രാഹുല്‍ ഗാന്ധി അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കും; എം.പി സ്ഥാനം തിരികെ ലഭിച്ചതിനു ശേഷമുള്ള ആദ്യ പ്രസംഗം നാളെ
നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് അവിശ്വാസ പ്രമേയ ചർച്ചയിൽ രാഹുൽ ഗാന്ധി സംസാരിക്കുക
ഡല്‍ഹി: കേന്ദ്രസർക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കോൺഗ്രസിന് വേണ്ടി രാഹുൽ ഗാന്ധി സംസാരിക്കും. എംപി സ്ഥാനം തിരികെ ലഭിച്ചതിനു ശേഷമുള്ള രാഹുലിന്റെ ആദ്യ പ്രസംഗം കൂടിയാണ് നാളെ.
നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് അവിശ്വാസ പ്രമേയ ചർച്ചയിൽ രാഹുൽ ഗാന്ധി സംസാരിക്കുക. മണിപ്പൂരിലെ സംഘർഷ ഭൂമി സന്ദർശിച്ചപ്പോൾ ഹൃദയത്തിൽ തൊട്ട കാര്യങ്ങളും ഭാരത് ജോഡോ യാത്രക്കിടയിൽ ജനങ്ങൾ പങ്കുവെച്ച ബുദ്ധിമുട്ടുകളും ലോക്സഭയിൽ രാഹുൽ നാളെ പങ്കുവെയ്ക്കും.
കോൺഗ്രസിന്റെ ലോക്സഭാ കക്ഷി ഉപനേതാവായ ഗൗരവ് ഗോഗോയ് ആണ് അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് നൽകിയത്. അംഗബലം അനുസരിച്ചാണ് അംഗങ്ങളുടെ പ്രസംഗിക്കാനുള്ള സമയം നിജപ്പെടുത്തുക. രാഹുല്‍ ഗാന്ധിക്ക് കൂടുതൽ സമയം പ്രസംഗിക്കാൻ ലഭിക്കുന്നതിനായി കോൺഗ്രസിലെ അംഗങ്ങൾ പ്രസംഗം ഒഴിവാക്കിയിട്ടുണ്ട്. അവിശ്വാസ പ്രമേയത്തില്‍ 12 മണിക്കൂറാണ് ചര്‍ച്ച നടക്കുക.
135 ദിവസത്തിനു ശേഷം രാഹുല്‍ ലോക്സഭയില്‍
135 ദിവസത്തിന് ശേഷം രാഹുൽ ഗാന്ധി വീണ്ടും ലോക്സഭാംഗമായി. സൂറത്ത് കോടതി വിധി സുപ്രിംകോടതി തടഞ്ഞതോടെയാണ് തിരിച്ചുവരവിന് വഴിയൊരുങ്ങിയത്. സോണിയാ ഗാന്ധി അടക്കമുള്ള നേതാക്കൾ പാർലമെന്റ് കവാടത്തിൽ രാഹുലിനെ സ്വീകരിച്ചു. എ.ഐ.സി.സി ആസ്ഥാനത്തും ജൻപഥ് പത്തിന് മുന്നിലും ആഹ്ളാദം അണപൊട്ടി.
മാർച്ച് 23നു സൂറത്ത് കോടതി ശിക്ഷിച്ചപ്പോൾ വിധിപ്പകർപ്പ് ലഭിക്കുന്നതിന് മുൻപേ അതിവേഗത്തിൽ രാഹുൽ ഗാന്ധിയെ ലോക്സഭാ സെക്രട്ടറിയേറ്റ് പുറത്താക്കുകയായിരുന്നു. സുപ്രിംകോടതി വിധി സ്റ്റേ ചെയ്തപ്പോൾ ഉടനടി തിരിച്ചെടുക്കണമെന്നായിരുന്നു ആവശ്യം. അനുകൂല കോടതി വിധി ഉണ്ടായിട്ട് പോലും ലക്ഷദ്വീപ് എംപിയുടെ കാര്യത്തിൽ 63 ദിവസം തിരിച്ചെടുക്കാൻ വൈകിപ്പിച്ചതിനാൽ, മുൻകരുതൽ എന്ന രീതിയിൽ സുപ്രിംകോടതിയിൽ സമർപ്പിക്കാൻ ഹരജിയും തയ്യാറാക്കി. വൈകിട്ട് അഞ്ചു മണിക്ക് മുൻപായി രാഹുലിനെ തിരികെ എടുത്തില്ലെങ്കിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ചു യോഗം നടക്കുന്നതിനിടെയാണ് ഉത്തരവ് വന്നത്. അതിനിടെ തുഗ്ലക് ലൈനിലെ 12ആം നമ്പർ വസതി രാഹുൽ ഗാന്ധിക്ക് തിരികെ ലഭിക്കാന്‍ പാർലമെന്ററി സമിതി ചെയര്‍മാന് കോണ്‍ഗ്രസ് കത്ത് നൽകി.
Adjust Story Font
16