രാഹുൽ ഗാന്ധി ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരാകും; കോണ്‍ഗ്രസ് പ്രതിഷേധത്തിന് അനുമതിയില്ല
നാഷണൽ ഹെറാൾഡ് കേസിൽ ഡൽഹിയിലെ ഇ.ഡി ആസ്ഥാനത്താണ് ചോദ്യംചെയ്യൽ
ഡല്‍ഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധി എംപി ഇന്ന് ഇ.ഡിക്ക് മുന്നിൽ ചോദ്യംചെയ്യലിന് ഹാജരാകും. ഡൽഹിയിലെ ഇ.ഡി ആസ്ഥാനത്താണ് ചോദ്യംചെയ്യൽ. ചോദ്യംചെയ്യൽ രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. എന്നാൽ ഡൽഹിയിലെ ഇ.ഡി ഓഫീസ് മാർച്ചിന് പൊലീസ് അനുമതി നൽകിയിട്ടില്ല .
നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണൽസിനെ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ചേർന്ന് രൂപീകരിച്ച യങ് ഇന്ത്യ കമ്പനി ഏറ്റെടുത്തതിൽ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം. സോണിയയും രാഹുലുമാണ് യങ് ഇന്ത്യ ലിമിറ്റഡിന്‍റെ എംഡിമാർ. നാഷണൽ ഹെറാൾഡിന്‍റെ പേരിലുള്ള സ്വത്ത് കൈക്കലാക്കുന്നതിനായി രൂപീകരിച്ച കമ്പനിയാണ് യങ് ഇന്ത്യയെന്നാണ് പരാതിയിലുള്ളത്. ഈ വിഷയത്തിലാണ് രാഹുലിനെ ഇന്ന് ഇ.ഡി ചോദ്യംചെയ്യുക. എന്നാൽ കേസിലുള്ള ഇ.ഡിയുടെ ഇടപെടൽ രാഷ്ട്രീയപ്രേരിതമാണെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.
ഇന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് ഓഫീസില്‍ നിന്നും ഇ.ഡി ഓഫീസുകളിലേക്ക് പാര്‍ട്ടി എം.പിമാരുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്താനാണ് തീരുമാനം. എന്നാല്‍ എ.ഐ.സി.സി ആസ്ഥാനത്ത് നിന്ന് ഇ.ഡി ഓഫീസിലേക്കുള്ള മാര്‍ച്ചിന് അനുമതി നിഷേധിച്ചു. ക്രമസമാധാനം കണക്കിലെടുത്താണ് നടപടിയെന്ന് പൊലീസ് അറിയിച്ചു.
ഇ.ഡി ഓഫീസിലേക്ക് ചോദ്യംചെയ്യലിനായി പോകുമ്പോൾ ദേശീയ നേതാക്കൾ രാഹുൽ ഗാന്ധിയെ അനുഗമിക്കും. കേസിൽ സോണിയാ ഗാന്ധിക്കും ഇ.ഡി നോട്ടീസ് അയച്ചിട്ടുണ്ട്. ഈ മാസം 23ന് ഹാജരാകാനാണ് നിർദേശം. കഴിഞ്ഞ ആഴ്ച ഹാജരാകാൻ പറഞ്ഞിരുന്നെങ്കിലും കോവിഡ് ബാധിച്ചതിനാൽ സോണിയാ ഗാന്ധി ഹാജരായിരുന്നില്ല.
Adjust Story Font
16