Quantcast

കാർഗിൽ യുദ്ധവിജയത്തിന് ഇന്ന് കാൽ നൂറ്റാണ്ട്; പ്രധാനമന്ത്രി ഇന്ന് ലഡാക്കിലെത്തും

ദ്രാസിലുള്ള യുദ്ധ സ്മാരകം നരേന്ദ്രമോദി സന്ദർശിക്കും

MediaOne Logo

Web Desk

  • Updated:

    2024-07-26 01:03:01.0

Published:

26 July 2024 1:01 AM GMT

quarter century for Kargil war victory today
X

ന്യൂഡൽഹി: 1999 മെയ് മൂന്നിനാണ് കാർഗിലിൽ നുഴഞ്ഞുകയറ്റക്കാരുടെ സാന്നിധ്യം ഉള്ളതായി ഇന്ത്യൻ സൈന്യത്തിന് വിവരം ലഭിക്കുന്നത്. സൂചനക്ക് പിന്നാലെ അതിർത്തിയിൽ പരിശോധനയ്ക്ക് ഇറങ്ങിയ ക്യാപ്റ്റൻ സൗരവ് കാലിയ അടക്കം അഞ്ച് ജവാന്മാർ തിരിച്ചെത്തിയില്ല. പിന്നീട് കണ്ടത് കാർഗിലിലെ ഉയർന്ന പോസ്റ്റുകളെല്ലാം പാകിസ്താൻ പിടിച്ചടക്കുന്നതാണ്. സിയാച്ചിൻ മേഖലയുമായി ബന്ധിപ്പിക്കുന്ന ശ്രീനഗർ- ലേ ഹൈവേ അടക്കം നിർണായക പ്രദേശങ്ങൾ പിടിച്ചടക്കുക എന്നതായിരുന്നു ഓപ്പറേഷൻ ബാദറിലൂടെ പാകിസ്താൻ ലക്ഷ്യമിട്ടത്.

ആദ്യഘട്ടത്തിൽ സംയമനം പാലിച്ച ഇന്ത്യൻ സൈന്യം പിന്നീട് തിരിച്ചടിച്ചു. ഓപറേഷൻ വിജയ് എന്ന സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ഈ സൈനിക ദൗത്യം നീണ്ടുനിന്നത് അൻപത് ദിവസത്തോളമാണ്. ഒടുവിൽ ഇന്ത്യൻ പ്രത്യാക്രമണത്തിന് മുന്നിൽ പാകിസ്താന് പിൻമാറേണ്ടി വന്നു.

545 ഇന്ത്യൻ ജവാന്മാർക്ക് അന്ന് കാർഗിലിൽ ജീവൻ നഷ്ടമായി. അവരുടെ ഓർമകൾ ഇന്നും ദ്രാസിലെ യുദ്ധസ്മാരകത്തിൽ ജ്വലിച്ചു നിൽക്കുന്നുണ്ട്. അന്ന് പാകിസ്താനിൽ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളടക്കം ഇവിടെ കാണാം.

25ാം വാർഷികത്തിനോട് അനുബന്ധിച്ച് നാല് ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് ദ്രാസിൽ സംഘടിപ്പിക്കുന്നത്. കാർഗിലിൽ പാറിയ വിജയ പതാകയ്ക്ക് രാജ്യം ധീരസൈനികർക്ക് നൽകുന്ന ആദരം കൂടിയാണത്. വാർഷികത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ലഡാക്കിലെത്തും. ദ്രാസിലുള്ള യുദ്ധ സ്മാരകം നരേന്ദ്ര മോദി സന്ദർശിക്കും. യുദ്ധസ്മാരകത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച ശേഷം ലഡാക്കിലെ ഷിൻകുൻ ലാ ടണൽ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും.

TAGS :

Next Story