Quantcast

ഔദ്യോഗിക സ്ഥാനാർത്ഥിയുള്ളതായി രാഹുൽ പറഞ്ഞില്ല: ശശി തരൂർ

തെരഞ്ഞെടുപ്പ് നടത്തുന്നത് പാർട്ടിയെ ശക്തിപ്പെടുത്താനാണെന്നും ശശി തരൂർ എം.പി

MediaOne Logo

Web Desk

  • Updated:

    2022-09-26 18:12:31.0

Published:

26 Sep 2022 4:03 PM GMT

ഔദ്യോഗിക സ്ഥാനാർത്ഥിയുള്ളതായി രാഹുൽ പറഞ്ഞില്ല: ശശി തരൂർ
X

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഔദ്യോഗിക സ്ഥാനാർത്ഥിയുള്ളതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്നോട് പറഞ്ഞില്ലെന്ന് ശശി തരൂർ എം.പി. തെരഞ്ഞെടുപ്പ് നടത്തുന്നത് പാർട്ടിയെ ശക്തിപ്പെടുത്താനാണ്. ഹൈക്കമാന്റിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള ആശയക്കുഴപ്പം രൂക്ഷമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം കോൺഗ്രസ് നേതാവ് അജയ്മാക്കനെതിരെ ആരോപണവുമായി ഗെഹ്‌ലോട്ട് പക്ഷം രംഗത്തുവന്നു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥി പദത്തിൽ നിന്ന് മാറ്റാൻ അജയ് മാക്കന്റെ നേതൃത്വത്തിൽ ഗുഢാലോചന നടന്നെന്ന് രാജസ്ഥാൻ മന്ത്രി ശാന്തി ധരിവാൾ ആരോപിച്ചു. ഹൈക്കമാന്റിന്റെ നിർദേശങ്ങൾ എന്നും അശോക് ഗെഹ്‌ലോട്ട് പാലിച്ചിട്ടുണ്ട്. 2020ൽ സർക്കാറിനെ വീഴ്ത്താൻ ശ്രമിച്ചവരെയാണ് മുഖ്യമന്ത്രിയാക്കാൻ ശ്രമിക്കുന്നതെന്നും ശാന്തി ധരിവാൾ കുറ്റപ്പെടുത്തി.

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അൽപ്പം സമയം മുമ്പാണ് സോണിയാ ഗാന്ധിയുടെ വസതിയിൽ യോഗം ചേർന്നത്. കെ.സി വേണുഗോപാൽ, മല്ലികാർജുൻ ഖാർഗെ, അജയ് മാക്കൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. രാജസ്ഥാനിലെ സാഹചര്യം നേതാക്കൾ സോണിയ ഗാന്ധിയെ അറിയിച്ചു. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥും ചർച്ചകൾക്ക് സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് എത്തി. ഹൈക്കമാൻഡ് തീരുമാനത്തിന് വിരുദ്ധമായി നിലപാട് സ്വീകരിച്ച എം.എൽ.എമാർക്കെതിരെ നടപടി ശുപാർശ ചെയ്തേക്കും. രാജസ്ഥാനിലെ പ്രതിസന്ധിക്ക് പിന്നാലെ അശോക് ഗെഹ്ലോട്ടിനെ ഔദ്യോഗിക സ്ഥാനാർത്ഥിയാക്കുന്നത് ഹൈക്കമാൻഡ് പുനഃപരിശോധിക്കുമെന്നാണ് വിവരം.

രാജസ്ഥാനിൽ സമാന്തരമായി യോഗം വിളിച്ച എം.എൽ.എമാരുടെ നടപടി അച്ചടക്ക ലംഘനമാണെന്ന് അജയ് മാക്കൻ പറഞ്ഞു. സംസ്ഥാനത്തെ സ്ഥിതി സോണിയാ ഗാന്ധിയെ ധരിപ്പിച്ചിട്ടുണ്ട്. നിബന്ധനകൾ മുന്നോട്ടുവയ്ക്കുന്ന പതിവ് കോൺഗ്രസിനില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സ്ഥിതി സംബന്ധിച്ച റിപ്പോർട്ട് രാത്രിയോ നാളെ രാവിലെയോ നൽകുമെന്നും അജയ് മാക്കൻ കൂട്ടിച്ചേർത്തു. ജയ്പൂരിൽ നടന്നത് കോൺഗ്രസിൽ പതിവില്ലാത്ത കാര്യമാണെന്ന് കൂടി അദ്ദേഹം അറിയിച്ചു. ഏതുവിധേനയും ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാനുള്ള തയ്യാറെടുപ്പാണ് കോൺഗ്രസ് നടത്തിക്കൊണ്ടിരിക്കുന്നത്.

കോൺഗ്രസിൻറെ അധ്യക്ഷ സ്ഥാനത്തേക്ക് അശോക് ഗെഹ്ലോട്ടിനെ പരിഗണിക്കുമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം വരേണ്ടതുണ്ട്. എന്നാൽ അദ്ദേഹത്തെ സ്ഥാനാർത്ഥിയായി പരിഗണിക്കാൻ സാധ്യതയില്ലെന്നാണ് സൂചന. കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഹൈക്കമാൻഡിന്റെ ഔദ്യോഗിക സ്ഥാനാർഥിയായാണ് അശോക് ഗെലോട്ടിനെ നിശ്ചയിച്ചിരുന്നത്. സോണിയ ഗാന്ധി നേരിട്ടാണു ഗെലോട്ടിനോട് അധ്യക്ഷനാകാൻ ആവശ്യപ്പെട്ടത്. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള ഒരുക്കങ്ങളും പൂർത്തിയായിരുന്നു. എന്നാൽ സംസ്ഥാനത്തെ എംഎൽഎമാരെ നിയന്ത്രിക്കാനാകാത്ത ഗെലോട്ട് അധ്യക്ഷ പദവിക്കു യോഗ്യനല്ലെന്നു മുതിർന്ന നേതാക്കളടക്കം നിലപാടെടുത്തു.

ഗെലോട്ട് പ്രസിഡന്റാകുമ്പോൾ പകരം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നടപടികൾക്കിടെയാണ് രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. മുഖ്യമന്ത്രിയായി ഗാന്ധി കുടുംബം നിർദേശിച്ച സച്ചിൻ പൈലറ്റിനെ അംഗീകരിക്കില്ലെന്ന് അശോക് ഗെലോട്ട് പക്ഷക്കാരായ എംഎൽഎമാർ നിലപാടെടുക്കുകയായിരുന്നു. തീരുമാനത്തെ വെല്ലുവിളിച്ചുള്ള നാടകീയ നീക്കത്തിൽ 92 എംഎൽഎമാർ രാജിഭീഷണി മുഴക്കുകയും ചെയ്തു. എംഎൽഎമാരുടെ അതിരുകടന്ന പ്രതിഷേധം നിയന്ത്രിക്കാൻ ഗെലോട്ടിനു സാധിക്കാതിരുന്നതു ഹൈക്കമാൻഡിനെ ചൊടിപ്പിച്ചു. നിർണായകഘട്ടത്തിൽ അശോക് ഗെലോട്ട് പാർട്ടിയെ അപമാനിച്ചെന്ന ആരോപണവുമായി ഒരു വിഭാഗം കോൺഗ്രസ് നേതാക്കളും എത്തിയതോടെയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽനിന്ന് അദ്ദേഹത്തെ ഒഴിവാക്കാൻ ഹൈക്കമാൻഡ് ആലോചിക്കുന്നത്.

TAGS :

Next Story