Quantcast

'സത്യപ്രതിജ്ഞ ചെയ്യും മുൻപേ 24 ലക്ഷം വിദ്യാർഥികളെ തകർത്തു': നീറ്റ് വിവാദത്തിൽ മോദിക്കെതിരെ രാഹുൽ ഗാന്ധി

ക്രമക്കേട് വ്യക്തമായിട്ടും പേപ്പർ ചോർച്ച ആരോപണം സർക്കാർ നിഷേധിക്കുകയാണെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി

MediaOne Logo

Web Desk

  • Updated:

    2024-06-09 07:20:25.0

Published:

9 Jun 2024 7:09 AM GMT

rahul gandhi
X

ഡൽഹി: നീറ്റ് ക്രമക്കേടിൽ മോദിക്കെതിരെ രാഹുൽ ഗാന്ധി. മോദി സത്യപ്രതിജ്ഞ ചെയ്യും മുൻപേ 24 ലക്ഷത്തിലധികം വിദ്യാർത്ഥികളെയും കുടുംബങ്ങളെയും തകർത്തു. ക്രമക്കേട് വ്യക്തമായിട്ടും പേപ്പർ ചോർച്ച ആരോപണം സർക്കാർ നിഷേധിക്കുന്നു. വിദ്യാർത്ഥികളുടെ ഭാവിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പാർലമെൻ്റിൽ ശക്തമായി ഉന്നയിക്കുമെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

ഒരേ പരീക്ഷാ കേന്ദ്രത്തിലെ ആറ് വിദ്യാർത്ഥികൾ പരമാവധി മാർക്ക് നേടി ഒന്നാം റാങ്ക് നേടിയതിന്റെ അപാകത രാഹുൽ ഉയർത്തിക്കാട്ടി. പരീക്ഷാ പേപ്പർ ചോർച്ച സാധ്യതകൾ സർക്കാർ നിരാകരിച്ചതിനെ വിമർശിക്കുകയും ചെയ്തു. വിദ്യാഭ്യാസ മാഫിയയും സർക്കാർ സംവിധാനവും നടത്തുന്ന പേപ്പർ ചോർച്ച വ്യവസായം നേരിടാൻ കോൺഗ്രസ് പ്രകടന പത്രികയിൽ ശക്തമായ പദ്ധതി തയ്യാറാക്കിയിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാർലമെന്റിൽ വിദ്യാർത്ഥികളുടെ ഭാവിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ശക്തമായി ഉന്നയിക്കുമെന്നും ഇന്ത്യയിലെ യുവാക്കളുടെ ശബ്ദം നിശബ്ദമാക്കില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.

നീറ്റ് റിസൾട്ട് പ്രഖ്യാപിച്ചതിനു പിന്നാലെ രണ്ടു വിദ്യാത്ഥികൾക്ക് 718,719 എന്നിങ്ങനെ മാർക്ക് അസ്വാഭാവികമായി ലഭിച്ചതിനെ തുടർന്നാണ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന് ആരോപണം ഉയരുന്നത്. സംഭവം വിവാദമായതിനെ തുടർന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി വിശദീകരണം നൽകിയിരുന്നു. സംഭവത്തിൽ അസ്വാഭാവികതയില്ലെന്നും പരീക്ഷക്ക് ആവശ്യമായ സമയം ലഭിക്കാതിരുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് അനുവദിച്ചതിനാലാണ് സാധാരണ ലഭിക്കാനിടയില്ലാത്ത 718,719 മാർക്കുകൾ ലഭിച്ചതെന്നുമാണ് നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ വാദം.

2018 ൽ കോമൺ ലോ അഡ്മിഷൻ ടെസ്റ്റുമായി ബന്ധപ്പെട്ട പരാതിയിലെ സുപ്രിം കോടതി ഉത്തരവിൻറെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാർക്ക് നൽകിയതെന്നും എൻ ടി എ വിശദീകരിച്ചിരുന്നു. ഈ ഉത്തരവ് നീറ്റ് പരീക്ഷക്ക് ബാധകമാണോ എന്ന കാര്യത്തിൽ നിയമ വിദഗ്ദർ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. പിന്നാലെ ഡൽഹി ഹൈക്കോടതിയുടെയും കൊൽക്കൊത്ത ഹൈക്കോടതിയുടെയും ഇടപെടലുണ്ടാവുകയും ചെയ്തു.

TAGS :

Next Story