പി.എസ്.എല്‍.വി-സി52 വിക്ഷേപണം വിജയം; മൂന്ന് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ചു
ഇന്ന് രാവിലെ 5.59 ന് ശ്രീഹരിക്കോട്ടയിൽ നിന്നായിരുന്നു വിക്ഷേപണം
ഐ.എസ്.ആര്‍.ഒയുടെ 2022ലെ ആദ്യത്തെ ദൗത്യമായ പി.എസ്.എല്‍.വി-സി52 വിക്ഷേപണം വിജയം. മൂന്ന് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ചു. ഇന്ന് രാവിലെ 5.59 ന് ശ്രീഹരിക്കോട്ടയിൽ നിന്നായിരുന്നു വിക്ഷേപണം. ഭൗമനിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്-04 അടക്കം മൂന്ന് ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തിച്ചത്. എസ്.സോമനാഥ് ഐ.എസ്.ആര്‍.ഒ ചെയർമാനായി സ്ഥാനമേറ്റതിന് ശേഷമുള്ള ആദ്യത്തെ ദൗത്യമാണ് ഇത്.
1510 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന് ഏത് പ്രതികൂല കാലാവസ്ഥയിലും ഭൂമിയെ നിരീക്ഷിച്ച് കൃത്യമായ വിവരങ്ങൾ നൽകാനാവും. റഡാർ ഇമേജിങ് ഉപഗ്രഹമാണ് ഇ.ഒ.എസ് 04. ഏത് കാലാവസ്ഥയിലും മിഴിവേറിയ ചിത്രങ്ങളെടുക്കാൻ കഴിയും. കാർഷിക ഗവേഷണം, പ്രളയ സാധ്യതാ പഠനം, മണ്ണിനെക്കുറിച്ചുള്ള പഠനം എന്നിവയില്‍ ഉപഗ്രഹം നൽകുന്ന വിവരങ്ങൾ പ്രയോജനകരമാകുമെന്നാണ് ഐ.എസ്.ആര്‍.ഒ അറിയിച്ചു.
തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥികളും കൊളറാഡോ സർവകലാശാലയും ചേർന്ന് വികസിപ്പിച്ചെടുത്ത ഇൻസ്പയർ സാറ്റ് 1, ഇന്ത്യൻ ഭൂട്ടാൻ സംയുക്ത ഉപഗ്രഹത്തിന് മുന്നോടിയായുള്ള സാങ്കേതിക വിദ്യാ പരീക്ഷണ ഉപഗ്രഹം ഐ.എൻ.എസ് 2 ടി.ഡി എന്നിവയാണ് ഭ്രമണപഥത്തിലെത്തിയ മറ്റ് രണ്ട് ചെറു ഉപഗ്രഹങ്ങള്‍. ഗഗൻയാൻ ആദ്യ പരീക്ഷണ പറക്കലടക്കം 10 ദൗത്യങ്ങളാണ് ഐ.എസ്.ആര്‍.ഒ ഈ വർഷം ലക്ഷ്യമിടുന്നത്.
Adjust Story Font
16