Quantcast

കോടതി ഉത്തരവിട്ട് ഒമ്പത് മണിക്കൂർ; ഗ്യാൻവാപി നിലവറയിൽ പൂജ തുടങ്ങി

മസ്ജിദ് കോംപ്ലക്‌സിനകത്ത് വ്യാസ് കാ തെഖാന ഭാഗത്ത് പൂജ നടത്താൻ ബുധനാഴ്ചയാണ് വാരണാസി ജില്ലാ കോടതി അനുമതി നൽകിയത്

MediaOne Logo

Web Desk

  • Updated:

    2024-02-01 08:09:03.0

Published:

1 Feb 2024 5:44 AM GMT

Puja started in Gyanvapi basement
X

വാരണാസി: കോടതി ഉത്തരവ് പുറത്തുവന്ന് ഒമ്പത് മണിക്കൂറിനകം ഗ്യാൻവാപി മസ്ജിദ് കോംപ്ലക്‌സിനകത്തെ ഒരു നിലവറയിൽ പൂജ തുടങ്ങി. 30 വർഷത്തിലേറെ കാലം ഇവിടെ പൂജ നടത്തിയിരുന്നില്ല. എന്നാൽ പൂജ നടത്താൻ വാരണാസി ജില്ല കോടതി അനുമതി നൽകിയ ശേഷം അർധ രാത്രിയോടെ ബാരിക്കേഡുകൾ നീക്കുകയും പൂജ നടത്തുകയുമായിരുന്നു. വ്യാസ് കെ തെഖാനയിലാണ് പൂജ -ആരതി നടത്തി പ്രസാദം വിതരണം ചെയ്തത്.

കോടതി ഉത്തരവിന് ശേഷം ബുധനാഴ്ച രാത്രി മുതിർന്ന പൊലീസ് നേതാക്കളും ഉദ്യോഗസ്ഥരും വിശ്വനാഥ് ധാമിലെത്തിയിരുന്നു. വ്യാസ്ജിയുടെ നിലവറയിൽ പൂജ നടത്തുന്നതുമായി ബന്ധപ്പെട്ട് ഉന്നത തല യോഗം ചേരുകയും ചെയ്തു. തുടർന്നാണ്‌ പൂജ തുടങ്ങിയത്. വ്യാഴാഴ്ച കാലത്ത് മംഗള ആരതിയും നടത്തി. പ്രദേശത്ത് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

കെട്ടിടത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ബേസ്മെന്റിൽ വിഗ്രഹാരാധനയും 'രാഗ്-ഭോഗും' നടത്താൻ റിസീവറായ ജില്ലാ മജിസ്ട്രേറ്റിനോട് ജില്ലാ ജഡ്ജി നിർദ്ദേശിച്ചിരുന്നു. ഏഴ് ദിവസത്തിനകം കൃത്യമായ ക്രമീകരണം ഏർപ്പെടുത്താനും റിസീവറിന് നിർദേശം നൽകി. കേസിന്റെ അടുത്ത വാദം ഫെബ്രുവരി എട്ടിന് നടക്കും.

വ്യാസ്ജിയുടെ നിലവറ ജില്ലാ മജിസ്ട്രേറ്റിന് കൈമാറണമെന്നും 1993 ഡിസംബറിന് മുമ്പുള്ളതുപോലെ ആരാധന നടത്താൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം സെപ്റ്റംബർ 25ന് ശൈലേന്ദ്രകുമാർ പഥക് വ്യാസാണ് കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നത്. അഞ്ജുമാൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി ബലപ്രയോഗത്തിലൂടെ നിലവറ കൈക്കലാക്കുമെന്ന് പരാതിക്കാരൻ ഹരജിയിൽ പറഞ്ഞു.

ജനുവരി 17-നാണ് ജില്ലാ ജഡ്ജി വ്യാസ്ജിയുടെ നിലവറയുടെ റിസീവറായി ജില്ലാ മജിസ്ട്രേറ്റിനെ നിയമിച്ചത്. ബുധനാഴ്ച പൂജ അനുവദിച്ചുകൊണ്ട് രണ്ടാമത്തെ ആവശ്യവും അംഗീകരിച്ചു.

കോടതി ഉത്തരവ് പാലിക്കുന്നതിനായി വ്യാഴാഴ്ച രാവിലെ മുതൽ വ്യാസ്ജിയുടെ നിലവറയിൽ ആചാരപ്രകാരം പതിവ് പൂജകൾ നടക്കുമെന്ന്‌ ഡിവിഷണൽ കമ്മീഷണർ കൗശൽ രാജ് ശർമ്മ പറഞ്ഞു. എല്ലാ ഉദ്യോഗസ്ഥരും ഇപ്പോഴും കാശി വിശ്വനാഥ് ധാമിനുള്ളിലാണ്. കോടതി ഉത്തരവ് പാലിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മസ്ജിദ് കോംപ്ലക്‌സിനകത്ത് വ്യാസ് കാ തെഖാന ഭാഗത്ത് പൂജ നടത്താൻ ബുധനാഴ്ചയാണ് വാരണാസി ജില്ലാ കോടതി അനുമതി നൽകിയത്. ഏഴു ദിവസത്തിനുള്ളിൽ ഇതിന് വേണ്ട കാര്യങ്ങൾ ചെയ്യാൻ ജില്ലാ ഭരണകൂടത്തോട് കോടതി നിർദേശിച്ചു.

'ഏഴു ദിവസത്തിനുള്ളിൽ പൂജ ആരംഭിക്കും. എല്ലാവർക്കും പൂജ ചെയ്യാൻ അവകാശമുണ്ടാകും' ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയ്ൻ നേരത്തെ പറഞ്ഞു.

ഗ്യാൻവാപി മസ്ജിദിന് താഴെ നാല് നിലവറകളാണുള്ളത്. ഇതിൽ ഒരെണ്ണം വ്യാസ് കുടുംബത്തിന്റെ അധീനതയിലാണെന്നും പരമ്പരാഗതമായി ഇവിടെ പൂജ നടന്ന് വന്നിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് വ്യാസ് കുടുംബാംഗം കോടതിയെ സമീപിച്ചത്.

ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സർവ്വേക്കായി സുപ്രിംകോടതി നിർദ്ദേശ പ്രകാരം ഈ നിലവറ സീൽ ചെയ്തിരുന്നു. ഇപ്പോൾ ബാരിക്കേഡുകൾ നീക്കിയിരിക്കുകയാണ്.

അതിനിടെ, ഗ്യാൻവാപി മസ്ജിദ് വുദുഖാനയിലെ ശിവലിംഗം എന്ന് അവകാശപ്പെടുന്ന ഭാഗത്തിന്റെ കാലപ്പഴക്കം നിർണയിക്കുന്നതിന് സർവേ നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാരായ നാല് വനിതകൾ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്.

വുദുഖാന ഒഴികെയുള്ള ഭാഗങ്ങളിൽ കോടതി നിർദേശപ്രകാരം നടത്തിയ സർവേ റിപ്പോർട്ട് നേരത്തേ എ.എസ്.ഐ ജില്ലാ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത് കോടതികൾ നൽകാൻ കോടതി അനുമതി നൽകുകയും ചെയ്തിരുന്നു. 17-ാം നൂറ്റാണ്ടിൽ നിർമിച്ച ഗ്യാൻവാപി പള്ളിയുടെ അടിയിൽ വലിയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളുണ്ടെന്നാണ് എ.എസ്.ഐ റിപ്പോർട്ടിൽ പറയുന്നത്.

റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പിന്നാലെയാണ് കോടതി സംരക്ഷിത മേഖലയായി പ്രഖ്യാപിച്ച വുദൂഖാന കൂടി സർവേയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ഹരജിക്കാർ സുപ്രിംകോടതിയിലെത്തിയത്. നമസ്‌കാരത്തിനായി വിശ്വാസികൾ അംഗശുദ്ധി വരുത്താൻ ഉപയോഗിക്കുന്ന വുദുഖാനയിലെ ജലധാരയാണ് ശിവലിംഗമെന്ന് അവകാശപ്പെടുന്നതെന്നാണ് മുസ്ലിം വിഭാഗത്തിന്റെ വാദം.





Puja started in Gyanvapi basement

Next Story