Quantcast

പഞ്ചാബ്: എ.എ.പി വിട്ട രൂപീന്ദർ കൗർ റൂബി കോൺഗ്രസിൽ ചേർന്നു

യഥാർത്ഥ ആം ആദ്മി (സാധാരണക്കാരുടെ പാർട്ടി) കോൺഗ്രസ് ആണെന്നും അതിനെ നയിക്കുന്നത് ഒരു വനിതയാണെന്നും പാർട്ടിയിൽ ചേർന്ന ശേഷം റൂബി പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    10 Nov 2021 3:30 PM GMT

പഞ്ചാബ്: എ.എ.പി വിട്ട രൂപീന്ദർ കൗർ റൂബി കോൺഗ്രസിൽ ചേർന്നു
X

പഞ്ചാബിൽ ആം ആദ്മി പാർട്ടിയിൽ നിന്ന് രാജിവെച്ച ബതിന്ദ റൂറൽ എം.എൽ.എ രൂപീന്ദർ കൗർ റൂബി കോൺഗ്രസിൽ ചേർന്നു. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി, പി.സി.സി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അവരുടെ കോൺഗ്രസ് പ്രവേശം.

യഥാർത്ഥ ആം ആദ്മി (സാധാരണക്കാരുടെ പാർട്ടി) കോൺഗ്രസ് ആണെന്നും അതിനെ നയിക്കുന്നത് ഒരു വനിതയാണെന്നും പാർട്ടിയിൽ ചേർന്ന ശേഷം റൂബി പറഞ്ഞു. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ശ്രമങ്ങൾ നടത്തുന്ന എ.എ.പിക്ക് റൂബിയുടെ രാജി കനത്ത തിരിച്ചടിയാണ്.

ചൊവ്വാഴ്ച രാത്രിയാണ് പാർട്ടിയിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ച് രൂപീന്ദർ കൗർ റൂബി ട്വീറ്റ് ചെയ്തത്. ''ആം ആദ്മി പാർട്ടിയിൽ നിന്ന് രാജിവെക്കുകയാണെന്ന് നിങ്ങളെ അറിയിക്കുന്നു. ദയവായി രാജി സ്വീകരിക്കണം. നന്ദി...''-എ.എ.പി ദേശീയ കൺവീനർ അരവിന്ദ് കെജരിവാൾ, പഞ്ചാബ് സംസ്ഥാന അധ്യക്ഷൻ ഭഗവന്ദ് മന്ന് എന്നിവരെ അഭിസംബോധന ചെയ്ത് റൂബി ട്വീറ്റ് ചെയ്തു.

ഇത്തവണ മത്സരിക്കാൻ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതുകൊണ്ടാണ് റൂബി പാർട്ടിവിട്ടതെന്ന് എ.എ.പി നിയമസഭാ കക്ഷി നേതാവ് ഹർപാൽ സിങ് ചീമ പറഞ്ഞു. ''രൂപീന്ദർ റൂബി ഞങ്ങളുടെ ഇളയ സഹോദരിയാണ്. എവിടെപ്പോയാലും അവർ സന്തോഷവതിയായിരിക്കട്ടെ. ഇത്തവണ മത്സരിക്കാൻ സീറ്റ് കിട്ടില്ലെന്ന് അവർക്കറിയാമായിരുന്നു. അതുകൊണ്ടാണ് കോൺഗ്രസിൽ ചേർന്നത്''-ചീമ പറഞ്ഞു.

ചീമയുടെ പ്രസ്താവനയോട് രൂക്ഷമായാണ് റൂബി പ്രതികരിച്ചത്. നിങ്ങൾ എപ്പോഴും പാർട്ടി നേതാക്കൾക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. ഇനിയെങ്കിലും പഞ്ചാബിലെ ജനങ്ങൾക്ക് വേണ്ടി സംസാരിക്കൂ. പാർട്ടി ടിക്കറ്റ് നൽകിയാൽ തനിക്കെതിരെ മത്സരിക്കാനും റൂബി അദ്ദേഹത്തെ വെല്ലുവിളിച്ചു.

TAGS :

Next Story