ഐഒഎ ജനറല്‍ മീറ്റിങ്; വെവ്വേറെ അജന്‍ഡയുമായി പി.ടി ഉഷയും എതിര്‍പക്ഷവും
ഒക്ടോബര്‍ മൂന്നിന് പി.ടി ഉഷ അംഗങ്ങള്‍ക്ക് അയച്ച കത്തിലെ അജന്‍ഡയില്‍ 16 വിഷയങ്ങൾ മാത്രമാണുള്ളത്.
ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) ജനറല്‍ മീറ്റിങ്ങിന് വെവ്വേറെ അജന്‍ഡ തയാറാക്കി പി.ടി ഉഷയും എതിര്‍പക്ഷവും. ഈ മാസം 25ന് നടക്കാനിരിക്കുന്ന മീറ്റിങ്ങിനാണ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളും പി.ടി ഉഷയും വ്യത്യസ്ത അജൻഡകൾ തയാറാക്കിയിരിക്കുന്നത്.
ഒക്ടോബര്‍ മൂന്നിന് പി.ടി ഉഷ അംഗങ്ങള്‍ക്ക് അയച്ച കത്തിലെ അജന്‍ഡയില്‍ 16 വിഷയങ്ങൾ മാത്രമാണുള്ളത്. ഉഷയ്ക്കെതിരായ അവിശ്വാസപ്രമേയം ഉള്‍പ്പെടുത്തി എക്സിക്യുട്ടീവ് കമ്മിറ്റി തയാറാക്കിയ അജന്‍ഡയിൽ 26 വിഷയങ്ങളാണുള്ളത്. ഇന്ന് രാവിലെയായിരുന്നു അംഗങ്ങളുടെ അജൻഡ പുറത്തുവന്നത്. ഇതിനു പിന്നാലെയാണ്, ഒക്ടോബർ മൂന്നിന് പി.ടി ഉഷ അയച്ച അജൻഡ പുറത്തുവന്നത്.
എക്‌സിക്യുട്ടീവ് കമ്മിറ്റിക്കെതിരായ ആരോപണങ്ങളെ കുറിച്ച് ചർച്ച ചെയ്യുമെന്നാണ് ഉഷ തയാറാക്കിയ അജൻഡയിൽ പ്രധാനമായും വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ എക്‌സിക്യുട്ടീവ് അംഗങ്ങൾ തയാറാക്കിയ അജൻഡയിൽ പി.ടി ഉഷയ്‌ക്കെതിരായ അവിശ്വാസമടക്കം ചർച്ച ചെയ്യും എന്നതുൾപ്പെടെയുള്ള വിഷയങ്ങളാണുള്ളത്. ഏത് അജൻഡയിലായിരിക്കും ഒക്ടോബർ 25ലെ കൗൺസിൽ യോഗത്തിൽ ചർച്ചകൾ നടക്കുക എന്നതിൽ വ്യക്തതയില്ല.
പി.ടി ഉഷയും എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളും തമ്മിൽ വലിയ തോതിലുള്ള തർക്കങ്ങളാണ് നിലനിൽക്കുന്നത്. യോഗ്യതാ മാനദണ്ഡവുമായി ബന്ധപ്പെട്ട് പി.ടി ഉഷ പല കൗൺസിൽ അംഗങ്ങൾക്കും നോട്ടീസ് അയച്ചിരുന്നു. 15 അംഗ കൗൺസിലിൽ 12 പേരും പി.ടി ഉഷയ്ക്ക് എതിരാണ്. ഈ സാഹചര്യത്തിൽ അവിശ്വാസ പ്രമേയം വോട്ടെടുപ്പിലേക്കെത്തിയാൽ അത് ഉഷയ്ക്ക് വലിയ തിരിച്ചടിയാവും.
25ന് ചേരുന്ന യോഗത്തിൽ കൗൺസിൽ അംഗങ്ങളുടെ അജൻഡ പ്രകാരം ഒളിംപിക് അസോസിയേഷൻ പ്രസിഡന്റിന്റെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്നതും ചർച്ച ചെയ്യും. പ്രസിഡന്റ് സ്ഥാനത്ത് എത്തിയതിന് കേവലം രണ്ട് വർഷത്തിനുള്ളിലാണ് ഉഷയ്ക്കെതിരായ നീക്കം.
ഉഷയുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചകളുണ്ടായിട്ടുണ്ടെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. പാരീസ് ഒളിമ്പിക്‌സിലെ ഹോസ്പിറ്റാലിറ്റി ലോഞ്ചുമായി ബന്ധപ്പെട്ട് റിലയൻസുമായുള്ള കരാറില്‍ സിഎജി ഉഷയ്ക്ക് നേരെ ചോദ്യങ്ങള്‍ ഉയർത്തിയിരുന്നു.
റിലയൻസിനെ ഉഷ വഴിവിട്ട് സഹായിച്ചെന്നും ഇതുമൂലം ഐഒഎയ്ക്ക് 24 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് സിഎജിയുടെ ആരോപണം. എന്നാല്‍, ഈ ആരോപണങ്ങളെല്ലാം ഉഷ നിരസിച്ചിരുന്നു.
Adjust Story Font
16