'ആഭ്യന്തര കാര്യമാണ്, സി.ബി.ഐ റെയ്ഡ് പേടിച്ചാണോ മൗനം?'- ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ സച്ചിന്റെ വീടിനുമുന്നിൽ പ്രതിഷേധം
ഗുസ്തി താരങ്ങളുടെ സമരത്തിലെ മൗനം ചോദ്യംചെയ്ത് ബാന്ദ്ര വെസ്റ്റ് പെറി ക്രോസ് റോഡിലുള്ള സച്ചിന്റെ വസതിക്കു മുന്നില്‍ വലിയ ബാനർ ഉയര്‍ന്നിട്ടുണ്ട്
മുംബൈ: ബി.ജെ.പി എം.പി ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ മൗനം തുടരുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർക്കെതിരെ പ്രതിഷേധം. താരങ്ങൾ ഉയർത്തുന്ന ലൈംഗിക പീഡനക്കേസിൽ മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ആണ് രംഗത്തെത്തിയിരിക്കുന്നത്. പ്രതിഷേധം അറിയിച്ച് മുംബൈ യൂത്ത് കോൺഗ്രസ് സച്ചിന്റെ വീടിനു തൊട്ടുമുന്നിൽ ബാനർ ഉയർത്തുകയും ചെയ്തിട്ടുണ്ട്.
ബാന്ദ്ര വെസ്റ്റ് പെറി ക്രോസ് റോഡിലുള്ള സച്ചിന്റെ വസതിക്കു മുന്നിലാണ് വലിയ ബാനർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'സച്ചിൻ ടെണ്ടുൽക്കർ, താങ്കളൊരു ഭാരത് രത്‌ന ജേതാവും മുൻ എം.പിയും ക്രിക്കറ്റ് ഇതിഹാസവുമാണ്. ഗുസ്തി കൊച്ചുമാർക്കെതിരെ ഉയർന്ന ലൈംഗിക പീഡന വിഷയത്തിൽ മൗനം തുടരുന്നത് എന്തുകൊണ്ടാണ്? വർഷങ്ങളായി യുവ വനിതാ താരങ്ങളെ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇവർ. താങ്കൾ ശബ്ദമുയർത്തി ഈ പെൺകുട്ടികളെ സഹായിക്കണം. അവർക്കു നീതിതേടി തുറന്നുസംസാരിക്കണം.'-ബാനറിൽ ആവശ്യപ്പെടുന്നു.
'വോട്ടില്ലാത്ത ഭാരത് രത്‌ന സച്ചിൻ ടെണ്ടുൽക്കർ, ഇന്ത്യയുടെ ആഭ്യന്തര വിഷയത്തിൽ എന്തുകൊണ്ടാണ് മിണ്ടാതിരിക്കുന്നത്?'-മുംബൈ യൂത്ത് കോൺഗ്രസ് വക്താവ് രഞ്ജിത ഘോറെയുടെ പേരിലുള്ള ബാനറിൽ ചോദിക്കുന്നു. സി.ബി.ഐ റെയ്ഡിനെ പേടിയാണോ എന്നും ചോദ്യം തുടരുന്നുണ്ട്. 'നമ്മുടെ ഗുസ്തി താരങ്ങൾ നീതി തേടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തെ കണ്ടില്ലെന്ന് നടിക്കുകയാണ് ബി.ജെ.പി. താങ്കളെപ്പോലെ തന്നെ നമ്മുടെ രാജ്യത്തെ വനിതാ ഗുസ്തി താരങ്ങളും നമ്മുടെ അഭിമാനമാണ്.'-എൻ.സി.പി ദേശീയ വക്താവ് ക്ലൈഡ് ക്രാസ്‌റ്റോ പ്രതികരിച്ചു.
അടുത്തിടെയാണ് മഹാരാഷ്ട്ര സർക്കാരിനു കീഴിലുള്ള 'സ്‌മൈൽ അംബാസഡർ' ആയി സച്ചിനെ നിയമിച്ചത്. 'കായികതാരമെന്ന നിലയ്ക്ക് താങ്കളുടെ സഹോദരങ്ങളെ പിന്തുണയ്ക്കൽ താങ്കളുടെ ഉത്തരവാദിത്തമാണ്. താങ്കൾ തുറന്നുസംസാരിക്കുമെന്നും ഗുസ്തി താരങ്ങളുടെ 'സ്‌മൈൽ അംബാസഡർ' ആകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും ക്രാസ്റ്റോ കൂട്ടിച്ചേർത്തു.
അതിനിടെ, ലൈംഗികപീഡനക്കേസിൽ കുറ്റാരോപിതനായ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ സിങ്ങിനു പിന്തുണയുമായി അയോധ്യയിലെ ഹിന്ദു പുരോഹിതന്മാർ രംഗത്തെത്തിയിട്ടുണ്ട്. ജൻ ചേതന മഹാറാലി എന്ന പേരിൽ അയോധ്യയിലെ സന്യാസിമാർ ജൂൺ അഞ്ചിന് ഐക്യദാർഢ്യ സമ്മേളനം പ്രഖ്യാപിച്ചിരിക്കുകയാണ്. പോക്സോ കേസ് നിയമം ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് റാലി നടക്കുന്നത്.
ഗുസ്തി താരങ്ങളുടെ സമരത്തിന് ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും പിന്തുണ വർധിക്കുന്നതിനിടെയാണ് ബ്രിജ് ഭൂഷണ് പ്രതിരോധമൊരുക്കി ഹിന്ദു പുരോഹിതന്മാർ രംഗത്തെത്തുന്നത്. തലപ്പാവ് ധരിച്ചുകൊണ്ടുള്ള ബ്രിജ് ഭൂഷണിന്റെ ചിത്രമടങ്ങിയ പോസ്റ്ററുകൾ അയോധ്യയിലുടനീളം പതിച്ചിട്ടുണ്ടെന്ന് 'ദി പ്രിന്റ്' റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ച തെരുവിലിറങ്ങാൻ ജനങ്ങളോട് ആഹ്വാനം ചെയ്തിരിക്കുകയാണ് സന്യാസിമാർ.
ഗുസ്തിതാരങ്ങളുടെ പ്രതിഷേധത്തിനെതിരെ ജനങ്ങളുടെ പിന്തുണ തേടി ബ്രിജ് ഭൂഷൺ തന്നെ രംഗത്തുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ബഹ്റായിച്ച്, ബസ്തി, ഗോണ്ട, ബൽറാംപൂർ എന്നിവിടങ്ങളിലെല്ലാം എത്തിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ അവധ്, പുർവാഞ്ചൽ എന്നിവിടങ്ങളിലും ബ്രിജ് ഭൂഷൺ എത്തുന്നുണ്ട്.
Summary: Posters outside Sachin Tendulkar's home at Mumbai question his silence on wrestlers’ protest against Brij Bhushan Sharan Singh
Adjust Story Font
16