രാഹുലിനും പ്രിയങ്കയ്ക്കും ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ അനുമതി
നേരത്തേ ഇരുവര്‍ക്കും അനുമതി നിഷേധിച്ച യുപി സര്‍ക്കാര്‍ അവസാനം സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുകയായിരുന്നു
രാഹുൽഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ യുപി സര്‍ക്കാര്‍ അനുമതി നല്‍കി. നേരത്തേ ഇരുവര്‍ക്കും അനുമതി നിഷേധിച്ച യുപി സര്‍ക്കാര്‍ അവസാനം സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുകയായിരുന്നു. രാഹുൽഗാന്ധി അല്‍പ സമയത്തിനുള്ളില്‍ ലഖ്നൗവിലെത്തും. ഇവര്‍ക്കൊപ്പം മൂന്ന് പേര്‍ക്കു കൂടി ലഖിംപൂര്‍ സന്ദര്‍ശിക്കാം.
വിമാന മാർഗം ലഖ്നൗവിൽ എത്തിയ ശേഷം ലഖീംപൂരിലേക്ക് റോഡ് വഴിയാണ് യാത്ര. യുപിയിൽ എത്താൻ രാഹുൽ ഗാന്ധിയെ അനുവദിക്കരുതെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും രാഹുലിന്‍റെ നിർബന്ധത്തിനു വഴങ്ങി യാത്ര ചെയ്യാൻ അനുവദിക്കുകയായിരുന്നു.
അനുമതി നിഷേധിച്ചാലും കൊല്ലപ്പെട്ട കർഷകരുടെ കുടുംബത്തെ കാണാൻ ലഖിംപൂരിലേക്ക് പോകുമെന്ന് രാഹുൽഗാന്ധി നേരത്തേ അറിയിച്ചിരുന്നു. കർഷകർക്കെതിരെ രാജ്യത്ത് വ്യവസ്ഥാപിതമായ ആക്രമണമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ലഖിംപൂർ ഖേരിയിലേക്കുള്ള യാത്രയ്ക്ക് അനുമതി നിഷേധിക്കപ്പെട്ട ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. 'സർക്കാർ കർഷകരെ അപമാനിക്കുകയും കൊല്ലുകയുമാണ്. അവർക്ക് കർഷകരുടെ ശക്തി മനസ്സിലായിട്ടില്ല. ലഖിംപൂരിൽ 144 പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചു പേർക്ക് അവിടെ പോകാനേ നിരോധമുള്ളൂ. മൂന്നു പേർ അവിടേക്ക് പോകും'- രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം 48 മണിക്കൂറിലേറെയായി കരുതൽ തടങ്കലിൽ കഴിയുന്ന പ്രിയങ്ക ഗാന്ധിയെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും. പ്രിയങ്കയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രതിഷേധം ആണ് സീതാപൂർ പോലീസ് കേന്ദ്രത്തിന് മുൻപിൽ നടക്കുന്നത്.
Adjust Story Font
16