പഞ്ചാബില്‍ ആം ആദ്മിയുടെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; ഭഗവന്ത് മൻ ഇന്നു ഗവര്‍ണറെ കാണും
ഈ മാസം 16 ന് ബുധനാഴ്ചയാകും എ.എ.പി സര്‍ക്കാര്‍ അധികാരമേല്‍ക്കുക
പഞ്ചാബിൽ ആം ആദ്മി പാര്‍ട്ടിയുടെ സർക്കാർ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഭഗവന്ത് മൻ ഇന്ന് തന്നെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി അവകാശവാദമുന്നയിക്കും. രാവിലെ 10.30നാണ് കൂടിക്കാഴ്ച. ഈ മാസം 16 ന് ബുധനാഴ്ചയാകും എ.എ.പി സര്‍ക്കാര്‍ അധികാരമേല്‍ക്കുക. ഇന്നലെ എം.എൽ.എമാരുമായി ഭഗവന്ത് മാൻ കൂടിക്കാഴ്ച നടത്തിയിരുന്നു.
മന്ത്രിസഭയിലെ 17 മന്ത്രിമാരെയും ഇതിനകം തീരുമാനിച്ചതായാണ് വിവരം. ഭഗത് സിംഗിന്‍റെ ഗ്രാമമായ ഘട്കര്‍ കാലനില്‍ വെച്ച് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ പങ്കെടുക്കും. ഇതിന് മുന്നോടിയായി ഞാറാഴ്ച അമൃത്‍സറിൽ നടക്കുന്ന റോഡ് ഷോ യിലും അരവിന്ദ് കേജ്‍രിവാള്‍ പങ്കെടുക്കും.
അതേസമയം പഞ്ചാബിലെ ചരിത്ര വിജയത്തിന് പിന്നാലെ ഗുജറാത്തും ഹിമാചൽ പ്രദേശുമാണ് പാര്‍ട്ടി ലക്ഷ്യമിട്ടിരിക്കുന്നത്. അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ വിജയ സാധ്യത ഉള്ള സീറ്റുകളിൽ ആപ്പ് മത്സരിക്കും. ഇതിന് മുന്നോടിയായി പഞ്ചാബ് വിജയയാത്ര ഗുജറാത്തിൽ സംഘടിപ്പിക്കാനും ആം ആദ്മി പാർട്ടി തീരുമാനിച്ചു. പഞ്ചാബിൽ ഭഗവന്ത് മനിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറുന്നതോടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ വേഗത്തിൽ നടപ്പാക്കാനാണ് പദ്ധതി. ഇതും ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആയുധമാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദലായി പാർട്ടി കണ്‍വീനർ അരവിന്ദ് കേജ്‍രിവാളിനെയാണ് പ്രവർത്തകർ ഉയർത്തിക്കാട്ടുന്നത്. പ്രധാനമന്ത്രിയുടെ സംസ്ഥാനത്ത് ഒരു സീറ്റ് എങ്കിലും നേടാൻ കഴിഞ്ഞാൽ അതും ആശ്വാസമാണെന്നാണ് ആപ് പറയുന്നത്.
Adjust Story Font
16