പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് രാജിവെച്ചു
നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകിപ്പിച്ചതിൽ സുപ്രീംകോടതി ഗവർണറെ രൂക്ഷമായി വിമർശിച്ചിരുന്നു
ന്യൂഡൽഹി: പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് രാജിയെന്ന് രാഷ്ട്പതിക്ക് അയച്ച കത്തിൽ വ്യക്തമാക്കി..
ചണ്ഡീഗഡിന്റെ അഡ്മിനിസ്ട്രേറ്റർ കൂടിയായിരുന്നു. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകിപ്പിച്ചത്തിൽ ഗവർണർക്കെതിരെ സുപ്രീംകോടതി രൂക്ഷ വിമർശനം നടത്തിയിരുന്നു.
ബില്ലുകളിൽ ഗവർണർ തീരുമാനം എടുക്കുന്നത് നീണ്ടതോടെ പഞ്ചാബ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ബിൽ തീരുമാനമെടുക്കാതെ അനന്തമായി തടഞ്ഞുവെക്കാനാവില്ലെന്നും നിയമസഭയുടെ നിയമനിർമാണ അധികാരങ്ങളെ അട്ടിമറിക്കാൻ ഗവർണർക്ക് സാധിക്കില്ലെന്നുമുള്ള നിർണായക ഉത്തരവും സുപ്രീംകോടതിയിൽ നിന്ന് സർക്കാർ സമ്പാദിച്ചിരുന്നു.
ബില്ലുകൾ മുന്നിലെത്തുമ്പോൾ അതിന് അനുമതി നൽകുകയോ അനുമതി നൽകാതെ തിരിച്ചയക്കുകയോ പ്രസിഡന്റിന്റെ അഭിപ്രായം തേടുകയോ ചെയ്യാം. തീരുമാനമെടുക്കുന്നത് അനന്തമായി നീട്ടാനാവില്ലെന്നായിരുന്നു സുപ്രീംകോടതി പറഞ്ഞത്.
കേരള, തമിഴ്നാട് ഗവർണർമാർക്കെതിരെ സംസ്ഥാന സർക്കാറുകൾ കോടതിയിലെത്തിയപ്പോഴും പഞ്ചാബ് കേസിലെ ഈ വിധിയാണ് കോടതി പരാമർശിച്ചത്. തുടർന്ന്, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരു ബില്ലിൽ ഒപ്പിടുകയും ഏഴ് ബില്ലുകൾ രാഷ്ട്രപതിക്ക് അയക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തമിഴ്നാട് ഗവർണർ ആർ.എൻ. രവിയും ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചിരുന്നു.
Adjust Story Font
16