രാഹുല്‍ പ്രധാനമന്ത്രിയാവുക എന്നത് എന്‍റെ പിതാവ് വൈ.എസ്.ആറിന്‍റെ സ്വപ്നമായിരുന്നു: വൈ.എസ് ശര്‍മിള
അപ്രതീക്ഷിത വിയോഗം മൂലം അദ്ദേഹത്തിന് തൻ്റെ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞില്ല
ഹൈദരാബാദ്: രാഹുൽ ഗാന്ധിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി കാണണമെന്നായിരുന്നു തന്‍റെ പിതാവ് വൈ എസ് രാജശേഖർ റെഡ്ഡിയുടെ സ്വപ്നമെന്നും അതുടന്‍ സാക്ഷാത്കരിക്കുമെന്നും ആന്ധ്രാപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് വൈ.എസ് ശർമിള. ഗുണ്ടൂർ ജില്ലയിലെ മംഗളഗിരിയില്‍ വൈഎസ്ആറിന്‍റെ 75-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവര്‍.
''രാഹുൽ ഗാന്ധിയെ രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായി കാണാൻ എൻ്റെ പിതാവിന് അതിയായ ആഗ്രഹമുണ്ടായിരുന്നു. അപ്രതീക്ഷിത വിയോഗം മൂലം അദ്ദേഹത്തിന് തൻ്റെ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്‍റെ ആഗ്രഹം പൂർത്തീകരിക്കാൻ ഞാൻ ശ്രമിക്കും" ശര്‍മിള പ്രതിജ്ഞയെടുത്തു. തൻ്റെ പിതാവ് കോൺഗ്രസിൻ്റെ വിശ്വസ്തനായിരുന്നുവെന്നും പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തോട് പ്രതിജ്ഞാബദ്ധനാണെന്നും അവർ കൂട്ടിച്ചേര്‍ത്തു. കോൺഗ്രസ് ഭരണത്തിന് കീഴിൽ മാത്രമേ രാജ്യത്തിന് സമഗ്രമായ വികസനത്തിന് സാക്ഷ്യം വഹിക്കാൻ കഴിയൂ എന്ന് ശക്തമായി വിശ്വസിക്കുന്നുണ്ടെന്നും ശർമിള വ്യക്തമാക്കി. വൈഎസ്ആർ എന്നറിയപ്പെടുന്ന രാജശേഖർ റെഡ്ഡി 2009 ൽ ഹെലികോപ്റ്റർ അപകടത്തിലാണ് മരിച്ചത്. രണ്ട് തവണ ആന്ധ്രാപ്രദേശിൻ്റെ മുഖ്യമന്ത്രിയായിരുന്നു.
2014ലെ വിഭജനത്തിന് ശേഷമുള്ള സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും ഇതുവരെ ഒരു സീറ്റ് പോലും നേടാനാകാത്ത ആന്ധ്രാപ്രദേശിൽ കോൺഗ്രസ് പാർട്ടി സംഘടിപ്പിച്ച ആദ്യ യോഗമാണിത്.“ ഭാരതീയ ജനതാ പാർട്ടിയുടെ കടുത്ത വിമർശകനായിരുന്നു വൈഎസ്ആർ. നിർഭാഗ്യവശാൽ, വൈഎസ്ആറിൻ്റെ പാരമ്പര്യം വഹിക്കുന്നുവെന്ന് ഇപ്പോൾ അവകാശപ്പെടുന്ന വ്യക്തി കഴിഞ്ഞ അഞ്ച് വർഷമായി ബി.ജെ.പിയെ പിന്തുണച്ചു''. സഹോദരനും വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രസിഡന്‍റും ആന്ധ്രാ മുന്‍മുഖ്യമന്ത്രിയുമായ വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിയെ പരോക്ഷമായി പരാമര്‍ശിച്ചു. പിതാവിന്‍റെ ജന്‍മവാര്‍ഷികത്തിന് ശര്‍മിള സഹോദരനെ ക്ഷണിച്ചിരുന്നില്ല. തിങ്കളാഴ്ച രാവിലെ കടപ്പ ജില്ലയിലെ ഇടുപ്പുലപായയിൽ പിതാവിൻ്റെ സമാധിയിൽ ആദരാഞ്ജലികൾ അർപ്പിക്കുമ്പോൾ പോലും ഇരുവരും മുഖത്തുപോലും നോക്കിയില്ല.
വൈഎസ്ആറിൻ്റെ യഥാർത്ഥ രാഷ്ട്രീയ അവകാശി ആയതിനാൽ അടുത്ത തെരഞ്ഞെടുപ്പിൽ ശർമിള ആന്ധ്രാപ്രദേശിൻ്റെ മുഖ്യമന്ത്രിയാകുമെന്ന് ചടങ്ങിൽ പങ്കെടുത്ത തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി ആത്മവിശ്വാസം പ്രകടിപ്പിച്ചു.തങ്ങളുടെ സ്വാർത്ഥ രാഷ്ട്രീയ നേട്ടങ്ങൾക്കായി വൈഎസ്ആറിൻ്റെ നാമം ജപിക്കുന്ന നേതാക്കളെ തിരസ്‌കരിക്കാൻ ആന്ധ്രയിലെ ജനങ്ങളോട് ആഹ്വാനം ചെയ്ത റെഡ്ഡി, വൈഎസ്ആറിൻ്റെ പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകാൻ കഴിവുള്ള ശർമിളയെ അനുഗ്രഹിക്കണമെന്ന് അഭ്യർത്ഥിച്ചു.തെലങ്കാന കോണ്‍ഗ്രസും ശര്‍മിളക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Adjust Story Font
16