അപകീർത്തി കേസ്: സൂറത്ത് കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി ഹൈക്കോടതിയിൽ
മോദി സമുദായത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് സമർപ്പിക്കപ്പെട്ട ഹരജിയിൽ സൂറത്ത് കോടതി മാർച്ച് 23-ന് രാഹുലിനെ രണ്ട് വർഷം തടവിന് ശിക്ഷിച്ചിരുന്നു.
ഗാന്ധിനഗർ: അപകീർത്തി കേസിൽ സൂറത്ത് കോടതിയുടെ വിധിക്കെതിരെ രാഹുൽ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയിൽ അപ്പീൽ നൽകി. കേസിൽ കുറ്റക്കാരനാണെന്ന വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ഹരജിയിലെ ആവശ്യം.
മോദി സമുദായത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് സമർപ്പിക്കപ്പെട്ട ഹരജിയിൽ സൂറത്ത് കോടതി മാർച്ച് 23-ന് രാഹുലിനെ രണ്ട് വർഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതിനെതിരെ സമർപ്പിച്ച അപ്പീൽ സെഷൻസ് കോടതി തള്ളിയിരുന്നു. രണ്ട് വർഷം ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് രാഹുലിന്റെ എം.പി സ്ഥാനം റദ്ദാക്കിയിരുന്നു.
ലോക്‌സഭാ അംഗത്വം നഷ്ടമായതിനെ തുടർന്ന് കേന്ദ്രസർക്കാർ നിർദേശപ്രകാരം രാഹുൽ കഴിഞ്ഞ ദിവസം ഔദ്യോഗിക വസതി ഒഴിഞ്ഞു. 'മോഷ്ടാക്കൾക്കെല്ലാം എന്തുകൊണ്ടാണ് മോദിയെന്ന് പേരു വരുന്നത്' എന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ബി.ജെ.പി നേതാവായ പൂർണേശ് മോദിയാണ് കോടതിയെ സമീപിച്ചത്. 2019 ഏപ്രിലിൽ കർണാടകയിലെ കോലാറിലായിരുന്നു പരാമർശം.
Adjust Story Font
16