Quantcast

'തിരുത്തൽവാദി'കളെ അനുനയിപ്പിക്കാന്‍ രാഹുൽ ഗാന്ധി നേരിട്ട്; ജി-23 നേതാക്കളുമായി ഉടന്‍ കൂടിക്കാഴ്ച

ഗാന്ധി കുടുംബം അടക്കമുള്ള ഉന്നതനേതൃത്വം തങ്ങളുടെ പരാതി സ്വീകരിക്കുന്നില്ല, രാഹുൽ ഗാന്ധി മുതിർന്ന നേതാക്കളുമായി ചർച്ചയ്ക്ക് സന്നദ്ധനാകുന്നില്ല തുടങ്ങിയ വിമർശങ്ങളുമായി ജി-23 നേതാക്കൾ രംഗത്തെത്തിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-04-12 12:26:02.0

Published:

12 April 2022 12:25 PM GMT

തിരുത്തൽവാദികളെ അനുനയിപ്പിക്കാന്‍ രാഹുൽ ഗാന്ധി നേരിട്ട്; ജി-23 നേതാക്കളുമായി ഉടന്‍ കൂടിക്കാഴ്ച
X

ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കനത്ത തോൽവിക്കു പിന്നാലെ ഗാന്ധി കുടുംബത്തിനെതിരെ വിമതനീക്കം ശക്തമാക്കി രംഗത്തെത്തിയ ജി-23 തിരുത്തൽവാദി നേതാക്കളെ അനുനയിപ്പിക്കാൻ നീക്കവുമായി രാഹുൽ ഗാന്ധി. ഗാന്ധി കുടുംബം അടക്കമുള്ള ഉന്നതനേതൃത്വം പരാതി സ്വീകരിക്കുന്നില്ല, രാഹുൽ ഗാന്ധി മുതിർന്ന നേതാക്കളുമായി ചർച്ചയ്ക്ക് സന്നദ്ധനാകുന്നില്ല എന്നു തുടങ്ങിയ നിരന്തര പരാതികൾക്കു പിന്നാലെയാണ് പുതിയ നീക്കവുമായി രാഹുൽ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിനു മുന്നോടിയായാണ് തിരുത്തൽവാദി സംഘത്തെ അനുനയിപ്പിക്കാൻ രാഹുൽ ഗാന്ധിയുടെ ശ്രമം. കോൺഗ്രസിന്റെ സംഘടനാ പുനരുജ്ജീവനം ലക്ഷ്യമാക്കി ഈ മാസം അവസാനത്തിൽ നിശ്ചയിച്ചിരിക്കുന്ന 'ചിന്തൻ ശിബിരം' മുന്നിൽകണ്ടു കൂടിയാകും മുതിർന്ന നേതാക്കളെ രാഹുൽ കാണുന്നത്. ശിബിരത്തിൽ വയ്‌ക്കേണ്ട അജണ്ടകൾ, കൈക്കൊള്ളേണ്ട തീരുമാനങ്ങൾ അടക്കമുള്ള കാര്യങ്ങൾ ഇവരുമായി ചർച്ച ചെയ്‌തേക്കും. ജി-23 നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ ഭാഗമായായിരുന്നു കഴിഞ്ഞ ദിവസം സംഘത്തിൽപെട്ട ദീപേന്ദ്ര ഹൂഡ അടക്കമുള്ള നേതാക്കളെ രാഹുൽ കണ്ടത്. വരുംദിവസങ്ങളിൽ തന്നെ സംഘവുമായുള്ള കൂടിക്കാഴ്ചയുണ്ടാകുമെന്നാണ് അറിയുന്നത്.

'നേതൃത്വം പരാതി കേൾക്കുന്നില്ല'

രാഹുൽ ഗാന്ധിയുമായി മുതിർന്ന നേതാക്കൾ കൂടിക്കാഴ്ച നടത്തിയിട്ട് മൂന്നു വർഷമായെന്ന പരാതിയുമായി സംഘത്തിലെ നേതാക്കൾ രംഗത്തെത്തിയിരുന്നു. രാഹുൽ ചില പ്രത്യേക കേന്ദ്രങ്ങളുടെ കൈയിലാണ്. മറ്റുള്ളവർക്ക് പ്രാപ്യനല്ല. കൂടിക്കാഴ്ചയ്ക്കുള്ള അനുമതി തേടിയിട്ടും അനുകൂല പ്രതികരണമുണ്ടാകുന്നില്ല തുടങ്ങിയ പരാതികളാണ് ജി-23 നേതാക്കൾ ഉന്നയിച്ചിരുന്നത്. ഇക്കാര്യങ്ങൾ 'ദ ഇന്ത്യൻ എക്‌സ്പ്രസ്' ലേഖനത്തിൽ ജി-23 സംഘത്തിലെ പ്രമുഖനായ മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ തുറന്നടിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം കെ.വി തോമസും സമാനമായ കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. 2018നുശേഷം രാഹുൽ ഗാന്ധിയെ കണ്ടിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി ചോദിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി, എന്നാൽ ഇതുവരെ അനുകൂലമായ പ്രതികരണമുണ്ടായിട്ടില്ലെന്ന് പി.ജെ കുര്യനും ആരോപിച്ചിരുന്നു. ഇത്തരത്തിലുള്ള മുഴുവൻ പരാതികൾക്കും പരിഹാരമായാണ് രാഹുൽ തന്നെ നേരിട്ട് നേതാക്കളുമായി സംസാരിക്കാൻ തയാറായതെന്നാണ് അറിയുന്നത്.

അഴിച്ചുപണി ആവശ്യപ്പെട്ട് 'തിരുത്തൽവാദികൾ'

ഉത്തർപ്രദേശ്, പഞ്ചാബ്, മണിപ്പൂർ, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ ദയനീയമായിരുന്നു കോൺഗ്രസിന്റെ പ്രകടനം. പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ ഞെട്ടിപ്പിക്കുന്ന പ്രകടനത്തിൽ കോൺഗ്രസ് നിഷ്പ്രഭമായി. യു.പിയിൽ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന പ്രചാരണമേളങ്ങളെല്ലാം അപ്രസക്തമാക്കി ആകെയുണ്ടായിരന്ന ഏഴ് സീറ്റിൽനിന്ന് രണ്ടായിച്ചുരുങ്ങി. ഗോവയിൽ തിരിച്ചുവരവ് പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി. മണിപ്പൂരിലും ഉത്തരാഖണ്ഡിലും ഒരു തരത്തിലുമുള്ള ഓളമുണ്ടാക്കാനുമായില്ല.

ഇതിനു പിന്നാലെ പാർട്ടിയിൽ അഴിച്ചുപണി ആവശ്യപ്പെട്ട് 'തിരുത്തൽവാദി' നേതാക്കൾ രംഗത്തെത്തിയിരുന്നു. ഗാന്ധി കുടുംബമടക്കം നേതൃത്വത്തിൽനിന്നു മാറിനിൽക്കണമെന്നും എന്നാലേ പാർട്ടിക്ക് തിരിച്ചുവരവിന് സാധ്യതയുള്ളൂവെന്നുമാണ് ഇവരുടെ നിലപാട്. മുതിർന്ന നേതാവ് ഗുലാം നബിയുടെ ഡൽഹിയിലെ വസതിയിൽ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ നേതാക്കൾ നിരന്തരമായി യോഗം ചേർന്നു. കപിൽ സിബൽ, മനീഷ് തിവാരി, ഭൂപീന്ദർ ഹൂഡ, ആനന്ദ് ശർമ, മണിശങ്കർ അയ്യർ, ശശി തരൂർ, ജനാർദൻ ദ്വിവേദി, പി.ജെ കുര്യൻ അടക്കമുള്ള കോൺഗ്രസിലെ പ്രബലർ തന്നെ ഈ യോഗങ്ങളിൽ പങ്കെടുത്തു.

തോൽവിക്കു പിന്നാലെ നടന്ന കോൺഗ്രസ് പ്രവർത്തക സമിതിയിൽ സോണിയ ഗാന്ധിയും മക്കളായ പ്രിയങ്കയും രാഹുലുമെല്ലാം എല്ലാ സ്ഥാനവും ഉപേക്ഷിച്ച് മാറിനിൽക്കാൻ യോഗത്തിൽ സന്നദ്ധത അറിയിച്ചെങ്കിലും ഗാന്ധി കുടുംബത്തോട് കൂറുപുലർത്തുന്ന സമിതിയിലെ ഭൂരിപക്ഷം നേതാക്കളും ഇത് തടയുകയായിരുന്നു. ഇതോടെ നേതൃമാറ്റത്തിനുള്ള സാധ്യത വീണ്ടും അടഞ്ഞതോടെ ജി-23 നേതാക്കളും കടുത്ത നിലപാട് തുടരുകയാണ്.

വിയോജിപ്പും വിമർശനവുമായി വിമതബ്ലോക്ക്

കഴിഞ്ഞ വർഷമാണ് കോൺഗ്രസിൽ അഴിച്ചുപണി ആവശ്യപ്പെട്ട് മുതിർന്ന 23 നേതാക്കൾ ചേർന്ന് സോണിയ ഗാന്ധിക്ക് കത്തെഴുതിയത്. പാർട്ടിയിൽ അടിമുടി നേതൃമാറ്റം ആവശ്യപ്പെട്ടായിരുന്നു പാർട്ടി അധ്യക്ഷയ്ക്ക് നേതാക്കളുടെ കത്ത്.

കോൺഗ്രസിന് സജീവമായി പ്രവർത്തിക്കുന്ന മുഴുസമയ അധ്യക്ഷനെ വേണമെന്ന ആവശ്യമാണ് കത്തിൽ നേതാക്കൾ പ്രധാനമായി ഉന്നയിച്ചത്. ബി.ജെ.പിയെ ചെറുക്കുന്ന കാര്യത്തിൽ രാഹുൽ ഗാന്ധി പരാജയമാണെന്ന വിമർശനവുമുണ്ടായി. എ.കെ ആന്റണി, കെ.സി വേണുഗോപാൽ പോലെയുള്ള ദേശീയരാഷ്ട്രീയത്തിൽ ഒരു സ്വാധീനവുമില്ലാത്ത നേതാക്കൾ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരിൽ അമിതമായ സ്വാധീനം ചെലുത്തുകയും അനാവശ്യമായി ഇവരുടെ തീരുമാനങ്ങളിൽ ഇടപെടുകയും ചെയ്യുന്ന കാര്യവും കത്തിൽ ഉന്നയിച്ചിരുന്നു.

അതേസമയം, പാർട്ടിക്കുള്ളിൽ വലിയ വിവാദങ്ങൾക്കാണ് കത്ത് തിരികൊളുത്തിയത്. കത്തിനെതിരെ എ.കെ ആന്റണി അടക്കമുള്ള നേതാക്കൾ പ്രവർത്തകസമിതിയിൽ കടുത്ത വിമർശനമുന്നയിച്ചു. പാർട്ടി ഗുരുതരമായ പ്രതിസന്ധി അനുഭവിക്കുന്ന ഘട്ടത്തിലെഴുതിയ കത്ത് അസമയത്തുള്ളതാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. നേതാക്കളുടെ പ്രവർത്തനം ബി.ജെ.പിക്കാണ് ഗുണംചെയ്യുകയെന്ന് അദ്ദേഹം പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തു. പാർട്ടിയധ്യക്ഷ ആശുപത്രിയിലായിരുന്നപ്പോൾ എഴുതിയ കത്ത് ശരിയായില്ല. പാർട്ടിക്കുള്ളിലെ കാര്യങ്ങൾ മാധ്യമങ്ങളിലല്ല, പ്രവർത്തകസമിതിയിലും പാർട്ടിയിലുമാണ് ചർച്ചചെയ്യേണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കത്തെഴുതിയ സംഘത്തിലെ പ്രധാനികളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ എന്നിവരെ പ്രധാന സ്ഥാനങ്ങളിൽനിന്ന് നീക്കിയും 'അച്ചടക്കനടപടി'യും നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായി.

ഗുലാം നബി ആസാദ്, കപിൽ സിബൽ, ശശി തരൂർ, മനീഷ് തിവാരി, ആനന്ദ് ശർമ അടക്കമുള്ള നേതാക്കളാണ് സംഘത്തിലുണ്ടായിരുന്നത്. ഇതോടെ ജി-23 എന്ന പേരിൽ പൊതുശ്രദ്ധ നേടിയ ഈ സംഘം പാർട്ടിയിലെ തിരുത്തൽവാദികളായും അറിയപ്പെട്ടു. തുടർന്നും പലഘട്ടങ്ങളിൽ കോൺഗ്രസിന്റെ നിഷ്‌ക്രിയത്വത്തിനും നിലപാടില്ലായ്മയ്ക്കുമെല്ലാം എതിരെ ഈ സംഘത്തിൽ പലരും രംഗത്തെത്തി. ഏറ്റവുമൊടുവിൽ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തിലും ജി-23 സംഘം യുദ്ധപ്രഖ്യാപനവുമായി പാർട്ടിക്ക് തലവേദന സൃഷ്ടിച്ചു.

ശാന്തി സമ്മേളൻ എന്ന പേരിൽ ജമ്മുവിൽ പ്രത്യേകം യോഗം വിളിച്ചുചേർത്തായിരുന്നു സംഘത്തിന്റെ വിമതനീക്കം. രാജ്യസഭാ ഉപനേതാവ് ആനന്ദ് ശർമ, മുതിർന്ന നേതാക്കളായ ഗുലാംനബി ആസാദ്, കപിൽ സിബൽ, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ, യു.പി പി.സി.സി മുൻ അധ്യക്ഷനാൻ രാജ് ബബ്ബർ അടക്കമുള്ള പ്രമുഖരാണ് യോഗത്തിൽ പങ്കെടുത്തതെന്നതാണ് ശ്രദ്ധേയം. കോൺഗ്രസിലെ കുടുംബാധിപത്യത്തെ നേതാക്കൾ പരസ്യമായി ചോദ്യംചെയ്തു. ഗുലാംനബി അടക്കമുള്ള പരിചയസമ്പത്തുള്ള നേതാക്കളുടെ സേവനം തെരഞ്ഞെടുപ്പിലടക്കം ഉപയോഗപ്പെടുത്താതെ ദേശീയരാഷ്ട്രീയത്തിൽ ഒരു സ്വാധീനവുമില്ലാത്ത നേതാക്കളെ നിരന്തരം മുന്നിൽനിർത്തുന്നതിൽ കടുത്ത വിമർശനവും ഉയർന്നിരുന്നു യോഗത്തിൽ.

എന്നാൽ, ഇവർ ഉന്നയിച്ച വിമർശനങ്ങളൊന്നും മുഖവിലയ്‌ക്കെടുക്കാതെയായിരുന്നു അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ പ്രചാരണതന്ത്രങ്ങൾ. ഒടുവിൽ, അഞ്ചിടത്തും അമ്പേ പരാജയപ്പെട്ടതോടെ ജി-23 ഒരിക്കൽകൂടി യുദ്ധപ്രഖ്യാപനവുമായി ഉടൻതന്നെ രംഗത്തെത്താനുള്ള എല്ലാ സാധ്യതയുമുണ്ട്.

Summary: Congress leader Rahul Gandhi to meet G-23 leaders soon

TAGS :

Next Story