'സംസാരിക്കാൻ അനുവദിക്കാത്തത് നീതി നിഷേധം': രാഹുൽ ഗാന്ധി ലോക്സഭാ സ്പീക്കർക്ക് കത്തയച്ചു
കേന്ദ്രമന്ത്രിമാർ അടക്കമുള്ള ഭരണകക്ഷി അംഗങ്ങൾ തനിക്കെതിരെ സഭയ്ക്ക് അകത്തും പുറത്തും അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നുവെന്ന് രാഹുൽ ഗാന്ധി
ഡല്‍ഹി: ലോക്സഭയിൽ സംസാരിക്കാൻ അനുമതി തേടി രാഹുൽ ഗാന്ധി എം.പി വീണ്ടും സ്പീക്കർക്ക് കത്തയച്ചു. ചട്ടം 357 പ്രകാരം അംഗമെന്ന നിലയ്ക്കുള്ള അവകാശം നൽകണമെന്നും സംസാരിക്കാൻ അനുവദിക്കാത്തത് നീതി നിഷേധമാണെന്നും ചൂണ്ടിക്കാട്ടിയാണ് കത്ത്. കേന്ദ്രമന്ത്രിമാർ അടക്കമുള്ള ഭരണകക്ഷി അംഗങ്ങൾ തനിക്കെതിരെ സഭയ്ക്ക് അകത്തും പുറത്തും അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ലണ്ടനില്‍ നടത്തിയ പ്രസംഗത്തിലൂടെ രാഹുല്‍ ഗാന്ധി വിദേശത്ത് രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് ബി.ജെ.പി നേതാക്കളുടെ ആരോപണം. രാഹുല്‍ മാപ്പ് പറയണമെന്നാണ് ആവശ്യം. എന്നാല്‍ രാഹുൽ ഗാന്ധി മാപ്പ് പറയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. അദാനി വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നതെന്നും ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ അദാനി ഓഹരി വിവാദത്തിൽ പാർലമെന്‍റ് ഇന്നും പ്രക്ഷുബ്ധമായി. വിഷയം സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന് 16 പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടപ്പോൾ അദാനിയെ അറസ്റ്റ് ചെയ്യണമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.
തുടർച്ചയായ ഏഴാം ദിവസമാണ് പാർലമെന്‍റ് നടപടികൾ തടസപ്പെട്ടത്. എംപിമാരോട് പ്രതിഷേധം അവസാനിപ്പിക്കാൻ സഭാധ്യക്ഷന്മാർ പല തവണ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. ഇതോടെ ഇരു സഭകളും രണ്ട് മണി വരെ നിർത്തിവെയ്ക്കുകയായിരുന്നു. പാർലമെന്റിന് പുറത്തും പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിച്ചു. കോൺഗ്രസിന്റെ നേതൃത്വത്തിൽ 16 പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിന്റെ ഒന്നാം നിലയിൽ പ്രതിഷേധിച്ചപ്പോൾ ടി.എം.സി വിജയ് ചൗക്കിലേക്ക് മാർച്ച് നടത്തി. അദാനിയും മോദിയും അടുത്ത സുഹൃത്തുക്കളാണെന്ന് തൃണമൂൽ കോൺഗ്രസ് എം.പി ഡെറിക് ഒബ്രിയാന്‍ ആരോപിച്ചു. ഇരു സഭകളിലും സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാൻ ടി.എം.സി ഒഴികെയുള്ള പ്രതിപക്ഷ പാർട്ടി എംപിമാർ ഇന്നും യോഗം ചേർന്നു.
Adjust Story Font
16