Quantcast

'രാഹുൽ ഗാന്ധി വിവാഹം കഴിക്കാത്തത് കുട്ടികളുണ്ടാകാത്തതുകൊണ്ട്'; അധിക്ഷേപവുമായി ബി.ജെ.പി കർണാടക അധ്യക്ഷൻ

ബി.ജെ.പി നേതാവ് നളിൻ കുമാറിന്റെ വിവാദ പരാമർശങ്ങളെ പിന്തുണയ്ക്കുന്നില്ലെന്ന് കർണാടക മന്ത്രി കെ. സുധാകർ പ്രതികരിച്ചു

MediaOne Logo

Web Desk

  • Published:

    6 March 2023 12:49 PM GMT

RahulGandhimarriageremarks, RahulGandhiimpotenceremarks,  NalinKumarKattilcontroversialremarks
X

ബംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വ്യക്തിയധിക്ഷേപവുമായി കർണാടക ബി.ജെ.പി അധ്യക്ഷനും പാര്‍ലമെന്‍റ് അംഗവുമായ നളിൻ കുമാർ കട്ടീൽ. കുട്ടികളുണ്ടാകാത്തതിനാലാണ് രാഹുൽ വിവാഹം കഴിക്കാത്തതെന്നാണ് അധിക്ഷേപം. കോവിഡ് വാക്‌സിനെടുത്താൽ വന്ധ്യത വരുമെന്നാണ് പ്രതിപക്ഷ നേതാക്കൾ വിശ്വസിച്ചിരുന്നതെന്നും അദ്ദേഹം ആക്ഷേപിച്ചു.

രാമനഗരത്തിൽ 'വിജയസങ്കൽപ് യാത്ര'യുടെ ഭാഗമായുള്ള റാലിയിലാണ് ബി.ജെ.പി നേതാവിന്റെ വിവാദ പരാമർശം. മുൻപും പലവതണ വിവാദ പരാമർശങ്ങളുമായി നളിൻ കുമാർ വാർത്തകളിൽ നിറഞ്ഞിരുന്നു. കർണാടക നിയമസഭാ സാമാജികനായ മഞ്ജുനാഥിനെ ഉദ്ധരിച്ചാണ് ഇത്തവണ രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപം. പ്രസംഗത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

'(കോവിഡ്) വാക്‌സിനെടുക്കരുതെന്നാണ് സിദ്ദരാമയ്യയും(കർണാടക മുൻ മുഖ്യമന്ത്രി) രാഹുൽ ഗാന്ധിയും ജനങ്ങളോട് പറഞ്ഞിരുന്നത്. കുട്ടികളുണ്ടാകില്ലെന്നു പറഞ്ഞായിരുന്നു ഇത്. എന്നാൽ, രാത്രി പോയി വാക്‌സിനെടുക്കുകയും ചെയ്തു. കുട്ടികളുണ്ടാകാത്തതിനാലാണ് രാഹുൽ ഗാന്ധി വിവാഹം കഴിക്കാത്തതെന്ന് കഴിഞ്ഞ ദിവസം നമ്മുടെ എം.എൽ.സി മഞ്ജുനാഥ് പറഞ്ഞു.'-നളിൻ കുമാർ പറഞ്ഞു.

ബി.ജെ.പി നേതാവിന്റെ വ്യക്തിയധിക്ഷേപത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. നളിൻ കുമാറിന് ഗുരുതരമായ മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് കോൺഗ്രസ് എം.എൽ.എയും സംസ്ഥാന കമ്മ്യൂണിക്കേഷൻ വിഭാഗം തലവനുമായ പ്രിയങ്ക് ഖാർഗെ ട്വീറ്റ് ചെയ്തു. നളിന്റെ ബുദ്ധിമാന്ദ്യം പാർട്ടിയിൽ ഒന്നാകെ പടരുകയാണ്. ബി.ജെ.പിക്ക് പെട്ടെന്ന് രക്ഷപ്പെടാനാകട്ടെയെന്നും പ്രിയങ്ക് കുറിച്ചു.

ബി.ജെ.പി അധ്യക്ഷന്റെ വിവാദ പ്രസ്താവനയെ പിന്തുണയ്ക്കുന്നില്ലെന്ന് കർണാടക ആരോഗ്യ, കുടുംബക്ഷേമ മന്ത്രി കെ. സുധാകർ പ്രതികരിച്ചു. ഏത് സാഹചര്യത്തിലാണ് പ്രസിഡന്റ് അത്തരമൊരു പരാമർശം നടത്തിയതെന്ന് അറിയില്ല. അതിനാൽ അതേക്കുറിച്ച് പ്രതികരിക്കാൻ താൽപര്യപ്പെടുന്നില്ല. ആ പരാമർശത്തെ പിന്തുണയ്ക്കുന്നില്ലെന്നും സുധാകർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ജനുവരിയിലും വിവാദ പരാമർശങ്ങളുമായി വൻ വിമർശനം വിളിച്ചുവരുത്തിയിരുന്നു നളിൻ കുമാർ. റോഡ്, അഴുക്കുചാൽ പോലുള്ള ചെറിയ വിഷയങ്ങളെക്കുറിച്ച് സംസാരിക്കരുതെന്നും ലൗ ജിഹാദ് ആണ് ചർച്ചയാക്കേണ്ടതുമെന്നായിരുന്നു വിവാദ പ്രസ്താവന. ബി.ജെ.പി പ്രവർത്തകരോട് സംസാരിക്കവെയായിരുന്നു ഇത്.

Summary: ''Rahul Gandhi not marrying as he can't have kids''; Karnataka BJP chief Nalin Kumar Kateel sparks new controversy

TAGS :

Next Story