Quantcast

പ്രതിപക്ഷ ഐക്യ നീക്കം തുടരുന്നു; രാഹുൽ​ ​ഗാന്ധിയും ഖാർ​ഗെയുമായി കൂടിക്കാഴ്ച നടത്തി നിതീഷ് കുമാറും തേജസ്വി യാദവും

'ചരിത്രപരമായ കൂടിക്കാഴ്ച' എന്നാണ് ചർച്ചയ്ക്കു ശേഷം മാധ്യമങ്ങളെ കണ്ട മല്ലികാർജുൻ ഖാർ​ഗെ പ്രതികരിച്ചത്.

MediaOne Logo

Web Desk

  • Published:

    12 April 2023 12:20 PM GMT

Rahul Gandhi, Kharge, Nitish Kumar, Tejaswi Yadav Met in Delhi As a Step To Unite Opposition
X

ന്യൂഡൽഹി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രതിപക്ഷ പാർട്ടികളുടെ ഐക്യ നീക്കവുമായി വീണ്ടും പ്രധാന നേതാക്കളുടെ നിർണായക കൂടിക്കാഴ്ച. കോൺ‍​ഗ്രസ്, ജനതാദൾ (യുണൈറ്റഡ്), രാഷ്ട്രീയ ജനതാദൾ (ആർ‍ജെഡി) എന്നീ പാർട്ടി നേതാക്കളാണ് ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയത്.

ഭരണകക്ഷിയായ ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോരാടാനുള്ള സാധ്യതകൾ ചർച്ച ചെയ്യാനായിരുന്നു യോ​ഗം. കോൺ‍​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ‍​ഗെ, കോൺ​ഗ്രസ് നേതാവ് രാഹുൽ‍ ​ഗാന്ധി, ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ (യു) നേതാവുമായ നിതീഷ് കുമാർ‍, രാഷ്ട്രീയ ജനതാദൾ നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമാ തേജസ്വി യാദവ് തുടങ്ങിയവരാണ് ചർച്ച നടത്തിയത്.

ജെഡിയു അധ്യക്ഷൻ രാജീവ് രഞ്ജൻ സിങ്, ആർജെഡി രാജ്യസഭാ എംപി മനോജ് കുമാർ ഝാ, കോൺ​ഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ചരിത്രപരമായ കൂടിക്കാഴ്ച എന്നാണ് ചർച്ചയ്ക്കു ശേഷം മാധ്യമങ്ങളെ കണ്ട മല്ലികാർജുൻ ഖാർ​ഗെ പ്രതികരിച്ചത്.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാൻ ചരിത്രപരമായ ഒരു ചുവടുവെപ്പാണ് കൈക്കൊണ്ടിരിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇത് രാജ്യത്തിനായുള്ള പ്രതിപക്ഷത്തിന്റെ കാഴ്ചപ്പാട് വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിയുന്നത്ര പാർട്ടികളെ യോജിപ്പിച്ച് ഒരുമിച്ച് പ്രവർത്തിക്കാനാണ് ശ്രമമെന്ന് ബിഹാർ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. യോഗത്തിന് മുന്നോടിയായി മകൾ മിസ ഭാരതിയുടെ വസതിയിൽ വിശ്രമത്തിൽ കഴിയുന്ന ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ നിതീഷ് കുമാർ സന്ദർശിച്ചു.

ജനങ്ങളുടെ ശബ്ദം ഉയർത്താനും രാജ്യത്തിന് പുതിയ ദിശാബോധം നൽകാനും പ്രതിപക്ഷ നേതാക്കൾ പ്രതിജ്ഞയെടുത്തുവെന്ന് കോൺഗ്രസ് അധ്യക്ഷൻ ട്വീറ്റ് ചെയ്തു. "ഞങ്ങൾ ഭരണഘടന സംരക്ഷിക്കുകയും രാജ്യത്തെ രക്ഷിക്കുകയും ചെയ്യും"- അദ്ദേഹം കുറിച്ചു. ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവരുമായും ഖാർഗെ നേരത്തെ സംസാരിച്ചിരുന്നു.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ, ബിജെപിയെ നേരിടാൻ പുതിയ സമവാക്യങ്ങൾ ആരായുകയാണ് പ്രതിപക്ഷ പാർട്ടികൾ. എന്നാൽ, മുന്നണിയിൽ ചേരുന്ന കാര്യത്തിൽ ചില പാർട്ടികൾ നിലപാട് വ്യക്തമാക്കിയപ്പോൾ മറ്റു ചിലർ സമ്മിശ്ര സൂചനകളാണ് നൽ‍കിയത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും എന്നായിരുന്നു തൃണമൂൽ കോൺ​ഗ്രസ് അധ്യക്ഷയും പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി പറഞ്ഞത്.

ബം​ഗാളിൽ ഉപതെരഞ്ഞെടുപ്പിലേറ്റ പരാജയത്തിനു പിന്നാലെയായിരുന്നു മമത നിലപാട് വ്യക്തമാക്കിയത്. കോൺ​ഗ്രസ്, ബിജെപി, സിപിഎം പാർട്ടികൾ തമ്മിലുള്ള ധാരണയുടെ ഫലമായാണ് തൃണമൂൽ സ്ഥാനാർഥികൾ പരാജയപ്പെട്ടത് എന്നായിരുന്നു മമതയുടെ ആരോപണം.

എന്നാൽ മോദി പരാമർശത്തിന്റെ പേരിൽ മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ അദ്ദേഹത്തിനു പിന്തുണയുമായി മമത രം​ഗത്തെത്തിയിരുന്നു. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ പ്രതിപക്ഷ പാർട്ടികളോട് മമത ആഹ്വാനം ചെയ്യുകയും ചെയ്തു.

പ്രധാനമന്ത്രി മോദിയുടെ പുതിയ ഇന്ത്യയിൽ പ്രതിപക്ഷ നേതാക്കൾ ബിജെപിയുടെ പ്രധാന ലക്ഷ്യമായി മാറിയിരിക്കുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള ബിജെപി നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമ്പോൾ പ്രതിപക്ഷ നേതാക്കൾ അവരുടെ പ്രസംഗത്തിന്റെ പേരിൽ അയോഗ്യരാക്കപ്പെടുന്നു- എന്ന് മമത ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഏതെങ്കിലും മുന്നണിയിൽ ചേരുന്നതിനെ കുറിച്ച് ഇതുവരെ നിലപാട് വ്യക്തമാക്കാത്ത മറ്റൊരു പ്രധാന പ്രതിപക്ഷ ശക്തിയാണ് അടുത്തിടെ ദേശീയ പദവി ലഭിച്ച പാർട്ടി ആം ആദ്മി പാർട്ടി. പ്രതിപക്ഷ ഐക്യമല്ല, ജനങ്ങളുടെ ഐക്യമാണ് പ്രധാനമെന്ന് പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ഈ മാസം ആദ്യം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആരെയെങ്കിലും തോൽപ്പിക്കാൻ ഒന്നിച്ചെന്ന് പാർട്ടികൾ പറഞ്ഞാൽ അത് ജനങ്ങൾക്ക് ഇഷ്ടപ്പെടില്ലെന്നും കെജ്രിവാൾ അഭിപ്രായപ്പെട്ടിരുന്നു.

ഇതിനിടെ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി പ്രതിപക്ഷ മുന്നണിക്കായി നീക്കങ്ങൾ നടത്തിയെങ്കിലും കോൺ​ഗ്രസിനെ അതിൽ ഉൾപ്പെടുത്താനുള്ള ആ​​ഗ്രഹം അവർക്കില്ല. അതേസമയം, വരുംദിവസങ്ങളിൽ പ്രതിപക്ഷ ഐക്യ നീക്കങ്ങൾ ശക്തിപ്പെടുമെന്നാണ് വിലയിരുത്തൽ.





TAGS :

Next Story