ഇന്ധന വില വർധന; പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം
രാജ്യസഭയിൽ നൽകിയ അടിയന്തര പ്രമേയ നോട്ടീസ് ചെയർമാൻ എം വെങ്കയ്യ നായിഡു തള്ളിയതോടെ തൃണമൂൽ കോൺഗ്രസും ശിവസേനയുമടക്കമുള്ള പ്രതിപക്ഷം പ്രതിഷേധമുയർത്തി
ഇന്ധന വില വർധനവും വിലക്കയറ്റവും ഉയർത്തി പാർലമെന്റിനകത്തും പുറത്തും കടുത്ത പ്രതിഷേധം. സമരം ശക്തമായതിനെ തുടർന്ന് രാജ്യസഭയും ലോക്‌സഭയും തൽക്കാലത്തേക്ക് പിരിഞ്ഞു. തുടർച്ചയായ രണ്ടാം ദിവസവും ഇന്ധന വില വർധിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. വില വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംപിമാർ പാർലമെൻറിന് പുറത്തുള്ള മഹാത്മാ ഗാന്ധി പ്രതിമക്ക് സമീപം ധർണ നടത്തി.
നേരത്തെ കേരളത്തിൽ നിന്നുള്ള എംപിമാർ ഇന്ധന വിലക്കയറ്റത്തിനെതിരെ കൂട്ടത്തോടെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. രാജ്യസഭയിൽ നൽകിയ നോട്ടീസ് ചെയർമാൻ എം വെങ്കയ്യ നായിഡു തള്ളിയതോടെ തൃണമൂൽ കോൺഗ്രസും ശിവസേനയുമടക്കമുള്ള പ്രതിപക്ഷം പ്രതിഷേധമുയർത്തി. 267ാം റൂൾ പ്രകാരം പാചക വാതകത്തിന്റെയും പെട്രോൾ ഉത്പന്നങ്ങളുടെയും വില വർധനവ് പരിശോധിക്കണമെന്നായിരുന്നു പ്രതിപക്ഷം ആവശ്യപ്പെട്ടത്. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുതിച്ചുയർന്നിരുന്നു. ഇതിന്റെ പ്രതിഫലനം ഇന്ത്യൻ വിപണിയിലും ഉണ്ടാവുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേസമയം, റഷ്യൻ കമ്പനിയിൽ നിന്ന് 30 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണ വാങ്ങാനുള്ള കരാറിൽ റഷ്യൻ കമ്പനിയും ഇന്ത്യൻ ഓയിൽ കോർപറേഷനും ഒപ്പുവെച്ചിരുന്നു. റഷ്യയിൽ നിന്നും എണ്ണ ഉൾപ്പെടെയുള്ള വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിന് പാശ്ചാത്യ രാജ്യങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനിടെയാണ് കരാറിലേർപ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളിൽ ഒന്നായ ഇന്ത്യൻ ഓയിൽ കോർപറേഷൻ അധികൃതരാണ് കരാർ സംബന്ധിച്ച സ്ഥിരീകരണം നൽകിയത്. 30 ലക്ഷം ബാരൽ അസസ്‌കൃത എണ്ണയാണ് ഇന്ത്യ റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്നത്. നിലവിൽ വിപണിയിൽ ലഭിക്കാവുന്ന മികച്ച നിരക്കിലാണ് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം. മറ്റ് എണ്ണക്കമ്പനികളും റഷ്യൻ കമ്പനികളുമായി ഇറക്കുമതി കരാറിന് ഒരുങ്ങുന്നു എന്നാണ് സൂചന. എന്നാൽ ഇത് രണ്ട് കമ്പനികൾ തമ്മിലുള്ള ഇടപാട് മാത്രമായി കണ്ടാൽ മതി എന്ന് അധികൃതർ വ്യക്തമാക്കി.
ഇന്ത്യ ഉൾപ്പെട്ട ഊർജ കൈമാറ്റ ബന്ധങ്ങളെ രാഷ്ടീയവൽകരിക്കരുതെന്ന് കേന്ദ്ര സർക്കാർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ക്രൂഡ് ഓയിലിൽ സ്വയം പര്യാപ്തത കൈവരിച്ചിട്ടില്ലാത്ത രാജ്യങ്ങൾ റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തരുത് എന്നാണ് ഇന്ത്യയുടെ നിലപാട്. ഇന്ത്യ റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് നിലവിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ലംഘനമല്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജൻ സാകി വ്യക്തമാക്കിയിരുന്നു. എന്നാൽ യുക്രൈനിൽ റഷ്യ അധിനിവേശം നടത്തുമ്പോൾ റഷ്യയെ സഹായിച്ചവരായി റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നവരെ ചരിത്രം അടയാളപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
protests inside and outside parliament over rising fuel prices and inflation
Adjust Story Font
16