റെയിൽവേ ലോക്കോ പൈലറ്റുമാരുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി
അവരുടെ ആവശ്യം കേന്ദ്രവുമായി ചർച്ച ചെയ്യുമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകി
ന്യൂഡൽഹി: ജീവനക്കാരുടെ കുറവു മൂലം മതിയായ വിശ്രമം ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ട ഇന്ത്യൻ റെയിൽവേയിലെ ലോക്കോ പൈലറ്റുമാരുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 50 ലോക്കോ പൈലറ്റുമാരെ ഡൽഹി റെയിൽവേ സ്‌റ്റേഷനിൽ വച്ച് രാഹുൽ കണ്ടു. അവർ തങ്ങളുടെ പ്രശ്‌നങ്ങൾ അദ്ദേഹത്തോട് വിശദീകരിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
വീട്ടിൽ നിന്ന് വളരെ ദൂരത്തേക്ക് ട്രെയിനുകൾ ഓടിക്കുന്ന ഇവർക്ക് പലപ്പോഴും മതിയായ ഇടവേളകളില്ലാതെ ഡ്യൂട്ടിയിൽ പ്രവേശിക്കേണ്ടതായുണ്ട്. ഇത് വലിയ സമ്മർദത്തിനും ഏകാഗ്രത കുറയുന്നതിനും കാരണമാകുന്നു. ഇത് ട്രെയിൻ അപകടങ്ങളുടെ പ്രധാന കാരണമാണ്. ലോക്കോ പൈലറ്റുമാർ ആഴ്ചയിൽ 46 മണിക്കൂർ വിശ്രമമാണ് ആവശ്യപ്പെടുന്നത്.
തുടർച്ചയായി രണ്ട് രാത്രി ഡ്യൂട്ടിക്ക് ശേഷം ഒരു രാത്രി വിശ്രമിക്കണമെന്നും ട്രെയിനുകളിൽ ഡ്രൈവർമാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും ലോക്കോ പൈലറ്റുമാർ ആവശ്യപ്പെട്ടതായി പറയുന്നു. പ്രതിപക്ഷനേതാവ് എന്ന നിലയിൽ, അവരുടെ ആവശ്യങ്ങൾ സർക്കാരുമായി ഉന്നയിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു.
Adjust Story Font
16