ഇന്ത്യൻ കോച്ചാകാൻ അപേക്ഷ നൽകി രാഹുൽ ദ്രാവിഡ്
രാഹുൽ ദ്രാവിഡ് കോച്ചാകുന്ന കാര്യത്തിൽ പത്രത്തിൽ വായിച്ച അറിവേയുള്ളൂവെന്ന് ബി.സി.സി.ഐ അധ്യക്ഷൻ സൗരവ് ഗാംഗുലി പ്രതികരിച്ചിരുന്നു
ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ഹെഡ് കോച്ചാകാൻ മുൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ് ഇന്ന് അപേക്ഷ നൽകി. നാഷണൽ ക്രിക്കറ്റ് അക്കാദമി തലവനായ ദ്രാവിഡിന്റെ പേര് ഇന്ത്യൻ ടീമിന്റെ കോച്ചെന്ന പ്രധാന സ്ഥാനത്തേക്ക് ഉയർന്നതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പത്രത്തിൽ വായിച്ച അറിവേയുള്ളൂവെന്ന് ബി.സി.സി.ഐ അധ്യക്ഷൻ സൗരവ് ഗാംഗുലി പ്രതികരിച്ചിരുന്നു. 'ഇക്കാര്യത്തിൽ ഉറപ്പില്ല. ഞാനത് പത്രങ്ങളിൽ വായിച്ചു. കോച്ചാകാൻ ചില നടപടിക്രമങ്ങളുണ്ട്. അത് പ്രസിദ്ധപ്പെടുത്തും. അദ്ദേഹത്തിന് ആഗ്രഹമുണ്ടെങ്കിൽ അപേക്ഷിക്കാം' - എന്നായിരുന്നു ഗാംഗുലിയുടെ വാക്കുകൾ.
ദ്രാവിഡ് സ്ഥാനമൊഴിഞ്ഞാൽ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായി വി.വി.എസ് ലക്ഷമണെത്താനാണ് സാധ്യത. ദ്രാവിഡിനൊപ്പം ദേശീയ ക്രിക്കറ്റ് അക്കാദമിയിലുണ്ടായിരുന്ന ബോളിങ് കോച്ച് പാറാസ്, ഫീൽഡിങ് കോച്ച് അഭായ് ശർമ്മ എന്നിവരും ദേശീയ ടീമിനൊപ്പം ചേരാൻ അപേക്ഷ നൽകിയിട്ടുണ്ട്. ദ്രാവിഡിന്റെ അപേക്ഷ തികച്ചും ഔദ്യോഗികതക്ക് വേണ്ടിയുള്ളതാണെന്ന് ഒരു ബി.സി.സി.ഐ ഉദ്യോഗസ്ഥൻ അറിയിച്ചു. ദുബായ് ഐ.പി.എല്ലിനിടയിൽ ദ്രാവിഡ് സൗരവ് ഗാംഗുലിയും ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായുമായും ചർച്ച നടത്തി കോച്ചാകാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു.
നിരവധി താരങ്ങളെ ഉയർത്തികൊണ്ടുവന്ന ദ്രാവിഡിന് കീഴിൽ പുതിയ യുഗം ഇന്ത്യൻ ക്രിക്കറ്റിനെ തേടിയെത്തുമെന്നാണ് പ്രതീക്ഷ. ന്യൂസിലാൻഡിനെതിരെ രാജ്യത്ത് തന്നെ നടക്കുന്ന സീരീസാണ് ആദ്യ മത്സരം. ദ്രാവിഡെത്തുന്നതോടെ ടി20 ടീമിന്റെ പുതിയ ക്യാപ്റ്റനായി രോഹിത് ശർമയുമെത്തും. എൻ.സി.എ ഡയറക്ടറാകാൻ ലക്ഷ്മൺ ആദ്യം വിസമ്മതിച്ചിരുന്നു. എന്നാൽ വീണ്ടും ബി.സി.സി.ഐ താരത്തെ സമീപിക്കും. ഐ.പി.എല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ മെൻററായും കമന്റേറ്ററായും കോളമിസ്റ്റായുമൊക്കെ ലക്ഷ്മൺ ക്രിക്കറ്റ് രംഗത്ത് സജീവമാണ്. രാഹുൽ ദ്രാവിഡും ലക്ഷ്മണും തമ്മിൽ നല്ല ബന്ധമുള്ളതിനാൽ ഇരുവരും ഈ പദവികളിലെത്തുന്നത് ഇന്ത്യൻ ക്രിക്കറ്റിന് ഗുണകരമാകും.
Adjust Story Font
16