കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം: പ്രതിക്ക് സൈക്കോ അനാലിസിസ് പരിശോധന
സി.ബി.ഐ അന്വേഷണം പുരോഗമിക്കുന്നു
ന്യൂഡൽഹി: കൊൽക്കത്തയിലെ ആർ.ജി.കർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ സി.ബി.ഐ അന്വേഷണം പുരോഗമിക്കുന്നു. അറസ്റ്റിലായ പ്രതി സഞ്ജയ് റോയിയുടെ സൈക്കോ-അനാലിസിസ് പരിശോധന നടത്താൻ ഡൽഹി സെൻട്രൽ ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽനിന്നുള്ള വിദഗ്ധർ കൊൽക്കത്തയിലെത്തി. ബംഗാളിലെ ആശുപത്രികളിൽ വനിതാ ഡോക്ടർമാരുടെ ജോലിസമയം ക്രമീകരിക്കാൻ സർക്കാർ തീരുമാനിച്ചു.
വനിത ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യവ്യാപക പ്രതിഷേധം അലയടിക്കുമ്പോഴാണ് സംസ്ഥാന-കേന്ദ്ര സർക്കാറുകൾ പ്രതിഷേധങ്ങൾ തണുപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. സി.ബി.ഐ അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും ഡോക്ടർമാരുടെ തുടർച്ചയായ സമരം സർക്കാറുകളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഡൽഹിയിൽനിന്നും കൊൽക്കത്തയിലെത്തിയ ഡൽഹി സെൻട്രൽ ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽനിന്നുള്ള വിദഗ്ധർ അറസ്റ്റിലായ പ്രതി സഞ്ജയ് റോയിയുടെ സൈക്കോ-അനാലിസിസ് പരിശോധന ഉടൻ നടത്തും. ഇതിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
ബംഗാളിലെ വനിതാ ഡോക്ടർമാരുടെ ജോലി സമയം പരമാവധി 12 മണിക്കൂറാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. വനിതാ ഡോക്ടർമാർക്ക് രാത്രി ഡ്യൂട്ടി ഒഴിവാക്കുന്നത് പരിഗണനയിലുണ്ട്. ആശുപത്രിയിൽ ബ്രെത്തലൈസർ പരിശോധന നടത്താനും ബംഗാൾ സർക്കാർ തീരുമാനിച്ചു.
ഇന്നലെ രാത്രി വൈകിയും മെഡിക്കൽ വിദ്യാർഥികളുടെ സമരം തുടർന്നു. റോഡ് തടഞ്ഞുള്ള ഉപരോധം നഗരത്തെ ഗതാഗതക്കുരുക്കിലാക്കി. ഡോക്ടർമാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട് ഐ.എം.എ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
Adjust Story Font
16