Quantcast

വ്യാജ സർട്ടിഫിക്കറ്റുകൾ: പൂജ ഖേദ്ഖറെ ഐഎഎസിൽനിന്ന് പുറത്താക്കി

വ്യാജ മെഡിക്കൽ, ഒബിസി സർട്ടിഫിക്കറ്റുകളാണ് ഇവർ ഹാജരാക്കിയിരുന്നത്

MediaOne Logo

Web Desk

  • Published:

    7 Sep 2024 3:02 PM GMT

വ്യാജ സർട്ടിഫിക്കറ്റുകൾ: പൂജ ഖേദ്ഖറെ ഐഎഎസിൽനിന്ന് പുറത്താക്കി
X

ന്യൂഡൽഹി: വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി യുപിഎസ്‌സി പരീക്ഷ എഴുതിയെന്ന ആരോപണം നേരിടുന്ന പൂജ ഖേദ്കറെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽനിന്ന് കേന്ദ്ര സർക്കാർ പുറത്താക്കി. ഐഎഎസ് നേടാനായി വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയതിനാണ് നടപടി. വ്യാജ മെഡിക്കൽ, ഒബിസി സർട്ടിഫിക്കറ്റുകളാണ് ഇവർ ഹാജരാക്കിയിരുന്നത്. നേരത്തേ ഇവരുടെ ഐഎഎസ് സർക്കാർ റദ്ദാക്കിയിരുന്നു.

2020-2021 വരെ ഇവർ ഒബിസി ക്വാട്ടയിൽ പൂജ ദിലീപ്റാവു ഖേദ്ഖർ എന്ന പേര് ഉപയോഗിച്ചാണ് പരീക്ഷ എഴുതിയിരുന്നത്. 2021-22 കാലയവളിലെ പരീക്ഷകളിൽ തിരിച്ചടി നേരിട്ടശേഷം ഇവർ ഭിന്നശേഷി വിഭാഗക്കാർക്കുള്ള പിഡബ്ല്യുബിഡി ​ക്വാട്ടയിൽ പരീക്ഷ എഴുതുകയായിരുന്നു. ഈ സമയത്ത് അവർ പൂജ മനോരമ ദിലീപ് ഖേദ്ഖർ എന്ന പേരാണ് ഉപയോഗിച്ചത്. തുടർന്ന് അവർ 821ാം റാങ്ക് നേടി പരീക്ഷ പാസാവുകയും ചെയ്തു.

വ്യാജരേഖ ചമച്ചതിന് പൂജ ഖേദ്കറിനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തിരുന്നു. യുപിഎസ്‌സി നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളിയതിന് പിന്നാലെ ഇവർ വിദേശത്തേക്ക് കടന്നതായി റിപ്പോർട്ടുണ്ടായിരുന്നു.

പൂജ തന്‍റെ സ്വകാര്യ ഔഡി കാറില്‍ ചുവന്ന-നീല ബീക്കണ്‍ ലൈറ്റും വിഐപി നമ്പര്‍ പ്ലേറ്റും ഉപയോഗിച്ചത് വിവാദമായിരുന്നു. കാറില്‍ മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ ബോര്‍ഡും സ്ഥാപിച്ചിരുന്നു. വിഐപി നമ്പർ പ്ലേറ്റുള്ള ഔദ്യോഗിക കാർ, താമസ സൗകര്യം, മതിയായ ജീവനക്കാരുള്ള ഔദ്യോഗിക ചേംബർ, ഒരു കോൺസ്റ്റബിൾ എന്നിവ ഉൾപ്പെടുന്ന അന്യായമായ ആവശ്യങ്ങളും ഖേദ്കർ ഉന്നയിച്ചിരുന്നു.നിയമപ്രകാരം ഐഎഎസ് ട്രെയിനിക്ക് ഈ സൗകര്യങ്ങളൊന്നും അനുവദനീയമായിരുന്നില്ല.

ഇത് കൂടാതെ അഡീഷണൽ കലക്ടർ അജയ് മോറെ ഇല്ലാതിരുന്ന സമയത്ത് അദ്ദേഹത്തിൻ്റെ ചേംബറും പൂജ കൈവശപ്പെടുത്തി സ്വന്തം പേരെഴുതിയ ബോർഡും വച്ചു. അഡീഷണൽ കലക്‌ടറുടെ അനുമതി ഇല്ലാതെയാണ് അവർ കസേര, സോഫകൾ, മേശ ഉൾപ്പെടെ എല്ലാ സാമഗ്രികളും നീക്കം ചെയ്‌തത്. ശേഷം ലെറ്റർഹെഡ്, വിസിറ്റിംഗ് കാർഡ്, പേപ്പർ വെയ്റ്റ്, നെയിം പ്ലേറ്റ്, റോയൽ സീൽ, ഇന്റർകോം എന്നിവ നൽകാൻ റവന്യു അസിസ്റ്റന്റിന് നിർദേശവും നൽകി. റിട്ടയേർഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ പൂജയുടെ പിതാവും മകളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ജില്ലാ കലക്ടറുടെ ഓഫീസിൽ സമ്മർദ്ദം ചെലുത്തുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

TAGS :

Next Story