങൾ പൊലീസ് അൽപ്പ സമയം തടഞ്ഞു നിർത്തിയത്. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതിലൂടെ ജനങ്ങൾ പ്രയാസപ്പെടുകയാണെന്ന തരത്തിൽ ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ അത്തരം ആക്ഷേപങ്ങൾക്ക് വഴിവെക്കുന്ന നടപടികൾ കോഴിക്കോട് ജില്ലയിൽ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.

TAGS :

Next Story