ഗുജറാത്തിലെ കോൺഗ്രസ് സ്ഥാനാർഥിയെ കാണാനില്ലെന്ന് രാഹുൽഗാന്ധി
ദണ്ഡ മണ്ഡലത്തിലെ ആദിവാസി വിഭാഗം സ്ഥാനാർഥി കാന്തിഭായി ഖരാഡിയെയാണ് കാണാതായത്
ന്യൂഡല്‍ഹി: ഗുജറാത്തിലെ കോൺഗ്രസ് സ്ഥാനാർഥിയെ കാണാനില്ലെന്ന പരാതിയുമായി രാഹുൽഗാന്ധി എംപി. ദണ്ഡ മണ്ഡലത്തിലെ ആദിവാസി വിഭാഗം സ്ഥാനാർഥി കാന്തിഭായി ഖരാഡിയെയാണ് കാണാതായത്. ബിജെപി ഗുണ്ടകൾ കാന്തിഭായിയെ ക്രൂരമായി മർദിച്ചിരുന്നു എന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. ഗുജറാത്തിൽ ഇന്ന് അവസാന ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്നതിനിടെയാണ് സ്ഥാനാർഥിയെ കാണാതായത്.
ആഴ്ചകൾ നീണ്ട ശക്തമായ പ്രചാരണത്തിന് ഒടുവിലാണ് ഗുജറാത്തിൽ ഇന്ന് അവസാന ഘട്ട വേട്ടെടുപ്പ് നടക്കുന്നത്. കോൺഗ്രസ് ബിജെപി പാർട്ടികൾക്ക് പുറമെ ആം ആദ്മിയും ശക്തമായി മത്സര രംഗത്തുണ്ട് എന്നാണ് ഈ തെരഞ്ഞെടുപ്പിൻറെ പ്രത്യേകത. ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസിനായി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രചാരത്തിന് ചുക്കാൻ പിടിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളായിരുന്നു എഎപിയുടെ താര പ്രചാരകൻ.
മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഉൾപ്പടെ 833 സ്ഥാനാർത്ഥികളാണ് അവസാന ഘട്ടത്തിൽ ജനവിധി തേടുന്നത്. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ഹാർദിക് പട്ടേൽ വിരാംഗം മണ്ഡലത്തിൽ നിന്നും കോൺഗ്രസ് നേതാവ് ജിഗ്‌നേഷ് മേവാനി വഡ്ഗാമിൽ നിന്നും മത്സരിക്കും. 2.51 കോടി വോട്ടർമാർ അവസാന ഘട്ടത്തിൽ ജനവിധി നിർണയിക്കും. 26409 പോളിങ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിട്ടുള്ളത്. സുരക്ഷയ്ക്കായി 10000 പൊലീസുകാരെയും 6000 ഹോം ഗാർഡുകളെയും 112 കമ്പനി കേന്ദ്ര സേനയേയും ഒരുക്കി. ഈ മാസം 8 നാണ് സംസ്ഥാനത്ത് വോട്ടെണ്ണൽ.
Adjust Story Font
16