Quantcast

'സെന്റ് ഫ്രാൻസിസ് സേവ്യറുടെ തിരുശേഷിപ്പിൽ ഡിഎൻഎ പരിശോധന വേണം': വിവാദ പ്രസ്താവനയില്‍ rss മുൻ മേധാവിക്കെതിരെ പ്രതിഷേധം

പ്രതിഷേധക്കാര്‍ റോഡുകള്‍ തടഞ്ഞു, പ്രദേശത്ത് സംഘർഷ സാധ്യത

MediaOne Logo

Web Desk

  • Updated:

    2024-10-07 08:24:48.0

Published:

7 Oct 2024 8:10 AM GMT

സെന്റ് ഫ്രാൻസിസ് സേവ്യറുടെ  തിരുശേഷിപ്പിൽ ഡിഎൻഎ പരിശോധന വേണം: വിവാദ പ്രസ്താവനയില്‍ rss മുൻ മേധാവിക്കെതിരെ പ്രതിഷേധം
X

പനജി: സെന്റ് ഫ്രാൻസിസ് സേവ്യറുടെ തിരുശേഷിപ്പിൽ ഡിഎൻഎ പരിശോധന വേണമെന്ന വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ ഗോവയിലെ ആർഎസ്എസ് മുൻ മേധാവി സുഭാഷ് വെലിങ്കറെക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. ക്രിസ്തീയ വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണ് ആർഎസ്എസ് മുൻ ഗോവ യൂണിറ്റ് മേധാവി വെലിങ്കറെയുടെ പ്രസ്താവനയെന്ന് ആരോപിച്ച് ക്രിസ്ത്യൻ സമുദായാം​ഗങ്ങൾ രം​ഗത്തിറങ്ങിയതോടെ പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുകയാണ്. സെന്റ് ഫ്രാന്‍സിസ് സേവ്യറുടെ തിരുശേഷിപ്പുകളുടെ ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്നും ഗോവന്‍ ജനത ആരാധിക്കുന്ന സെന്റ് ഫ്രാന്‍സിസിനെ ഗോവയുടെ സംരക്ഷകനായി കാണാനാവില്ലെന്നുമാണ് സുഭാഷ് വെലിങ്കറെ ഒരു പൊതുപരിപാടിയിൽ പറഞ്ഞത്.

മതവികാരം വ്രണപ്പെടുത്തിയതിന് ബിച്ചോലിം പൊലീസ് വെല്ലിങ്കറെക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ ഇദ്ദേഹം ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം. വെലിങ്കറെയുടെ അറസ്റ്റ് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പ്രവര്‍ത്തകരും വിശ്വാസികളും മഡ്​ഗാവ് പൊലീസ് സ്റ്റേഷൻ പരിസരത്ത് കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. നഗരത്തിലെ പ്രധാന റോഡുകളെല്ലാം പ്രതിഷേധക്കാർ തടഞ്ഞതിനുപിന്നാലെ സംഘർഷം രൂക്ഷമാവുകയും പ്രതിഷേക്കാരിൽ ചിലരെ പൊലീസ് ബലമായി മാറ്റുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

അതേസമയം സമാധാനം പാലിക്കണമെന്നും റോഡുകൾ തടയരുതെന്നും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു. കേസിൽ വെല്ലിങ്കറെക്കെതിരെ ഉചിതമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ബിജെപി നിരന്തരം സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുകയാണെന്നും ഗോവയുടെ മതസൗഹാർദത്തെയാണ് ബിജെപി ആക്രമിച്ചതെന്നും രാഹുൽ വിമർശിച്ചു. ഗോവ മാത്രമല്ല ഇന്ത്യയൊന്നാകെ ഭിന്നിപ്പിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും രാഹുൽ സമൂഹമാധ്യമത്തിലൂടെ ആഹ്വാനം ചെയ്തു.

എല്ലാ മതസ്ഥരും ബഹുമാനിക്കുന്ന വിശുദ്ധനാണ് സെന്റ ഫ്രാൻസിസ് സേവ്യർ എന്ന് ബിജെപി സിയോലിം എംഎൽഎ ഡെലീല ലോബോ പറഞ്ഞു. വെലിങ്കറെയെപ്പോലുള്ളവർ ഇത്തരം മണ്ടത്തരങ്ങൾ പറയുന്നത് ജനശ്രദ്ധപിടിച്ചുപറ്റാനാണെന്നും മതങ്ങൾക്കിടയിൽ വിള്ളലുണ്ടാക്കാനാണ് അവർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തെ മറ്റു പല വിഷയങ്ങളെയും വഴിതിരിച്ചുവിടാനുള്ള ഗൂഢശ്രമമാണ് വെല്ലിങ്കറെയുടെ പ്രസ്താവനയ്ക്ക് പിന്നിലെന്നും ഇത്തരം പ്രസ്താവനകളെ അംഗീകരിക്കാനാവില്ലെന്നും ആംആദ്മി പാർട്ടി എംഎൽഎ വെൻസി വിയേഗാസ് പറഞ്ഞു.

അതേസമയം, പ്രതിഷേധം ശക്തമാകുന്നതിനിടെ ഗോവ പള്ളി അധികൃതർ സമാധാനത്തിനും സംയമനത്തിനും ആഹ്വാനം ചെയ്തിരിക്കയാണ്.

പനജി നഗരത്തിനടുത്തുള്ള ബോം ജീസസ് ദേവാലയത്തിലാണ് തിരുശേഷിപ്പ് സൂക്ഷിച്ചിട്ടുള്ളത്. യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയിൽ ഇടംപിടിച്ച ക്രൈസ്തവ ദേവാലയമാണിത്. പത്ത് വർഷത്തിലൊരിക്കൽ പൊതുജനങ്ങൾക്ക് തിരുശേഷിപ്പ് കാണാനുള്ള സൗകര്യം ചെയ്തു കൊടുക്കാറുണ്ട്. നവംബർ മുതൽ ജനുവരി വരെയുള്ള തിരുനാൾ ദിനത്തിൽ ഇതിനായുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് വിവാദ പ്രസ്താവന.

TAGS :

Next Story