‘രാഹുൽ ഗാന്ധി ഏറ്റവും അപകടകാരിയായ മനുഷ്യൻ’: ഹിൻഡൻബർഗ് പരാമർശത്തിനെതിരെ കങ്കണ
“രാജ്യത്തെയും അതിൻ്റെ സുരക്ഷയെയും സമ്പദ്‌വ്യവസ്ഥയെയും അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നു”
ഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഹിൻഡൻബർഗ് പരാമർശത്തിനെതിരെ നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത്. രാഹുല്‍ ഏറ്റവും അപകടകാരിയായ മനുഷ്യനാണെന്നാണ് കങ്കണ പറയുന്നത്. അദാനിയുടെ ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന ഹിൻഡൻബെർഗ് റിപ്പോർട്ടിനെ തുടർന്ന് പ്രതിരോധത്തിലായ സെബി മേധാവി മാധബി പുരി ബുച്ച് രാജിവെക്കാത്തത് എന്തുകൊണ്ടാണെന്ന് രാഹുല്‍ ചോദിച്ചിരുന്നു. പ്രധാനമന്ത്രി പാർലമെന്ററി സമിതി അന്വേഷണത്തെ ഭയപ്പെട്ടത് എന്തുകൊണ്ടെന്ന് വ്യക്തമായെന്ന് പരിഹസിച്ച രാഹുൽ നിക്ഷേപകരുടെ സമ്പാദ്യം നഷ്ടമായാൽ ആരാണ് ഉത്തരവാദി? എന്ന ചോദ്യമുയർത്തി സർക്കാറിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു.
“രാജ്യത്തെയും അതിൻ്റെ സുരക്ഷയെയും സമ്പദ്‌വ്യവസ്ഥയെയും അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നു” കങ്കണ എക്സില്‍ കുറിച്ചു. “അദ്ദേഹം (രാഹുൽ ഗാന്ധി) വിഷം നിറഞ്ഞവനും വിനാശകാരിയുമാണ്. അദ്ദേഹത്തിന് പ്രധാനമന്ത്രിയാകാൻ കഴിയുന്നില്ലെങ്കിൽ ഈ രാഷ്ട്രത്തെ നശിപ്പിക്കുമെന്നതാണ് അദ്ദേഹത്തിൻ്റെ അജണ്ട. ഇന്നലെ രാത്രി രാഹുൽ ഗാന്ധി അംഗീകരിച്ച നമ്മുടെ ഓഹരി വിപണിയെ ലക്ഷ്യം വച്ചുള്ള ഹിൻഡൻബർഗ് റിപ്പോർട്ട് നനഞ്ഞ പടക്കമായി മാറിയിരിക്കുന്നു'' ജീവിതകാലം മുഴുവൻ പ്രതിപക്ഷത്തിരിക്കാൻ തയ്യാറായിക്കോളൂ എന്ന കങ്കണ രാഹുലിനോട് പറഞ്ഞു. രാഹുല്‍ ഒരു അപമാനമാണെന്നും ഈ രാജ്യത്തിലെ ജനങ്ങള്‍ ഒരിക്കലും അദ്ദേഹത്തെ നേതാവാക്കില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.
അതേസമയം സെബി ചെയർപേഴ്‌സൺ മാധബി ബുച്ചിനെതിരായ ആരോപണങ്ങൾ കടുപ്പിച്ചും വെല്ലുവിളിച്ചും ഹിൻഡൻബെർഗ് രംഗത്തെത്തി. ഇന്ത്യക്കകത്തും പുറത്തുമുള്ള മാധബി ബുച്ചിന്റെയും ഭർത്താവിന്റെയും നിക്ഷേപവിവരങ്ങൾ പുറത്തുവിടാനാണ് വെല്ലുവിളി.അദാനിയുമായി രഹസ്യ ചങ്ങാത്തമുള്ള കമ്പനികളിൽ മാധവി ബുച്ചിന് ബന്ധമുണ്ടെന്ന മുൻ റിപ്പോർട്ടിൽ ഉറച്ചു നിൽക്കുകയാണ് ഇവർ . ഇന്ത്യയ്ക്ക് ഉള്ളിലും പുറത്തും ഏതൊക്കെ കമ്പനികളിൽ നിക്ഷേപവും ക്ളൈന്റുകളും ഉണ്ടെന്ന വിശദവിവരം പുറത്ത് വിടാൻ ഹിൻഡൻ ബെർഗ്, ബുച്ച് ദമ്പതികളെ വെല്ലുവിളിച്ചു. ഓഹരിവിപണിയിലെ ക്രമക്കേട് അന്വേഷിക്കുന്ന സെബിയുടെ ചെയർപേഴ്‌സണ് അദാനിയുടെ നിഴൽ കമ്പനിയിൽ നിക്ഷേപം ഉണ്ടായിരുന്നു. സെബി അംഗമായതോടെ 2017 ഇൽ കമ്പനിയുടെ ഓഹരി, ഭർത്താവിന് കൈമാറുക മാത്രമാണ് ചെയ്തത്.
സിംഗപ്പൂരിനൊപ്പം ഇന്ത്യയിലും കമ്പനികൾ മാധവി ബുച്ച് റെജിസ്റ്റർ ചെയ്തിരുന്നു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ നിന്നും ലാഭവിഹിതം സെബി അംഗമായിരിക്കെ തന്നെ ഇവർ കൈപറ്റി. 99 ശതമാനം ഓഹരികളും അവരുടെ കൈകളിൽ തന്നെയാണ്. മൗറീഷ്യസിലും ബെർമുഡയിലുമുള്ള രണ്ട് ഫണ്ടുകളിൽ നിക്ഷേപം ഉണ്ടെന്നു മാധവി പരസ്യമായി സ്ഥിരീകരിച്ചു . സെബിയുടെ പൂര്ണസമായ അംഗമായി ഇരിക്കുമ്പോൾ തന്നെ ഭർത്താവിന്റെ ബിസിനസ് ചെയ്യാനായി സ്വകാര്യ ഇ-മെയിൽ ഉപയോഗിച്ചെന്നും ഹിൻഡൻ ബെർഗ് വ്യക്തമാക്കുന്നു.
Adjust Story Font
16