ആർ. രാജഗോപാലിനെ ദി ടെലിഗ്രാഫ് എഡിറ്റർ സ്ഥാനത്തുനിന്ന് മാറ്റി
രാജ്യമാകെ ചർച്ച ചെയ്യപ്പെട്ട തലക്കെട്ടുകൾ ടെലിഗ്രാഫ് പത്രത്തിന്റെ സവിശേഷതയാണ്.
ന്യൂഡൽഹി: ആർ.രാജഗോപാലിനെ ദി ടെലിഗ്രാഫ് എഡിറ്റർ സ്ഥാനത്തുനിന്ന് മാറ്റി. പകരം സങ്കർഷൻ ഠാക്കൂർ എഡിറ്ററാകും. മലയാളിയായ രാജഗോപാൽ ഇനി പത്രത്തിന്റെ എഡിറ്റർ അറ്റ് ലാർജ് എന്ന പദവിയാണ് വഹിക്കുക. രാജഗോപാലിനെ പ്രമോട്ട് ചെയിരിക്കുകയാണെന്ന് പത്രത്തിന്റെ സി.ഇ.ഒ പറയുന്നു.
കേന്ദ്ര സർക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും തെറ്റായ സമീപനങ്ങളെ കഠിനമായ ഭാഷയിൽ വിമർശിക്കുന്ന ടെലിഗ്രാഫിന്റെ എഡിറ്റോറിയൽ നയത്തിൽ നിർണായക പങ്കാണ് രാജഗോപാൽ വഹിച്ചിരുന്നത്. രാജ്യമാകെ ചർച്ച ചെയ്യപ്പെട്ട തലക്കെട്ടുകൾ ടെലിഗ്രാഫ് പത്രത്തിന്റെ സവിശേഷതയാണ്.
ഈ തലക്കെട്ടുകൾ മിക്കതും മോദി ഭരണത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നവയായിരുന്നു. 2014ൽ ആദ്യം അധികാരമേറ്റ ശേഷം അഞ്ച് വർഷം മാധ്യമങ്ങളെ കാണാൻ തയാറാവാതിരിക്കുകയും ഒടുവിൽ 1487 ദിവസത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മിണ്ടാതിരിക്കുകയും ചെയ്തതിനെ നോ ഹോൺ സിഗ്നലിട്ട് വിമർശിച്ചതും മണിപ്പൂരില്‍ സംഘര്‍ഷത്തിൽ മൗനം തുടർന്ന മോദി ഒടുവില്‍ 79 ദിവസത്തിന് ശേഷം പ്രതികരിച്ചപ്പോൾ 'മുതലക്കണ്ണീര്‍' എന്ന് വിശേഷിപ്പിച്ചതും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലെ സ്വാമിമാരുടെ സാന്നിധ്യത്തെ '2023 ബിസി' എന്ന് വിശേഷിപ്പിച്ചതുമൊക്കെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട തലക്കെട്ടുകളിൽ ചിലത് മാത്രം.
ഇങ്ങനെ, മറ്റ് പല പത്രങ്ങളും പറയാൻ മടിച്ച കാര്യങ്ങൾ ടെലിഗ്രാഫ് തുറന്നെഴുതി. ഇവ തീരുമാനിക്കുന്നതിൽ രാജഗോപാൽ നയിച്ച എഡിറ്റോറിയൽ സംഘം സധൈര്യം മുന്നോട്ടുപോയെങ്കിലും പത്രത്തിന്റെ ഒരു വിഭാഗം വായനക്കാരിൽ നിന്ന് എതിർപ്പ് നേരിടേണ്ടി വന്നു. ഈ പശ്ചാത്തലത്തിലാണ് രാജഗോപാൽ എഡിറ്റർ സ്ഥാനത്തുനിന്ന് മാറുന്നത്. അതേസമയം, പുതിയ എഡിറ്റർ സങ്കർഷൻ ഠാക്കൂറും മുതിർന്ന മാധ്യമ പ്രവർത്തകനാണ്. ആനന്ദബസാര്‍ ഗ്രൂപ്പിന്റെതാണ് ദി ടെലിഗ്രാഫ് പത്രം.
Adjust Story Font
16