മതിലുചാടിയെത്തി കല്ലിടാൻ ശ്രമം; നായ്ക്കളെ അഴിച്ചുവിട്ട് വീട്ടുകാർ
കല്ലിടാനെത്തിയ ഉദ്യോഗസ്ഥർക്കെതിരെ സ്ത്രീകൾ വൻ പ്രതിഷേധമാണ് ഉയർത്തിയത്. മുരുക്കുംപുഴ റെയിൽവേ സ്റ്റേഷന് സമീപം ബിബിന കോട്ടേജിൽ ബിബിന ലോറൻസി (69) ന്റെ വീട്ടിലെത്തിയപ്പോഴാണ് ഗേറ്റിൽ സ്ത്രീകൾ അധികൃതരെ തടഞ്ഞത്.
സിൽവർ ലൈൻ പദ്ധതിക്ക് കല്ലിടാൻ മതിലുചാടിയെത്തിയ ഉദ്യോഗസ്ഥരെ വീട്ടുകാർ നായ്ക്കളെ അഴിച്ചുവിട്ട് ഓടിച്ചു. മുരിക്കുംപുഴയിലാണ് നാട്ടുകാരുടെ വൻ പ്രതിഷേധത്തെ തുടർന്ന് ഉദ്യോഗസ്ഥർക്ക് പിന്തിരിയേണ്ടി വന്നത്. ഗേറ്റ് അടച്ചിട്ടതിനെ തുടർന്ന് ഉദ്യോഗസ്ഥർ മതിലുചാടി വീട്ടുവളപ്പിൽ കല്ലിട്ടതോടെ സമീപത്തെ വീട്ടുടമസ്ഥൻ വളർത്തുനായ്ക്കളെ തുറന്നുവിടുകയായിരുന്നു. ഇതോടെ കല്ലിടലിൽ നിന്ന് ഉദ്യോഗസ്ഥർ പിൻവാങ്ങി.
കല്ലിടാനെത്തിയ ഉദ്യോഗസ്ഥർക്കെതിരെ സ്ത്രീകൾ വൻ പ്രതിഷേധമാണ് ഉയർത്തിയത്. മുരുക്കുംപുഴ റെയിൽവേ സ്റ്റേഷന് സമീപം ബിബിന കോട്ടേജിൽ ബിബിന ലോറൻസി (69) ന്റെ വീട്ടിലെത്തിയപ്പോഴാണ് ഗേറ്റിൽ സ്ത്രീകൾ അധികൃതരെ തടഞ്ഞത്. രണ്ടാം വട്ടമാണ് തന്റെ സ്ഥലം ഏറ്റെടുക്കുന്നതെന്ന് ബിബിന പറഞ്ഞു.
വർഷങ്ങൾക്കു മുമ്പ് റെയിൽവേലൈൻ ഇരട്ടിപ്പിക്കുന്നതിന് ബിബിനയുടെ പത്തര സെന്റ് ഏറ്റെടുത്തിരുന്നു. അന്ന് നിയമ പോരാട്ടങ്ങളിലൂടെ ആകെ ലഭിച്ചത് ഒരു ലക്ഷം രൂപ മാത്രമാണ്. വീട്ടിലേക്കുള്ള വഴിയും വീടിന്റെ മുൻവശവും അന്നു നഷ്ടപ്പെട്ടു. ബാക്കിവന്ന വീട്ടിലാണ് ഇവരുടെ താമസം. കാർ ഇടുന്നത് റെയിൽവെ സ്റ്റേഷനു മുന്നിലാണ്. പൊലീസുകാരെയും ആൾക്കൂട്ടത്തെയും കണ്ട് ബിബിനയുടെ ഭിന്നശേഷിയുള്ള ചെറുമകൻ ഉറക്കെ നിലവിളിച്ചു. തുടർന്ന് മംഗലപുരം എസ്.എച്ച്.ഒ എച്ച്.എൽ സജീഷ് ബിബിനയുമായി ഏറെ നേരം സംസാരിച്ച് ശാന്തമാക്കിയ ശേഷമാണ് ഉദ്യോഗസ്ഥർ അകത്തു കയറി കല്ലിട്ടത്.
ഈ പ്രദേശത്ത് 23 ഓളം വീടുകൾ പൂർണമായോ ഭാഗികമായോ നഷ്ടപ്പെടുമെന്ന് പ്രതിഷേധവുമായെത്തിയവർ പറഞ്ഞു. സമരസമിതി സംസ്ഥാന രക്ഷാധികാരി ശൈവ പ്രസാദ്, ജില്ലാ കോർഡിനേറ്റർ ഷൈജു, മുരുക്കുംപുഴ സമരസമിതി പ്രസിഡന്റ് എ.കെ ഷാനവാസ്, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തംഗം കെ.എസ് അജിത്കുമാർ, മംഗലപുരം പഞ്ചായത്തംഗം എസ്.ശ്രീചന്ദ്, യൂത്ത്‌കോൺഗ്രസ് ബ്ലോക്ക് മണ്ഡലം സെക്രട്ടറി രാജേഷ് മുല്ലശ്ശേരി, അഡ്വ. എസ്. ഹാഷിം, അഹമ്മദാലി, നസീറ എന്നിവർ നേതൃത്വം നൽകി.
Adjust Story Font
16