സവർക്കറെ അപകീർത്തിപ്പെടുത്തിയെന്ന കേസ്; രാഹുൽ ഗാന്ധിക്ക് ജാമ്യം
സവർക്കറിന്റെ ചെറുമകൻ സത്യകി സവർക്കർ ആണ് രാഹുൽ ഗാന്ധിക്കെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്
പൂനെ: സംഘ്പരിവാർ ആചാര്യൻ വി.ഡി സവർക്കറെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്ക് ജാമ്യം. പൂനെയിലെ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. വീഡിയോ കോൺഫറൻസ് വഴിയാണ് രാഹുൽ കോടതിയിൽ ഹാജരായത്.
അഭിഭാഷകനായ മിലിന്ദ് പവാറാണ് രാഹുലിന് വേണ്ടി കോടതിയിൽ ഹാജരായത്. കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് രാഹുലിന് പൂർണമായ ഇളവും കോടതി അനുവദിച്ചു. ഫെബ്രുവരി 18നാണ് കേസിൽ അടുത്ത വാദം.
സവർക്കറിന്റെ ചെറുമകൻ സത്യകി സവർക്കർ ആണ് രാഹുൽ ഗാന്ധിക്കെതിരെ പരാതിയുമായി പൂനെ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. 2023 മാർച്ച് അഞ്ചിന് ലണ്ടനിൽ രാഹുൽ നടത്തിയ പരാമർശമായിരുന്നു പരാതിക്കു കാരണം. താനും അഞ്ചോ ആറോ സുഹൃത്തുക്കളും ചേർന്ന് ഒരു മുസ്‌ലിം സമുദായക്കാരനെ മർദിച്ചെന്നും അതിൽ സന്തോഷമുണ്ടെന്നും സവർക്കർ ഒരു പുസ്തകത്തിൽ എഴുതിയിട്ടുണ്ടെന്നായിരുന്നു കോൺഗ്രസ് നേതാവിന്റെ വിമർശനം. സവർക്കറിൻറെ ഭീരുത്വത്തിൻറെ തെളിവായായിരുന്നു രാഹുൽ പ്രസംഗത്തിൽ സംഭവം ഉദ്ധരിച്ചത്.
എന്നാൽ, ഒരു പുസ്തകത്തിലും അദ്ദേഹം ഇത്തരമൊരു പരാമർശം നടത്തിയിട്ടില്ലെന്നാണ് പരാതിയിലെ വാദം. കള്ളമാണെന്ന ബോധ്യത്തോടെയാണ് രാഹുൽ ഗാന്ധി ഇത്തരമൊരു വ്യാജവും ദുരുദ്ദേശ്യപരവുമായ പരാമർശം നടത്തിയതെന്നും സത്യകി ആരോപിച്ചു. സവർക്കറിൻറെ സൽപ്പേര് കളങ്കപ്പെടുത്തുകയും അദ്ദേഹത്തെ അപകീർത്തിപ്പെടുത്തുകയുമാണ് ഇതുവഴി ലക്ഷ്യമിട്ടതെന്നും പരാതിയിൽ പറയുന്നു.
Adjust Story Font
16