'രാഹുല്‍ പറഞ്ഞത് ശരിയാണ്, അദാനിയെ അറസ്റ്റ് ചെയ്യണം'; ലാലുപ്രസാദ് യാദവ്
അദാനി ഗ്രൂപ്പ് അമേരിക്കൻ, ഇന്ത്യൻ നിയമങ്ങൾ ലംഘിച്ചുവെന്ന് ലാലു ചൂണ്ടിക്കാട്ടി
പറ്റ്ന: ഗൗതം അദാനിയെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞത് ശരിയായ കാര്യമാണെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ആര്‍ജെഡി തലവന്‍ ലാലുപ്രസാദ് യാദവ്. അദാനി ഗ്രൂപ്പ് അമേരിക്കൻ, ഇന്ത്യൻ നിയമങ്ങൾ ലംഘിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം പ്രതിപക്ഷ പാർട്ടികൾ അദാനി ഗ്രൂപ്പ് കമ്പനിക്കെതിരായ കൈക്കൂലി ആരോപണങ്ങളിൽ ജെപിസി അന്വേഷണത്തിന് സമ്മർദ്ദം ചെലുത്തുകയും മോദി സർക്കാരിനെ കന്നാക്രമിക്കുകയും ചെയ്തിരുന്നു. നിയമം അതിൻ്റെ വഴിക്ക് പോകുമെന്ന് പറഞ്ഞ ബിജെപി, ബിജെപി നേതൃത്വത്തിലുള്ള സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ നടത്തിയ ആക്രമണത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ചു.
അദാനിയെ പ്രധാനമന്ത്രി സംരക്ഷിക്കുകയാണെന്നായിരുന്നു രാഹുലിന്‍റെ ആരോപണം. എന്തുകൊണ്ടാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാത്തതെന്ന് ചോദിച്ച രാഹുല്‍ ഇന്ത്യയില്‍ അദാനിയെ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി. ''അദാനിയെ അറസ്റ്റ് ചെയ്യുക, ചോദ്യം ചെയ്യുക. അവസാനം നരേന്ദ്ര മോദിയുടെ പേര് പുറത്തുവരും. കാരണം ബിജെപിയുടെ മുഴുവൻ ഫണ്ടിങ്ങും അദാനിയുടെ കൈകളിലാണ്. അതുകൊണ്ട് പ്രധാനമന്ത്രി ആഗ്രഹിച്ചാലും ഒന്നും ചെയ്യാൻ കഴിയില്ല. ഒരു തരത്തിൽ പറഞ്ഞാൽ അദാനി രാജ്യത്തെ ഹൈജാക്ക് ചെയ്തു. ഇന്ത്യ അദാനിയുടെ പിടിയിലാണ്'' എന്നാണ് രാഹുൽ പറഞ്ഞത്.
അദാനി രാജ്യത്തെ കൊള്ളയടിക്കുകയാണ്. അഴിമതി നടത്തിയിട്ടും സ്വതന്ത്രനായി നടക്കുന്നതിൽ തനിക്ക് അത്ഭുതം തോന്നുന്നു. അയാൾക്ക് പിന്നിൽ വലിയ കണ്ണികളാണുള്ളത്. സെബി മേധാവിയും പ്രധാനമന്ത്രിയും അദാനിയെ സംരക്ഷിക്കുകയാണ്. അദാനി ഉൾപ്പെട്ട അഴിമതി കേസിൽ പ്രധാനമന്ത്രിക്കും പങ്കുണ്ടെന്നും രാഹുല്‍ ആരോപിച്ചിരുന്നു. "ഒരു ഇന്ത്യൻ വ്യവസായിക്കെതിരെ ഒരു വിദേശ രാജ്യം കുറ്റം ചുമത്തുമ്പോൾ, അത് ആഗോള തലത്തിൽ നമ്മുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നു. സുപ്രധാന മേഖലകളിൽ കുത്തകകൾ സൃഷ്ടിച്ച് അനാവശ്യ ആനുകൂല്യങ്ങൾ നൽകി കുറച്ചുപേരുടെ കൈകളിൽ സമ്പത്ത് കേന്ദ്രീകരിക്കുക എന്ന മോദി സർക്കാരിൻ്റെ നയം നടപ്പാക്കി ചില വ്യക്തികളെ കൊള്ളലാഭം നേടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അനാശാസ്യമായ ബിസിനസ് നടപടികളെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തുടർച്ചയായി എതിർക്കുന്നു'' കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എക്സില്‍ കുറിച്ചു.
അതിനിടെ, അദാനി ഗ്രീനിൻ്റെ ഡയറക്ടർമാർക്കെതിരെ യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ജസ്റ്റിസ്, യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ ഉന്നയിച്ച ആരോപണങ്ങൾ അദാനി ഗ്രൂപ്പ് നിഷേധിച്ചു.
Adjust Story Font
16