Quantcast

'പറയുന്നതെല്ലാം രേഖപ്പെടുത്തണം, ഉദ്യോഗസ്ഥർ ഒപ്പിടണം'; ഇ.ഡിക്ക് മുമ്പിൽ രാഹുൽ

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ മുഴുവൻ കാണണമെന്ന നിലപാടിലാണ് ഇ.ഡി.

MediaOne Logo

Web Desk

  • Published:

    16 Jun 2022 7:07 AM GMT

പറയുന്നതെല്ലാം രേഖപ്പെടുത്തണം, ഉദ്യോഗസ്ഥർ ഒപ്പിടണം; ഇ.ഡിക്ക് മുമ്പിൽ രാഹുൽ
X

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ താൻ പറയുന്നതെല്ലാം രേഖപ്പെടുത്തണമെന്നും അതിൽ ഉദ്യോഗസ്ഥൻ ഒപ്പിടണമെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ രാഹുൽ ഗാന്ധി നിർദേശിക്കുന്നതായി റിപ്പോർട്ട്. ഇ.ഡി റെക്കോർഡ് ചെയ്ത ഓരോ ഉത്തരവും പൂർണമായി കേട്ട ശേഷമാണ് അടുത്ത ചോദ്യത്തിന് അദ്ദേഹം മറുപടി നൽകുന്നത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ചോദ്യം ചെയ്യൽ നീണ്ടുപോകുന്നതിന്റെ കാരണവും ഇതാണെന്നാണു സൂചന.

'ഓരോ മൂന്നു മണിക്കൂറിന് ശേഷവും കോൺഗ്രസ് നേതാവ് തന്റെ മറുപടി 3-4 മണിക്കൂറെടുത്ത് പരിശോധിക്കുന്നുണ്ട്. തത്വത്തിൽ ഞങ്ങൾ അദ്ദേഹത്തെ ആറു മണിക്കൂറേ ചോദ്യം ചെയ്തിട്ടുള്ളൂ.' - ഒരു ഇ.ഡി ഉദ്യോഗസ്ഥൻ ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞു.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ മുഴുവൻ കാണണമെന്ന നിലപാടിലാണ് ഇ.ഡി. ഏതാനും രേഖകൾ കൈമാറിയ രാഹുൽ, ബാക്കിയുള്ളവ ഒരാഴ്ചയ്ക്കകം സമർപ്പിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. നാഷണൽ ഹെറാൾഡുമായി യങ് ഇന്ത്യ ലിമിറ്റഡ് സാമ്പത്തിക ഇടപാടുകൾ നടത്തിയ കാലത്ത് താൻ അതിന്റെ ഡയറക്ടർ പദവിയിലില്ലെന്ന് രാഹുൽ അറിയിച്ചു. 'നിങ്ങൾക്ക് ആവശ്യമുള്ള ഉത്തരങ്ങൾ എന്റെ വായിൽനിന്ന് വീഴില്ല' എന്ന് രാഹുൽ ഉദ്യോഗസ്ഥരോട് പറഞ്ഞതായും റിപ്പോർട്ടുണ്ട്. കോൺഗ്രസിന്റെ മുഖപത്രമായ നാഷണൽ ഹെറാൾഡിന്റെ കടം വീട്ടാൻ കോൺഗ്രസ് പണം നൽകുന്നതിൽ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു.

മൂന്നു ദിവസമായി മുപ്പത് മണിക്കൂറിലേറെ സമയമെടുത്താണ് ഇ.ഡി രാഹുലിനെ ചോദ്യം ചെയ്യുന്നത്. ഇന്ന് ചോദ്യം ചെയ്യലില്ല. നാളെ തുടരും. കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ജൂൺ 23ന് വിളിപ്പിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെയെയും പാർട്ടി ട്രഷറർ പവൻ ബൻസാലിനെയും മൊഴിയെടുക്കാനായി വിളിപ്പിച്ചിട്ടുണ്ട്.

അതിനിടെ, വിഷയത്തിൽ കോൺഗ്രസ് പ്രതിഷേധം തുടരുകയാണ്. ഇ.ഡി നടപടിക്കെതിരെ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘം ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ കാണും. കോൺഗ്രസ് നേതാക്കൾക്കെതിരായ പൊലീസിന്റെ കയ്യേറ്റം സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തും. രാജ്യത്തെ മുഴുവൻ രാജ്ഭവനുകളും കോൺഗ്രസ് ഇന്ന് ഉപരോധിക്കുന്നുണ്ട്.

TAGS :

Next Story