ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വാഹനത്തിൽ കയറ്റും; 18 മാസത്തിനിടെ 11 യുവാക്കളെ കൊന്ന് തള്ളിയ സീരിയൽ കില്ലർ പിടിയിൽ
കഴുത്ത് ഞെരിച്ചും ഇഷ്ടിക കൊണ്ടുമടിച്ചാണ് മിക്കവരെയും കൊന്നതെന്ന് പ്രതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു
രൂപ്നഗർ: കഴിഞ്ഞ 18 മാസത്തിനിടെ പഞ്ചാബിൽ 11 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സീരിയൽ കില്ലർ പിടിയിൽ. പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിലെ ചൗറ സ്വദേശിയായ റാം സ്വരൂപ് എന്ന സോധിയാണ് പിടിയിലായത്. തിങ്കളാഴ്ച മറ്റൊരു കേസിൽ പൊലീസ് റാമിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ നടന്ന 11 കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്.
യുവാക്കളായിരുന്നു കൊലയാളിയുടെ ലക്ഷ്യം. രാത്രിയിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റിയ ശേഷം കൊള്ളയടിക്കും. അത് എതിർക്കുന്നവരെയാണ് കൊന്ന് തള്ളുന്നതാണ് രീതി. ജില്ലയിൽ കുറച്ചുകാലമായി നടക്കുന്ന കൊലപാതകങ്ങളിൽ അന്വേഷണം നടത്താൻ സീനിയർ പൊലീസ് സുപ്രണ്ടിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.
കഴിഞ്ഞ ആഗസ്റ്റിൽ മോദ്ര ടോൾ പ്ലാസക്ക് സമീപം നടന്ന 37 കാരന്റെ കൊലപാതകത്തിൽ നടന്ന അന്വേഷണമാണ് റാം സ്വരൂപിലേക്കെത്തിയത്. തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടയിലാണ് ഇതിനുപുറമെ നടത്തിയ 10 കൊലപാതകങ്ങളും പ്രതി സമ്മതിച്ചത്. പലരെയും കഴുത്ത് ഞെരിച്ചാണ് കൊന്നത്. ചിലരെ ഇഷ്ടിക കൊണ്ടടിച്ചു കൊല്ലുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
Adjust Story Font
16